മൂവാറ്റുപുഴ കമ്യൂണിറ്റി ഹാൾ പ്രഖ്യാപനത്തിൽ ഒതുങ്ങി
text_fieldsമൂവാറ്റുപുഴ: നഗരസഭക്ക് കീഴിലെ അടച്ചു പൂട്ടിയ ആധുനിക അറവുശാല കമ്യൂണിറ്റി ഹാൾ ആക്കുമെന്ന പ്രഖ്യാപനം വെറും വാക്കിൽ ഒതുങ്ങി. മാലിന്യ പ്രശ്നങ്ങളെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്ക് ഒടുവിൽ കോടതി നിർദേശത്തെ തുടർന്ന് ഒരു പതിറ്റാണ്ട് മുമ്പ് അടച്ചു പൂട്ടിയ ആധുനിക അറവുശാല മിനി ടൗൺഹാൾ ആക്കുമെന്ന പ്രഖ്യാപനമാണ് രണ്ടരവർഷം പിന്നിടുമ്പോഴും നടപ്പാകാത്തത്.
30 ലക്ഷം രൂപ കൂടി ചെലവഴിച്ച് അറ്റകുറ്റപണികൾ നടത്തി നഗരത്തിലെ രണ്ടാമത്തെ മിനി ടൗൺഹാൾ ആക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി കഴിഞ്ഞ ബജറ്റിൽ 10 ലക്ഷം രൂപ നീക്കിവച്ചു. എന്നാൽ പ്രഖ്യാപനം ഉണ്ടായതല്ലാതെ ഒന്നും നടന്നിട്ടില്ല. ഇതിനിടെ മാസങ്ങൾക്ക് മുമ്പ് പ്രതിപക്ഷ കൗൺസിലർമാർ ചേർന്ന് ആധുനിക അറവുശാല ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി മിനി ഓഡിറ്റോറിയമായി പരിവർത്തനം ചെയ്ത് പ്രവർത്തന അനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്താമെന്ന് മന്ത്രിയും ഉറപ്പും നൽകി. എന്നാൽ ഇതു വരെ തുടർ നടപടികൾ ഉണ്ടായില്ല. ഒരു പതിണ്ടായി അടഞ്ഞു കിടക്കുന്ന അറവുശാല നിലവിൽ കാടുകയറി സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി. സന്ധ്യ മയങ്ങുന്നതോടെ ഇവിടെ സാമൂഹ്യ വിരുദ്ധർ തമ്പടിക്കുകയാണ്. ഇതിനു പുറമെ പോത്ത് വളർത്തൽ കേന്ദ്രവുമായി ഇവിടം മാറികഴിഞ്ഞു.
കേന്ദ്രസർക്കാർ ഫണ്ട് ചെലവഴിച്ച് രണ്ടര പതിറ്റാണ്ട് മുമ്പാണ് നഗരസഭ അറവുശാല നിർമിച്ചത്. പലഘട്ടങ്ങളിലായിഎട്ടു തവണ ഉദ്ഘാടനവും നടത്തി. എന്നാൽ മാലിന്യ പ്രശ്നം മൂലം പതിമൂന്ന് വർഷം മുമ്പ് അറവുശാല അടച്ചു പൂട്ടി. നാട്ടുകാർ നൽകിയ പരാതിയെ തുടർന്നു ഹൈക്കോടതിയാണ് കുറ്റമറ്റ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കുന്നതുവരെ അറവുശാല അടച്ചുപൂട്ടാൻ നിർദേശിച്ചത്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും കോടികൾ ചെലവഴിച്ചു നിർമിച്ച അത്യാധുനിക അറവുശാലയിൽ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കാനോ അറവുശാല തുറന്നു പ്രവർത്തിപ്പിക്കുന്നതിനോ ആവശ്യമായ നടപടി സ്വീകരിക്കാൻ നഗരസഭ തയാറായില്ല.
കോടികൾ ചെലവഴിച്ചു നിർമിച്ച അറവുശാലയിലെ തുരുമ്പെടുത്ത ഉപകരണങ്ങൾ മുഴുവൻ മോഷ്ടാക്കൾ കടത്തികൊണ്ടു പോയി. ഇനിയും ഇവിടെ അറവുശാല പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന തിരിച്ചറിവിനെ തുടർന്നാണ് കെട്ടിടം ഓഡിറ്റോറിയമാക്കാൻ തീരുമാനിച്ചത്.
മാസങ്ങൾക്ക് മുമ്പ് പട്ടാപ്പകൽ അറവ്ശാലയിൽ നിന്നു ഉപകരണങ്ങൾ വാഹനത്തിൽ കടത്തിയ മോഷ്ടാക്കളെ നാട്ടുകാർ കണ്ടെത്തി തടഞ്ഞിരുന്നു. എന്നാൽ നാട്ടുകാർക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി ഇവർ രക്ഷപ്പെട്ടു. ഇവരെ പിന്നീട് പൊലീസ് പിടികൂടിയെങ്കിലും മോഷ്ടിച്ച ഉപകരണങ്ങൾ കണ്ടെത്താൻ സാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.