മൂവാറ്റുപുഴ ഇ.ഇ.സി മാർക്കറ്റ് കാബ്കോയുടെ കീഴിലേക്ക്
text_fieldsമൂവാറ്റുപുഴ: മധ്യ കേരളത്തിലെ കാർഷിക മേഖലയുടെ ഉന്നമനം ലക്ഷ്യം വച്ച് മൂന്നു പതിറ്റാണ്ട് മുമ്പ് യൂറോപ്യൻ സഹകരണത്തോടെ മൂവാറ്റുപുഴയിൽ ആരംഭിച്ച യൂറോപ്യൻ ഇക്കണോമിക് കമ്യൂണിറ്റി (ഇ.ഇ.സി) മാർക്കറ്റിന്റെ പ്രവർത്തനത്തിന് മാറ്റം വരുന്നു. കൃഷി മന്ത്രി ചെയർമാനായ കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ)യുടെ കീഴിലേക്ക് മാർക്കറ്റ് മാറുകയാണ്. ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് തുടക്കം കുറിച്ചു. മാർക്കറ്റ് 28 വർഷം പിന്നിടുമ്പോഴും ലക്ഷ്യം കൈവരിക്കാത്ത സാഹചര്യത്തിലാണ് കാബ്കോയുടെ ഉടമസ്ഥതയിലേക്ക് മാറുന്നത്.
ആറേക്കറിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളൊടെയും നില കൊള്ളുന്ന മാർക്കറ്റിൽ അഗ്രി പാർക്കുകളും ഫ്രൂട്ട് പാർക്കുകളും സ്ഥാപിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കാബ്കോ തയാറെടുക്കുകയാണ്. കൃഷി വകുപ്പ് കേന്ദ്രീകരിച്ച് കാർഷിക ഉൽപന്നങ്ങളുടെ വിപണി കൈകാര്യം ചെയ്യുന്നതിനും കാർഷികോത്പാദനം അടിസ്ഥാനമാക്കി വിപണി കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള നീക്കവും നടക്കുന്നുണ്ട്. സംസ്ഥാനത്തെ മറ്റ് അഞ്ച് ഇ.ഇ.സി മാർക്കറ്റുകളും കാബ്കോയുടെ കീഴിലേക്ക് മാറുന്നുണ്ട്.
1995ൽ സ്ഥാപിച്ച മാർക്കറ്റിൽ നിലവിൽ ആഴ്ചയിലൊരിക്കൽ സ്വതന്ത്ര കാർഷിക വിപണിയുടെ പ്രവർത്തനങ്ങൾ ഒഴിച്ചാൽ മറ്റൊന്നും കാര്യമായി നടക്കുന്നില്ല. ഉൽപന്നങ്ങൾ വാങ്ങാൻ വ്യാപാരികൾ എത്താത്തതിനാൽ അർഹമായ വില ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ വെയർഹൗസ് കെട്ടിടം വർഷങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനമാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇ.ഇ.സി മാർക്കറ്റിൽ ഒട്ടേറെ കെട്ടിടങ്ങൾ ഉപയോഗിക്കാനാകാതെ കിടക്കുമ്പോഴാണ് ലക്ഷങ്ങൾ ചെലവഴിച്ച് വെയർഹൗസ് കെട്ടിടം നിർമിച്ചത്. കോടികൾ ചെലവഴിച്ച് സ്ഥാപിച്ച മാർക്കറ്റിലെ കൂറ്റൻ ശീതീകരണ സംവിധാനങ്ങൾ നശിക്കുകയാണ്. അഞ്ച് കൂറ്റൻ ശീതീകരണ സംവിധാനങ്ങളിൽ ഒന്നു പോലും ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.