വരുമോ മൂവാറ്റുപുഴ, കോതമംഗലം ബൈപാസുകൾ
text_fieldsമൂവാറ്റുപുഴ: മൂന്ന് പതിറ്റാണ്ടായി കടലാസിൽ ഒതുങ്ങിയ മൂവാറ്റുപുഴ, കോതമംഗലം ബൈപാസുകൾക്ക് ജീവൻ വെക്കുന്നു. കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചതോടെയാണ് എൻ.എച്ച് 85ലെ ബൈപാസുകൾ യാഥാർഥ്യമാകുന്നത്. സ്ഥലം ഏറ്റെടുപ്പിനും നിർമാണത്തിനുമായി 1720 കോടി അനുവദിച്ചു.
കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉന്നതതല യോഗം പദ്ധതിക്ക് അംഗീകാരം നൽകിയതായി ഡീൻ കുര്യാക്കോസ് എം.പി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ദേശീയപാതയിൽ കടാതി മുതൽ കാരക്കുന്നംവരെ ആറ് കി.മീ നീളത്തിൽ നിർമിക്കുന്ന മൂവാറ്റുപുഴ ബൈപാസിന് ഭൂമി ഏറ്റെടുക്കലിന് 543 കോടിയും സിവിൽ ജോലികൾക്കായി 217 കോടിയും ഉൾപ്പെടെ 760 കോടി അനുവദിച്ചു.
മാതിരപ്പിള്ളി മുതൽ കോഴിപ്പിള്ളിവരെ അഞ്ച് കി.മീ നീളത്തിൽ നിർമിക്കുന്ന കോതമംഗലം ബൈപാസിന് സ്ഥലം ഏറ്റെടുക്കലിന് 764 കോടിയും സിവിൽ ജോലികൾക്കായി 196 കോടിയും ഉൾപ്പെടെ 960 കോടിയുടെ പദ്ധതിക്കും അംഗീകാരം നൽകിയിട്ടുണ്ട്. 30 മീറ്റർ വീതിയിൽ രണ്ടു വരി പേവ്ഡ് ഷോൾഡർ രീതിയിൽ ആധുനിക നിലവാരത്തിലാണ് രണ്ട് ബൈപാസും നിർമിക്കുന്നത്.
നേരത്തേ സ്ഥലം ഏറ്റെടുക്കലിന്റെ 50 ശതമാനം ചെലവ് വഹിക്കാൻ ദേശീയപാത അതോറിറ്റി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം ഈ ആവശ്യം നിരസിച്ചതിനെ തുടർന്ന് രണ്ട് ബൈപാസിന്റെയും അനുമതി അനന്തമായി നീളുകയായിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെയും ഉദ്യോഗസ്ഥരെയും നേരിൽക്കണ്ട് നിരവധി തവണ നടത്തിയ പരിശ്രമമാണ് ഫലപ്രാപ്തിയിൽ എത്തിയതെന്നും എം.പി പറഞ്ഞു.
ഹൈവേ എൻജിനീയറിങ് കൺസൾട്ടൻസി രണ്ട് ബൈപാസിന്റെയും വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കി വരുന്നു. ഈ മാസം അവസാനത്തോടെ ഡി.പി.ആർ സമർപ്പിക്കും.
തുടർന്ന് സ്ഥലമേറ്റെടുക്കൽ, നഷ്ടപരിഹാര വിതരണം തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തിയാക്കി നടപ്പുസാമ്പത്തിക വർഷം തന്നെ നിർമാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്
മൂവാറ്റുപുഴ: 1994ൽ അന്നത്തെ എം.പി പി.സി. തോമസ് കൊണ്ടുവന്നതാണ് മൂവാറ്റുപുഴ, കോതമംഗലം ബൈപാസ് പദ്ധതി. മൂവാറ്റുപുഴ നഗരത്തിന്റെ ഗതാഗത പ്രശ്നങ്ങൾ മുന്നിൽക്കണ്ട് കൊണ്ടുവന്ന പദ്ധതിക്കായി യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥലം അളന്ന് കല്ലിട്ടു. കടാതിയിൽനിന്ന് ആരംഭിച്ച് വാഴപ്പിള്ളി കവലയിൽ എം.സി റോഡിനു കുറുകെ ആട്ടായം കടന്ന് കാരക്കുന്നത്ത് ദേശീയ പാതയുമായി സന്ധിക്കുന്നതാണ് മൂവാറ്റുപുഴ ബൈപാസ്. അളന്ന് കല്ലിട്ടുപോയതോടെ സ്ഥലം വിൽക്കാനോ ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തി വായ്പയെടുക്കാനോ നാട്ടുകാർക്ക് കഴിഞ്ഞിരുന്നില്ല. സ്ഥലം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടന്നെങ്കിലും നടപടിയുണ്ടായില്ല. 45 മീറ്റർ വീതിയിൽ നിർമിക്കാനാണ് അന്ന് തീരുമാനിച്ചത്. ഫണ്ടിന്റെ അപര്യാപ്തത മൂലം ഇപ്പോൾ 30 മീറ്റർ വീതിയിലാണ് ബൈപാസ് നിർമിക്കുന്നത്. അന്നിട്ട് പോയ കല്ലുകൾ പലതും മണ്ണിനടിയിലായി. പലതും കാണാനുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.