മൂവാറ്റുപുഴയെ മുൾമുനയിലാക്കി നായുടെ ആക്രമണം: കടിയേറ്റത് എട്ടുപേർക്ക്
text_fieldsമൂവാറ്റുപുഴ: ടൗണിനെ മുൾമുനയിലാക്കി വളർത്തുനായുടെ ആക്രമണം. മദ്റസ വിദ്യാർഥികളടക്കം എട്ടുപേർക്ക് കടിയേറ്റു. മൂന്ന് വളർത്തുമൃഗങ്ങൾക്കും പരിക്കുണ്ട്. ആസാദ് റോഡിൽ തുടങ്ങിയ അക്രമണം ഉറവക്കുഴി, തൃക്ക വഴി പുളിഞ്ചുവട് കവല വരെയുള്ള രണ്ട് കി.മീ. ദൂരം നീണ്ടു. അതിനിടയിൽ കണ്ടവരെയെല്ലാം നായ് ആക്രമിച്ചു.
രാവിലെ ഒമ്പതുമുതൽ നാല് മണിക്കൂർ നീണ്ട ആക്രമണം നഗരത്തെ മുൾമുനയിൽ നിർത്തി. തൃക്ക ഭാഗത്ത് താമസിക്കുന്നയാളുടെ നായാണ് ആക്രമണകാരിയായത്. രാവിലെ വീട്ടിൽനിന്ന് ചങ്ങല പൊട്ടിച്ച് പുറത്തുചാടിയതായിരുന്നു നായ്.
വീട്ടിലേക്ക് മടങ്ങുന്നതിനിടെ നഗരസഭ കോട്ടയത്തുനിന്നുള്ള നായ് പിടിത്തസംഘം ഉച്ചക്ക് ഒന്നോടെ ഇതിനെ വലയെറിഞ്ഞ് പിടികൂടുകയായിരുന്നു. നായ് പിടിത്ത വിദഗ്ധരായ കെ.ടി. ജയകുമാറും ഭാര്യ ശർമിളയും ചേർന്നാണ് ഇതിനെ പിടികൂടിയത്. തുടർന്ന് നഗരസഭ ഓഫിസിൽ എത്തിച്ച നായെ പ്രത്യേകം തയാറാക്കിയ കൂട്ടിൽ 10 ദിവസം നിരീക്ഷണത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കടവുംപാട് തേലക്കൽ മിൻഹ ഫാത്തിമക്കാണ് (15) ആദ്യം കടിയേറ്റത്. ആസാദ് ലോഡ്ജിന് സമീപമായിരുന്നു അക്രമണമുണ്ടായത്.
ജോലിക്ക് പോകുകയായിരുന്ന ആട്ടായം ആര്യൻകാലാതണ്ടേൽ രേവതിക്കാണ് (21) പിന്നീട് കടിയേറ്റത്. മൂവാറ്റുപുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ രേവതി ജോലിസ്ഥലത്തേക്ക് പോകുമ്പോൾ വനിത സെന്ററിനു സമീപമായിരുന്നു ഇത്. ഇതിനുപിന്നാലെ ഉറവക്കുഴിയിൽ മദ്റസ വിട്ട് മടങ്ങുകയായിരുന്ന മുഹമ്മദ് ഫയാസിനും (10) കടിയേറ്റു. തൃക്കയിൽ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന തൃക്ക തേക്കനാട്ട അഞ്ജന രാജേഷിനും (21) കടിയേറ്റു. തുടർന്ന് ഒരു കി.മീ. അകലെ വാഴപ്പിള്ളി ചൊറിയൻചിറ ഭാഗത്ത് അന്തർസംസ്ഥാന തൊഴിലാളിയായ അബ്ദുൽ അലിയെയും (30) ആക്രമിച്ചു. ഇതിനുപിന്നാലെ പുളിഞ്ചുവട് കവലക്ക് സമീപം കിഴക്കേക്കര വാരിക്കാട്ട് പുത്തൻപുരയിൽ സിഹ നിയാസിനും (10)കടിയേറ്റു. ഇതിനിടെ ബൈക്കിൽ വരുകയായിരുന്ന വയോധികനെയും നായ് ആക്രമിച്ചു. പുളിഞ്ചുവട് സ്വദേശി ജയകുമാറിനാണ് (60) കടിയേറ്റത്. ബൈക്കിന്റെ മുകളിലേക്ക് ചാടിക്കയറി ഇദ്ദേഹത്തിന്റെ കൈയിലും കാലിലും കടിക്കുകയായിരുന്നു.
പിന്നീട് തൃക്ക ഭാഗത്ത് മാലിന്യം എടുക്കാനെത്തിയ ഹരിത കർമസേന ജീവനക്കാരി റാഫിയ അബ്ബാസിനെയും (28) കടിച്ചു. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് നഗരസഭ ചെയർമാൻ പി.പി. എൽദോസ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. അബ്ദുൽ സലാം എന്നിവർ ജനറൽ ആശുപത്രിയിലെത്തി. നായുടെ ഉടമസ്ഥനെതിരെ കേസെടുക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് അറിയിച്ചു. പത്തുവർഷം മുമ്പ് സമാന സംഭവം നഗരത്തിൽ നടന്നിരുന്നു. അന്ന് 12 ഓളം പേർക്കാണ് കടിയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.