മൂവാറ്റുപുഴ നഗര റോഡ് വികസനം; കിഫ്ബി പരിശോധന നടത്തി
text_fieldsമൂവാറ്റുപുഴ: നഗര റോഡ് വികസന പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ കിഫ്ബി സംഘം പരിശോധന നടത്തി. കിഫ്ബി, കെ.ആർ.എഫ്.ബി, കെ.എസ്.ഇ.ബി, റവന്യൂ ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്.
ഏറ്റെടുത്ത സ്ഥലങ്ങളിൽ നിർമാണം നടത്താതെ പാർക്കിങ്ങിനും മറ്റുമായി സ്ഥലം ഉടമകളെ സഹായിക്കുന്നുവെന്ന പരാതി ഉയർന്നതിനെത്തുടർന്ന് മാത്യു കുഴൽനാടൻ എം.എൽ.എയുടെ നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥർ സ്ഥല പരിശോധനക്കെത്തിയത്. വികസനവുമായി ബന്ധപ്പെട്ട് സർക്കാർ ഏറ്റെടുത്ത മുഴുവൻ സ്ഥലങ്ങളും നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് കെ.എസ്.ടി.പി - കെ.ആർ.എഫ്.ബി ഉന്നത ഉദ്യോഗസ്ഥ സംഘം അറിയിച്ചു. ഗതാഗതത്തിന് തടസ്സമായി നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഇലക്ട്രിക് പോസ്റ്റുകൾ അടിയന്തരമായി നീക്കം ചെയ്യും.
നഗരവികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത മുഴുവൻ ഭൂമിയും പുറമ്പോക്ക് ഭൂമിയും വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. കൈയേറ്റങ്ങൾ അനുവദിക്കില്ല. മുഴുവൻ ഭൂമിയിലും ലഭ്യതക്കനുസരിച്ച് ബസ് സ്റ്റോപ്പുകളും അനുബന്ധ നിർമാണങ്ങളും നടത്തും. ബസ് വേകളും പാർക്കിങ് സ്പേസുകളും പരമാവധി നിർമിക്കുക എന്നതിനാണ് മുൻഗണന. അനധികൃത പാർക്കിങ് പൂർണമായി ഒഴിവാക്കിയാണ് ഡിസൈൻ.
സംയുക്ത പരിശോധന റിപ്പോർട്ട് എം.എൽ.എക്ക് കൈമാറും. തിരുവനന്തപുരത്ത് ചേരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമെടുക്കുമെന്നും സംഘത്തോടൊപ്പം സ്ഥലങ്ങൾ സന്ദർശിച്ച എം.എൽ.എ പറഞ്ഞു.
കേരള റോഡ് ഫണ്ട് ബോർഡ് സൂപ്രണ്ടിങ് എൻജിനീയർ പി.ആർ. മഞ്ജുഷ, എക്സി.എൻജിനീയർ മിനി മാത്യു, കിഫ്ബി ഉദ്യോഗസ്ഥരായ അരുൺ തോമസ്, രാജീവൻ, അഭിലാഷ് എന്നിവരാണ് പരിശോധനക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.