നടുക്കര പൈനാപ്പിൾ കമ്പനിക്ക് വേണം സർക്കാർ സഹായം; ഇന്ന് ബോർഡ് യോഗം
text_fieldsമൂവാറ്റുപുഴ: സർക്കാർ സഹായം ലഭിച്ചാലേ നടുക്കര അഗ്രോ ആൻഡ് ഫ്രൂട്ട്സ് പ്രോസസിങ് കമ്പനിക്ക് മുന്നോട്ടുപോകാൻ കഴിയൂവെന്ന് കമ്പനി അധികൃതർ. കുടിശ്ശികയെത്തുടർന്ന് വൈദ്യുതി വിച്ഛേദിച്ചിരുന്നു.
പ്രവർത്തനം പുനരാരംഭിക്കണമെങ്കിൽ മൂലധനം വേണമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. വൈദ്യുതി ഇല്ലാത്തതിനാൽ കഴിഞ്ഞ അഞ്ചുദിവസമായി കമ്പനി പ്രവർത്തിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച കമ്പനി ഡയറക്ടർ ബോർഡ് അംഗങ്ങളുടെ അടിയന്തരയോഗം വിളിച്ചിരിക്കുകയാണ്.സർക്കാർ കനിഞ്ഞില്ലെങ്കിൽ കമ്പനി പൂട്ടേണ്ടിവരുമെന്ന് എം.ഡിയും ചെയർമാനും തൊഴിലാളികളെ അറിയിച്ചതായാണ് സൂചന.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പരമാവധി ശ്രമിച്ചിട്ടും തൊഴിലാളികളുടെ ശമ്പളം കൊടുക്കാൻപോലും കഴിയാത്ത സ്ഥിതിയിൽ രാജിക്ക് സന്നദ്ധരാണെന്ന് എം.ഡി സി.എഫ്. റോബർട്ടും ചെയർമാൻ ജോസ് ടോം പുലിക്കുന്നേലും തൊഴിലാളികളോടും വ്യക്തമാക്കി.
അതിനിടെ, കമ്പനി നവീകരണത്തിനായി നേരത്തേ ഓർഡർ ചെയ്ത അഞ്ചുകോടിയുടെ ആധുനിക മെഷീൻ കമ്പനിയിലെത്തി. പൈനാപ്പിൾ ഇലകളിൽനിന്ന് പരിസ്ഥിതി സൗഹൃദ ഡിസ്പോസബിൾ പ്ലേറ്റും ഗ്ലാസുകളും നിർമിക്കുന്ന യന്ത്രമാണിത്. യന്ത്രങ്ങൾ വാങ്ങുന്നതിന് കേന്ദ്ര സർക്കാറിന്റെ രാഷ്ട്രീയ കൃഷി വിജ്ഞാൻ യോജനയിൽനിന്ന് 2.55 കോടി അനുവദിച്ചിരുന്നു.
ബാക്കി 2.5 കോടി സർക്കാർ നൽകണമെന്നായിരുന്നു നിബന്ധന. എന്നാൽ, സംസ്ഥാന സർക്കാർ പണം നൽകിയില്ല. ഇതുമൂലം കമ്പനിയിൽ എത്തിച്ച യന്ത്രം ഇൻസ്റ്റാൾ ചെയ്യാതെ മറ്റൊരു മുറിയിലേക്ക് മാറ്റി.
കൂപ്പുകുത്തി പൈനാപ്പിൾ വില; 55ൽനിന്ന് 19ലേക്ക് ഇടിഞ്ഞു
മൂവാറ്റുപുഴ: ഉത്സവസീസണായിട്ടും പൈനാപ്പിൾവില കുത്തനെ ഇടിയുന്നു. ഒരു മാസംമുമ്പ് 50 മുതൽ 55 രൂപവരെ ഉണ്ടായിരുന്ന പൈനാപ്പിളിന്റെ വിലയിടിഞ്ഞ് 19ലെത്തി. ഡിസംബറിൽ ഏറ്റവും ഉയർന്ന വിലയാണ് ലഭിച്ചുവന്നിരുന്നത്. എന്നാൽ, രണ്ടുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിപ്പോൾ ലഭിക്കുന്നത്. പഴം 19ഉം പച്ചക്ക് 17 രൂപയുമായി. കഴിഞ്ഞ ഡിസംബറിൽ പൈനാപ്പിൾ പഴത്തിന് 34, പച്ചക്ക് 33 രൂപ, സ്പെഷൽ പച്ചക്ക് 35 രൂപ എന്നിങ്ങനെയായിരുന്നു വില. ഉൽപാദനം വർധിച്ചതും ഉത്തരേന്ത്യയിലെ ശൈത്യവും തമിഴ്നാട്ടിലെയും മറ്റ് സംസ്ഥാനങ്ങളിലെയും മഴയുമാണ് വിലയിടിയാൻ കാരണമെന്നാണ് കർഷകർ പറയുന്നത്. ക്രിസ്മസ് ഉത്സവസീസണായതിനാൽ ഡിസംബറിൽ പൈനാപ്പിളിന് സാധാരണനിലയിൽ വില ഉയരേണ്ടതാണ്.
എന്നാൽ, കയറ്റുമതി വലിയതോതിൽ കുറഞ്ഞതാണ് തിരിച്ചടിയായത്. വടക്കേ ഇന്ത്യയിലേക്കടക്കം ഇരുപതും മുപ്പതും ലോഡ് കയറിപ്പോയ സ്ഥാനത്ത് നാമമാത്രമാണ് കൊണ്ടുപോകുന്നത്. വില കുറഞ്ഞതോടെ കർഷകർക്ക് ചെലവായ തുകപോലും ലഭിക്കാത്ത സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.