മൂവാറ്റുപുഴ: നഗരത്തിൽ പൈപ്പ് പൊട്ടൽ തുടരുന്നു; കുടിവെള്ളത്തിനായി വലഞ്ഞ് ജനം
text_fieldsമൂവാറ്റുപുഴ: നഗരത്തിൽ പൈപ്പ് പൊട്ടൽ തുടരുന്നു. കുടിവെള്ളം ഇല്ലാതെ വലഞ്ഞ് നാട്ടുകാർ. രണ്ടിടത്ത് പൈപ്പ് പൊട്ടിയതുമൂലം വാഴപ്പിള്ളി, നിരപ്പ് മേഖലകളിൽ മൂന്നു ദിവസമായി കുടിവെള്ള വിതരണം നിലച്ചിട്ട്. വേനൽ കനത്തതും കിണറുകളിലും മറ്റും വെള്ളം ഇല്ലാതായതോടെ നെട്ടോട്ടത്തിലാണ് നാട്ടുകാർ. മിൽമക്ക് സമീപം പൈപ്പ് പൊട്ടിയതാണ് വാഴപ്പിള്ളി, പേഴക്കാപ്പിള്ളി ഭാഗങ്ങളിൽ ജലവിതരണം അവതാളത്തിലാകാൻ കാരണം.
മൂന്നു ദിവസം മുമ്പ് ഇവിടെ പൈപ്പ് പൊട്ടുകയായിരുന്നു. വെള്ളിയാഴ്ച അറ്റകുറ്റപ്പണി ആരംഭിച്ചെങ്കിലും പണി പൂർത്തിയായിട്ടില്ല. മൂന്നു മാസത്തിനിടെ നാലാമതും പൈപ്പ് പൊട്ടിയതാണ് നിരപ്പ് മേഖലയിൽ കുടിവെള്ള വിതരണം തകരാറിലാകാൻ കാരണം. മൂന്നു ദിവസം മുമ്പ് സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപമാണ് പൈപ്പ് വീണ്ടും പൊട്ടിയത്. രണ്ടു മാസത്തിനിടെ ഇത് നാലാം തവണയാണ് പൊട്ടുന്നത്. ഇതോടെ നഗരത്തിലെ വടക്ക് കിഴക്കൻ മേഖലയിൽ മൂന്നാം ദിവസവും കുടിവെള്ളം വിതരണം മുടങ്ങി. കീച്ചേരിപ്പടി, നിരപ്പ്, ആസാദ്റോഡ്, ഇലാഹിയ തുടങ്ങിയ ജനവാസകേന്ദ്രങ്ങളിലേക്കുള്ള വിതരണമാണ് മുടങ്ങിയത്.
നാല് പതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച ആസ്ബസ്റ്റോസ് പൈപ്പുകളാണ് നഗരത്തിലുള്ളത്. ജലവിതരണത്തിനിടയിലെ സമ്മർദമാണ് പൊട്ടുന്നതിന് കാരണം. കാലപ്പഴക്കമുള്ളവ മാറ്റാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടിയില്ല. 10 വർഷം മുമ്പ് ഇവ മാറ്റിസ്ഥാപിക്കാൻ 17 കോടിയുടെ പദ്ധതി കൊണ്ടുവന്നെങ്കിലും നടപടി ഉണ്ടായില്ല. കാലഹരണപ്പെട്ടവയായതിനാൽ ദിനേന എന്നോണമാണ് പൊട്ടുന്നത്. നഗരത്തിലെ ഭൂരിഭാഗം കുടുംബങ്ങളും നിലവിൽ വാട്ടർ അതോറിറ്റിയുടെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. അടിക്കടി പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങുന്നത് ജനത്തെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.