അപകടക്കെണിയിൽ കക്കടാശ്ശേരി പാലം
text_fieldsകക്കടാശ്ശേരി പാലം
മൂവാറ്റുപുഴ: അന്താരാഷ്ട്ര നിലവാരത്തിൽ നിർമാണം പൂർത്തിയായ കക്കടാശ്ശേരി - കാളിയാർ റോഡിന്റെ തുടക്കത്തിലുള്ള കക്കടാശ്ശേരി പാലത്തിൽ വെളിച്ചമില്ല. കൊച്ചി - ധനുഷ്കോടി ദേശീയ പാതയിലെ കക്കടാശ്ശേരി കവലയിൽ നിന്ന് ആരംഭിക്കുന്ന റോഡിന്റെ തുടക്കത്തിൽ സ്ഥിതി ചെയ്യുന്ന പാലത്തിൽ വെളിച്ചമില്ലാത്തത് അപകടങ്ങൾക്കിടയാക്കുന്നുണ്ട്.
നവീകരണം പൂർത്തിയായതോടെ റോഡിന് വീതി കൂടി. എന്നാൽ പാലം പഴയ പടി നിലകൊള്ളുകയാണ്. കുപ്പിക്കഴുത്ത് പോലെയുള്ള പാലത്തിൽ ഇത് മൂലം അപകടങ്ങളും പതിവാണ്. റോഡ് നവീകരണം പൂർത്തിയായിട്ട് ആറുമാസം പിന്നിട്ടിട്ടും പാലത്തിൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല . മറ്റുഭാഗങ്ങളിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചുകഴിഞ്ഞു. പൊതുവേ വീതികുറഞ്ഞ പാലത്തിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള കോൺക്രീറ്റ് തൂണുകൾ നിർമിച്ചാൽ ഗതാഗതം ഒന്നു കൂടി ബുദ്ധിമുട്ടാകും.
ഇത് മുന്നിൽ കണ്ടാണ് ലൈറ്റുകൾ സ്ഥാപിക്കാത്തതെന്നാണ് സൂചന. ലൈറ്റില്ലാത്തതിനാൽ അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ പാലം തുടങ്ങുന്ന ഭാഗത്തും മറുഭാഗത്തും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്ന നിർദേശമാണുയരുന്നത്. റോഡ് നവീകരിക്കുകയും വാഹനങ്ങളുടെ എണ്ണം വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ വീതി കുറഞ്ഞ പാലത്തിൽ നടപ്പാത നിർമിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
ആറരപ്പതിറ്റാണ്ട് മുമ്പ് നിർമിച്ച പാലത്തിൽ റോഡ് നവീകരണഭാഗമായി നടപ്പാലം നിർമിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കിയിരിക്കുകയായിരുന്നു. ആദ്യത്തെ പ്രൊജക്ടിൽ മാറ്റം വരുത്തിയതാണ് നടപ്പാലം നഷ്ടമാകാൻ കാരണമായത്. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ നിർമാണം ഉയർന്ന നിലവാരത്തിൽ പൂർത്തിയായതോടെ 6.30 മീറ്റർ മാത്രം വീതി ഉള്ള പാലത്തിലെ ഗതാഗതം കൂടുതൽ ദുഷ്കരമായിരിക്കുകയാണ്. അപകടവും വർധിച്ചു. കക്കടാശ്ശേരിയിൽ നിന്ന് ആരംഭിച്ച് മൂവാറ്റുപുഴ നിയോജക മണ്ഡലാതിര്ത്തിയായ ഞാറക്കാട് അവസാനിക്കുന്നതാണ് നവീകരിച്ച 20 കിലോമീറ്റർ റോഡ്.
ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് നിർമിച്ചത്. ഒരു കി.മീറ്റർ റോഡ് നിർമാണത്തിന് ശരാശരി മൂന്ന് കോടി രൂപയാണ് അനുവദിച്ചത്. നിലവിൽ ശരാശരി വീതി എട്ട് മീറ്റർ മാത്രമാണ് വീതിയുള്ളത്. വാഹനത്തിരക്ക് ഏറിയതോടെ പാലത്തിലൂടെയുള്ള കാൽനട യാത്ര ദുഷ്കരമായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.