മൂവാറ്റുപുഴ ഹോമിയോ ആശുപത്രി വികസനത്തിന് നഗരസഭ സ്ഥലം നൽകും
text_fieldsമൂവാറ്റുപുഴ: നിർധനരോഗികൾക്ക് ആശ്വാസമായ മൂവാറ്റുപുഴ താലൂക്ക് ഗവ. ഹോമിയോ ആശുപത്രി വികസനത്തിന് നഗരസഭ സ്ഥലം വിട്ടുനൽകും. ആശുപത്രിക്കുസമീപം നഗരസഭയുടെ കീഴിലെ വണ്ടിപ്പേട്ടയുടെ സ്ഥലമാണ് നൽകുക.
ഇവിടെ കെട്ടിടം പണിയുന്നതുൾപ്പെടെ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുനിസിപ്പൽ എൻജിനീയറെ കൗൺസിൽ ചുമതലപ്പെടുത്തി.
ആശുപത്രി വികസനത്തിന് ആയുഷ് മിഷൻ ഒരു കോടി രൂപ അനുവദിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നിർമാണ പ്രവർത്തനം ആരംഭിക്കാത്ത സാഹചര്യത്തിലാണ് അടിയന്തര നടപടി. അടുത്ത കൗൺസിൽ യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
നൂറുകണക്കിന് രോഗികൾ; നിന്നുതിരിയാൻ ഇടമില്ല
നിരവധി രോഗികൾ ചികിത്സ തേടി എത്തുന്ന ആശുപത്രിയിൽ പകർച്ചപ്പനികളും മറ്റും വ്യാപകമായതോടെ ദിനേന മുന്നൂറോളം രോഗികളാണ് ചികിത്സക്ക് എത്തുന്നത്. നിലവിൽ സൂപ്രണ്ട് അടക്കം ഏഴ് ഡോക്ടർമാരാണുള്ളത്. 20 രോഗികളെ കിടത്തിച്ചികിത്സിക്കാൻ സൗകര്യവും ഉണ്ട്.
ആവശ്യത്തിന് മരുന്നുകളും ലാബ് സൗകര്യങ്ങളുമായി നല്ലനിലയിൽ പ്രവർത്തിക്കുന്ന ആശുപത്രി ജില്ലയിലെതന്നെ ഏറ്റവും വലിയ ഹോമിയോ ആശുപത്രികളിൽ ഒന്നാണ്.
സീതാലയം അടക്കം നിരവധി പദ്ധതികളുള്ള ആശുപത്രിയിൽ 25 ഓളം ജീവനക്കാരുണ്ട്. എന്നാൽ, രോഗികളെ ഉൾക്കൊള്ളാനുള്ള സൗകര്യം ആശുപത്രിക്കില്ല. ഡോക്ടർമാർ അടക്കം ജീവനക്കാർക്കും ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
1988ൽ ജനകീയാസൂത്രണ പദ്ധതിയിൽപെടുത്തി നഗരസഭ എവറസ്റ്റ് കവലക്കുസമീപം നിർമിച്ച ആശുപത്രിയിൽ ഡോക്ടർമാർക്ക് പോലും ഇരിക്കാൻ മതിയായ സ്ഥലമില്ല. ഒരു മുറിയിൽ രണ്ട് ഡോക്ടർമാർ വീതം ഇരുന്നാണ് രോഗികളെ നോക്കുന്നത്.
ഐ.പി വാർഡിലും സ്ഥലമില്ലായ്മ പ്രശ്നമാണ്. വർഷകാലത്ത് എപ്പോഴാണ് വെള്ളം കയറുന്നതെന്ന് അറിയില്ല. പാതിരാത്രിയിൽ വെള്ളം കയറിയാൽ രോഗികളെ വീട്ടിൽ അയക്കണം. രണ്ടുമാസം മുമ്പ് വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്ന് ഉപകരണങ്ങൾ മുഴുവൻ മാറ്റിയിരുന്നു. മരുന്ന് സൂക്ഷിക്കാനും സൗകര്യങ്ങളില്ല. കഴിഞ്ഞ പ്രളയകാലത്ത് 10 ലക്ഷം രൂപയുടെ മരുന്നാണ് വെള്ളം കയറി നശിച്ചത്. വർഷകാലത്ത് വെള്ളം കയറുന്ന സ്ഥലത്ത് മണ്ണിട്ട് ഉയർത്താതെ അശാസ്ത്രീയമായാണ് ആശുപത്രി കെട്ടിടം നിർമിച്ചത്. അഞ്ചുവർഷം മുമ്പ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പദ്ധതി സമർപ്പിച്ചതിനെത്തുടർന്നാണ് രണ്ടുമാസം മുമ്പ് ദേശീയ ആയുഷ് പദ്ധതിയിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.