അടിസ്ഥാന സൗകര്യത്തിന് പഞ്ഞമില്ല; പ്രവർത്തനമില്ലെന്നുമാത്രം
text_fieldsമൂവാറ്റുപുഴ: അടിസ്ഥാന സൗകര്യങ്ങൾ ഏറെയുെണ്ടങ്കിലും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ അതൊന്നും വേണ്ടവിധം ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല. ആവശ്യത്തിന് സ്ഥലവും കെട്ടിടങ്ങളും ഉള്ള ആശുപത്രി ജില്ലയിലെതന്നെ മികച്ച സർക്കാർ ആതുരാലയങ്ങളിലൊന്നാണ്. ആശുപത്രി പ്രവർത്തനം നാളുകളായി മന്ദഗതിയിലാണ്.
നേത്രചികിത്സയിലും പ്രസവ ശുശ്രൂഷയിലും ജനറൽ വിഭാഗത്തിലും ഏറെ മികവ് പുലർത്തിയിരുന്ന ആതുരാലയത്തിൽ പരാതി പ്രളയമാണ്. രണ്ടുവർഷംമുമ്പ് വരെ വർഷത്തിൽ ആയിരത്തോളം നേത്രശസ്ത്രക്രിയകളാണ് ഇവിടെ നടന്നിരുന്നത്. ഇന്നിത് നൂറിലേക്ക് ചുരുങ്ങി. ആധുനിക സൗകര്യങ്ങളോടെ തിയറ്റർ സംവിധാനമുെണ്ടങ്കിലും ഡോക്ടർമാരുടെ കുറവാണ് നേത്രചികിത്സ താറുമാറാക്കിയത്. ഒരു നേത്രരോഗ വിദഗ്ധനെക്കൂടി നിയോഗിക്കണമെന്ന ആവശ്യം കടലാസിലാണ്.
നാല് ഗൈനക്കോളജിസ്റ്റുകളുടെ സേവനം ലഭ്യമാെണങ്കിലും മികച്ച പ്രസവശുശ്രൂഷാ കേന്ദ്രമെന്ന പേര് ആശുപത്രിക്ക് അന്യമായി. ഓപറേഷൻ തിയറ്ററും ലേബർ റൂമും തുറക്കാത്തതാണ് കാരണം. 2.64 കോടി ചെലവിൽ ഒരുവർഷം മുമ്പ് പൂർത്തിയാക്കിയ ലേബർ റൂമും ഓപറേഷൻ തിയറ്ററും ജനറേറ്റർ ഇല്ലെന്നുപറഞ്ഞാണ് തുറക്കാത്തത്. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച ചെറിയ തിയറ്ററിലാണ് ഇപ്പോഴും ശസ്ത്രക്രിയകൾ. ഇതാകട്ടെ ആഴ്ചയിൽ നാലുദിവസം മാത്രമാണ് ഗൈനക് വിഭാഗത്തിന് ലഭിക്കുന്നത്. പ്രതിഷേധങ്ങൾക്കൊടുവിൽ ജനറേറ്റർ സംവിധാനം ഒരുക്കാൻ 40 ലക്ഷം അനുവദിച്ചെങ്കിലും കൂടുതൽ തുക വേണമെന്ന് വന്നതോടെ പ്രശ്ന പരിഹാരമായിട്ടില്ല. അൾട്രാസൗണ്ട് സ്കാൻ മെഷീനും പ്രവർത്തനം ആരംഭിച്ചില്ല. ഡോക്ടറും ജീവനക്കാരും ഇല്ലാത്തതാണ് കാരണം. എൻ.ആർ.എച്ച്.എം ഫണ്ട് ഉപയോഗപ്പെടുത്തി മൂന്നുവർഷം മുമ്പാണ് മെഷീൻ വാങ്ങിയത്. ആവശ്യമായ മുറി ഇല്ലെന്ന് പറഞ്ഞാണ് മെഷീൻ പ്രവർത്തിപ്പിക്കാതിരുന്നത്. പ്രതിഷേധം ഉയർന്നതോടെ കഴിഞ്ഞ ഏപ്രിലിൽ ലേബർ റൂമിന് സമീപം മുറി സജ്ജമാക്കി. എന്നാൽ, ഏഴുമാസം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയിട്ടില്ല.
കോവിഡ് കാലത്ത് സ്ഥാപിച്ച ഓക്സിജൻ പ്ലാന്റും പ്രവർത്തനം തുടങ്ങിയിട്ടില്ല. ജനറേറ്ററിന് ശേഷി ഇല്ലാത്തതാണ് കാരണമായി പറയുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പി.എം കെയർ ഫണ്ടിൽനിന്നാണ് ഡീൻ കുര്യാക്കോസ് എം.പി ഇടപെട്ട് പ്ലാന്റ് സ്ഥാപിച്ചത്. ജീവിതശൈലീ രോഗനിർണയത്തിനും ചികിത്സക്കും പുതിയ കേന്ദ്രം ആരംഭിക്കുമെന്ന പ്രഖ്യാപനവും കടലാസിലാണ്. ഹൃദ്രോഗ ചികിത്സക്ക് സംവിധാനം ഒരുക്കണമെന്നും ഐ.സി.യു സൗകര്യത്തോടെ ഒരു ഡയാലിസിസ് യൂനിറ്റ് കൂടി ആരംഭിക്കണമെന്നുമുള്ള ആവശ്യവും നടപ്പായിട്ടില്ല. ആശുപത്രി വികസനത്തിന് എം.എൽ.എയുടെ നേതൃത്വത്തിൽ 30 വർഷം മുന്നിൽക്കണ്ടുള്ള മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ട് ഒരുവർഷം കഴിഞ്ഞു. ഇത് അനുഭാവപൂർവം പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.