കുടിവെള്ളം വേണം, വാളകം പഞ്ചായത്തുകാർക്ക്
text_fieldsമൂവാറ്റുപുഴ: വാളകം പഞ്ചായത്തിൽ കുടിവെള്ള ക്ഷാമത്തിൽ പൊറുതിമുട്ടി ജനം. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ ആവുണ്ട, ചെറിയ ഊരയം, പൂവാലൻകുന്ന്, പൊട്ടുമുകൾമല തുടങ്ങിയ പ്രദേശങ്ങളിലാണ് വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായത്.
അധികൃതരുടെ ഭാഗത്തുനിന്ന് പരിഹാര നടപടികളൊന്നും കാര്യക്ഷമമാവുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. ജൽ ജീവൻ പദ്ധതിയിൽ വെള്ളം പമ്പ് ചെയ്യാൻ മോട്ടോർ വാങ്ങി രണ്ടു മാസം കഴിഞ്ഞിട്ടും സ്ഥാപിച്ചിട്ടില്ല. പഞ്ചായത്തിലെ പറയരുകടവിലാണ് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത്. നിലവിൽ ഇവിടെ രണ്ട് മോട്ടോർ ഉണ്ടെങ്കിലും ഉയർന്നപ്രദേശങ്ങളിൽ വെള്ളം എത്തുന്നില്ല.
ജൽജീവൻ പദ്ധതിയിൽപെടുത്തി വാങ്ങിയ 80 എച്ച്.പിയുടെ രണ്ട് മോട്ടോർ പമ്പ് ഹൗസിൽ എത്തിയിട്ട് രണ്ടുമാസമായി. വേനൽക്കാലം മുന്നിൽക്കണ്ട് ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനാണ് ഇവ വാങ്ങിയത്. പവർ കൂടിയ ഈ മോട്ടോറുകൾ സ്ഥാപിച്ചാൽ കുടിവെള്ളക്ഷാമം പരിഹരിക്കാനാവും. പുതിയ മോട്ടോർ സ്ഥാപിച്ച് വെള്ളം പമ്പുചെയ്ത് വിതരണം നടത്തണമെങ്കിൽ ഇനിയും രണ്ടുമാസം കാലതാമസമുണ്ടാവുമെന്നാണ് വിവരം.
വേനൽ കനത്തതോടെ ജല ഉപഭോഗത്തിൽ വന്ന വർധനക്കനുസരിച്ച് പഴയ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാനാകുന്നില്ല. ഈ സാഹചര്യത്തിൽ ഗ്രാമ പഞ്ചായത്ത് ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ പൊട്ടിക്കിടക്കുന്ന കുടിവെള്ള പൈപ്പുകൾ നന്നാക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.