പ്രളയത്തിൽ ശുദ്ധീകരിക്കപ്പെട്ട മൂവാറ്റുപുഴയാർ വീണ്ടും മാലിന്യവാഹിനി
text_fieldsമൂവാറ്റുപുഴ: മഹാപ്രളയത്തിൽ ശുദ്ധീകരിക്കപ്പെട്ട മൂവാറ്റുപുഴയാർ ആറുവർഷം പിന്നിടുമ്പോൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കം നിറഞ്ഞ് വീണ്ടും പഴയപടിയായി. കേരളത്തിലെ ഏറ്റവും ശുദ്ധമായ ജലം ഒഴുകുന്ന നദിയായിരുന്നു ഒരുകാലത്ത് മൂവാറ്റുപുഴയാർ. കഴിഞ്ഞ രണ്ടര ദശകത്തിനുള്ളിൽ മൂവാറ്റുപുഴയാറിലേക്കുള്ള ജൈവ രാസ മാലിന്യങ്ങളുടെ നിക്ഷേപം വൻതോതിലാണ് വർധിച്ചത്. കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും മുകളിലേക്ക് കുതിച്ചുയർന്നിരുന്നു.
പുഴ തീർത്തും മലീമസമായതും കുളിക്കാൻ പോലും പറ്റാതായതിനും പുറമെ രോഗങ്ങളുടെ കലവറ കൂടിയായി മാറി. മാറാടി, പായിപ്ര, ആയവന പഞ്ചായത്തുകളിൽ പടർന്നുപിടിച്ച മഞ്ഞപ്പിത്തത്തിനും ഹെപ്പറ്റൈറ്റിസ് ബിക്കും പിന്നിൽ പുഴയുടെ മലിനീകരണമാണ് കാരണം എന്നുള്ള വിവരങ്ങൾ തിരിച്ചറിഞ്ഞിട്ടും ബന്ധപ്പെട്ട കേന്ദ്രങ്ങൾ മറച്ചുവച്ചു.
നദിയുടെ അടിത്തട്ട് മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും മൃഗങ്ങളുടെ എല്ലുകളും സെപ്റ്റിക് ടാങ്കുമാലിന്യങ്ങളും നിറഞ്ഞ് അതിജീവനം സാധ്യമല്ലാതെ മരണത്തിലേക്ക് നീങ്ങുന്ന ഒരു നദി മാത്രമായി മുവാറ്റുപുഴയാർ മാറി. എന്നാൽ, 2018ലെ മഹാപ്രളയം കാര്യങ്ങൾ മാറ്റിമറിച്ചു എന്നാണ് പരിസ്ഥിതി സംഘടനകൾ പുഴയിൽ നടത്തിയ പഠനങ്ങൾ തെളിയിച്ചത്. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി മൂവാറ്റുപുഴയാറിൽ കോളിഫോം ബാക്ടീരിയയുടെ അളവ് പത്തിൽ താഴേക്ക് വന്നു. മാറാടി ഗവ. വെക്കേഷണൽ സ്കൂളിന്റെ സഹായത്തോടെ പരിസ്ഥിതി സംഘടനയായ ഗ്രീൻപീപ്പിൾ മാറാടി ഗ്രാമപഞ്ചായത്തിലെ കിണറുകളിൽ നടത്തിയ പഠനവും അത്ഭുതകരമായിരുന്നു. കിണറുകളിൽ കോളിഫോം ബാക്ടീരിയയുടെ അളവ് ഇല്ലാതെയായതായി പoനത്തിൽ കണ്ടെത്തിയിരുന്നു.
ഇപ്പോൾ വീണ്ടും പുഴ പഴയ അവസ്ഥയിലേക്ക് മാറുകയാണ്. കോളിഫോം ബാക്ടീരിയയുടെ അളവ് വീണ്ടും ക്രമാതീതമായി വർധിക്കുന്നതായാണ് കാണിക്കുന്നത് എന്ന് പഠനങ്ങൾക്ക് നേതൃത്വം നൽകിയ പരിസ്ഥിതി പ്രവർത്തകൻ അസീസ് കുന്നപ്പിള്ളി പറയുന്നു. പ്രകൃതി, പ്രളയത്താൽ ശുദ്ധീകരിച്ച പുഴയിലേക്ക് വീണ്ടും മാലിന്യം ഒഴുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളടക്കം മത്സരിക്കുമ്പോൾ പുഴ വീണ്ടും മാലിന്യ വാഹിനിയാകുകയാണ്.
നഗരത്തിലെ മുഴുവൻ മാലിന്യം തുറന്നിരിക്കുന്നത് പുഴയിലേക്കാണ്. അറവുമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും പുഴയാണ് ഏറ്റുവാങ്ങുന്നത്. നിലവിൽ കോളിഫോം ബാക്ടീരിയ നിയന്ത്രിത അളവിന്റെ പത്തുമടങ്ങ് വർധിച്ചു. ഘനലോഹ മാലിന്യങ്ങളും, അജൈവ മാലിന്യവും ഏറെ വർധിച്ചിട്ടുണ്ട്. പുഴയുടെ സ്വാഭാവിക ഒഴുക്കിലും വ്യതിയാനമുണ്ട്. പ്രളയത്തോടെ പുഴയിൽ വൻതോതിൽ നിക്ഷേപിക്കപ്പെട്ട മണലും ഇതര ജീവ സാഹചര്യങ്ങളും നിലനിറുത്താൻ കഴിഞ്ഞില്ലങ്കിൽ പുഴ ഒരു ദുരന്തമായി മാറുമെന്നും പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പുനൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.