സ്നേഹാരാമം പദ്ധതിയുമായി മൂവാറ്റുപുഴ നഗരസഭ
text_fieldsമൂവാറ്റുപുഴ: മാലിന്യം തള്ളുന്നത് തടയാൻ സ്നേഹാരാമം പദ്ധതിയുമായി മൂവാറ്റുപുഴ നഗരസഭ. റോഡരുകിലെ മാലിന്യം തള്ളുന്ന പോയന്റുകൾ വൃത്തിയാക്കി ഇവിടെ പൂച്ചെടികൾ നട്ട് മനോഹരമാക്കുന്നതാണ് പദ്ധതി. റോഡരുകിലെ മാലിന്യം കോരിമടുത്തതോടെയാണ് പൊതുജനത്തെ ആകർഷിക്കുന്ന തരത്തിൽ പൂന്തോട്ടം ഒരുക്കി സ്നേഹാരാമം പദ്ധതിയുമായി നഗരസഭ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ആദ്യപടിയായി ഇ.ഇ.സി ബൈപാസിലെ മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപത്തെ മാലിന്യകേന്ദ്രം ചെടികൾവെച്ച് മനോഹരമാക്കി. ഇതിനുശേഷം ഇരുപത്തിയഞ്ചോളം കേന്ദ്രങ്ങളിലും പദ്ധതി നടപ്പാക്കും.
എം.സി റോഡിൽ വാഴപ്പിള്ളി ലിസ്യൂ സെന്ററിനു മുന്നിൽ തുടങ്ങി ഇ.ഇ.സി റോഡ്, മാർക്കറ്റ് റോഡ്, ചാലിക്കടവ് പാലത്തിനു സമീപം, ആരക്കുഴ റോഡ്, കീച്ചേരിപ്പടി തുടങ്ങി ഇരുപത്തിയഞ്ചോളം പോയന്റുകളിലാണ് വഴിയരുകിലെ മാലിന്യം തള്ളൽ കേന്ദ്രങ്ങളുള്ളത്. ഇത് തടയാൻ വിവിധ പദ്ധതി കളുമായി നഗരസഭ രംഗത്തുവന്നെങ്കിലും ഫലപ്രദമായില്ല. മാലിന്യം ഉപേക്ഷിക്കുന്നവരെ പിടികൂടാൻ സ്ക്വാഡ് രൂപവത്കരിച്ചതടക്കം പല പദ്ധതികളും കൊണ്ടുവന്നു. 25 പോയന്റിലും 24 മണിക്കൂറും സ്ക്വാഡ് പട്രോളിങ് നടത്തി. ഇത്തരക്കാർക്കെതിരെ 10,000 മുതൽ 25,000 രൂപവരെ പിഴയീടാക്കുമെന്നും അധികൃതർ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ, ഇത് കൊണ്ടൊന്നും മാലിന്യം തള്ളുന്നത് തടയിടാനായില്ല. പൊതുസ്ഥലങ്ങളിലും പുഴയിലും വഴിയരികിലും ഇപ്പോഴും തുടരുകയാണ്.
മാലിന്യസംസ്കരണത്തിന് ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നും പൂർണതോതിൽ നടപ്പാക്കാനായില്ല. നിലവിൽ ഹരിതകർമ സേനയുടെയും സ്വകാര്യ ഏജൻസിയുടെയും നേതൃത്വത്തിലാണ് മാലിന്യസംസ്കരണം നടക്കുന്നത്. ഓരോ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പ്രതിമാസം നല്ലൊരു തുക ഈടാക്കുകയും ചെയ്യുന്നുണ്ട്. വലിയ തോതിൽ മാലിന്യം സ്ഥാപനങ്ങളിലും വീടുകളിലും ഉണ്ടാകുമ്പോഴാണു പൊതുസ്ഥലങ്ങളിൽ തള്ളുന്നത്. രാത്രി പുഴയിലേക്കും മാലിന്യം തള്ളുന്നുണ്ട്. പദ്ധതി വഴി മാലിന്യം തള്ളുന്നത് ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.