മൂവാറ്റുപുഴ നഗരസഭ യോഗത്തിൽ ബഹളം; വിഷയം, ഹെൽത്ത് ഇൻസ്പെക്ടറുടെ താടി !
text_fieldsമൂവാറ്റുപുഴ: നഗരസഭ ജീവനക്കാരനായ ഹെൽത്ത് ഇൻസ്പെക്ടറുടെ നീട്ടി വളർത്തിയ താടിയെക്കുറിച്ച് പ്രതിപക്ഷ കൗൺസിലർ നടത്തിയ പരാമർശം ബഹളത്തിൽ കലാശിച്ചു. മൂവാറ്റുപുഴ നഗരസഭ കൗൺസിൽ യോഗത്തിലാണ് വാക്കേറ്റവും സംഘർഷവുമുണ്ടായത്. താടി നീട്ടി വളർത്തി യൂനിഫോം ധരിച്ച് ജോലി ചെയ്യുന്ന ഹെൽത്ത് ഇൻസ്പെക്ടറുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നുവെന്നും ഇത് പ്രചരിക്കാനുണ്ടായ കാരണം ഇദ്ദേഹത്തെ വിളിച്ചുവരുത്തി ചോദിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർ രംഗത്ത് എത്തിയതാണ് തർക്കത്തിന് കാരണമായത്. ഇതിനെതിരെ യു.ഡി.എഫിലെ ചില കൗൺസിലർമാർ നടത്തിയ പ്രതിഷേധത്തിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതോടെയാണ് തർക്കം രൂക്ഷമായത്.
കൗൺസിലർമാർ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായതോടെ ചെയർമാൻ ഇടപെട്ട് പ്രശ്നം അവസാനിപ്പിച്ചു. നഗരസഭയിൽ കണ്ടിജൻസി ജീവനക്കാരുടെ ഒഴിവ് നികത്തുന്നതുമായി ബന്ധപ്പെട്ടു നടന്ന ചർച്ചക്കിടയിലാണ് പ്രതിപക്ഷത്തെ കൗൺസിലർ ഹെൽത്ത് ഇൻസ്പെക്ടറുടെ നീട്ടി വളർത്തിയ താടി പരാമർശിച്ചത്.
ഇദ്ദേഹം കീഴ്ജീവനക്കാരോട് മോശമായാണ് പെരുമാറുന്നതെന്നും കൗൺസിലർ ആരോപിച്ചു. അതേസമയം, ജോലിയിൽ കർശന നിലപാടുകൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥനെതിരെ ജീവനക്കാരുടെ ഇടതു സംഘടനയിൽ അംഗങ്ങളായവരിൽ ചിലർ പരാതി നൽകിയിരുന്നുവെന്നും അതാണ് ഉദ്യോഗസ്ഥനെതിരെ പ്രതിപക്ഷ കൗൺസിലർമാരുടെ നീക്കത്തിനു പിന്നിലെന്നും ഭരണകക്ഷിയംഗങ്ങളും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.