മൂന്ന് പതിറ്റാണ്ടായിട്ടും നടപടിയില്ല; മംഗല്യക്കടവിൽ നാട്ടുകാർ പാലം നിർമിച്ചു
text_fieldsമൂവാറ്റുപുഴ: പാലം എന്ന ആവശ്യം മൂന്നു പതിറ്റാണ്ടായി ഉയർത്തിയിട്ടും നടക്കാതെ വന്നതോടെ പൊതുജന പങ്കാളിത്തത്തോടെ മംഗല്യക്കടവിൽ താൽക്കാലികപാലം തീർത്ത് നാട്ടുകാർ. പായിപ്ര പഞ്ചായത്തിലെ നാലാം വാർഡിലെ മുളവൂർ കാവുംപടിയെയും കണ്ണാടിസിറ്റിയെയും തമ്മിൽ ബന്ധിപ്പിച്ച് മുളവൂർ തോടിന് കുറുകെയാണ് ജനകീയ ഇരുമ്പുപാലം ഉയർന്നിരിക്കുന്നത്.
30 വർഷമായി പാലത്തിനായി നാട്ടുകാർ കാത്തിരിക്കുകയായിരുന്നു. ഓരോ തെരഞ്ഞെടുപ്പ് കാലത്തും പാലത്തിന്റെ നിർമാണോദ്ഘാടനം നടക്കും. കഴിഞ്ഞ തവണ പൈലിങ്ങും നടന്നു. എന്നിട്ടും ഒന്നും നടക്കാതായതോടെ നാട്ടുകാർ തെങ്ങ്, അടക്കമരം എന്നിവ ഉപയോഗിച്ചു പാലം നിർമിച്ചാണ് അക്കരെ, ഇക്കരെ കടന്നത്.
മഴക്കാലം ആകുമ്പോൾ ഇത് ഒലിച്ചുപോകും. കഴിഞ്ഞ രണ്ടു വർഷമായി ഈ പണി നാട്ടുകാർ തന്നെ നിർത്തി. തുടർന്നാണ് നാട്ടുകാർ സംഘടിച്ച് ഇരുമ്പുപാലം തീർത്തത്. രണ്ടേകാൽ ലക്ഷത്തോളം രൂപ ചെലവിൽ 50 അടി നീളത്തിലും മൂന്നടി വീതിയിലും നിർമിച്ച പാലം പൂർത്തിയായതോടെ മൂവാറ്റുപുഴ, കോതമംഗലം ടൗണുകളിലേക്ക് പോകാൻ രണ്ടു കിലോമീറ്റർ ദൂരം ചുറ്റി സഞ്ചരിച്ച് പുതുപ്പാടി-ഇരുമലപ്പടി റോഡിലടക്കം എത്തി ചേർന്നിരുന്ന വെസ്റ്റ് മുളവൂർ നിവാസികൾക്ക് 600 മീറ്റർ മാത്രം സഞ്ചരിച്ചാൽ മതി. പാലത്തിന്റ ഉദ്ഘാടനം നിർമാണ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയ എസ്.ഡി.പി.ഐ പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മുഹമ്മദ് കുഞ്ഞ് നിർവഹിച്ചു. ഇതിനിടെ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി മുൻ എം.എൽ.എ എൽദോ എബ്രഹാം ആസ്തിവികസന ഫണ്ടില്‍നിന്ന് 65 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ആറ് മീറ്റര്‍ വീതിയിൽ പാലം പണിയുന്നതിനായിരുന്നു ഫണ്ട് അനുവദിച്ചിരുന്നത്. മണ്ണ് പരിശോധനയടക്കം നടക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടർനടപടിയുണ്ടായില്ല. മാറിയ സാഹചര്യത്തിൽ ഇനിയും തുക കൂട്ടിവെച്ചാലേ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.