ആവശ്യക്കാരില്ല; പൈനാപ്പിൾ തോട്ടത്തിൽ തന്നെ നശിക്കുന്നു
text_fieldsമൂവാറ്റുപുഴ: രാജ്യത്താകെ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി ഉൽപന്നത്തിന് ആവശ്യക്കാരില്ലാതായതോടെ പൈനാപ്പിൾ തോട്ടത്തിൽതന്നെ നശിക്കുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി വിളവെടുക്കാൻ കഴിയാതെ 5000 ടൺ പൈനാപ്പിളാണ് നശിക്കുന്നത്.
കോവിഡ് മൂലം ഇതര സംസ്ഥാനങ്ങളിൽ പൈനാപ്പിളിന് ആവശ്യക്കാരില്ലാത്തതും ആഭ്യന്തര ഉപഭോഗത്തിൽ വലിയ ഇടിവുണ്ടായതുമാണ് തിരിച്ചടിയായത്. കർഷകർ പൈനാപ്പിൾ വെറുതെ കൊടുക്കാൻപോലും സന്നദ്ധത അറിയിക്കുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ മാത്രം 300 ടണ്ണോളം പൈനാപ്പിൾ വിൽക്കാനാകാതെ നാശത്തിെൻറ വക്കിലായി.
കഴിഞ്ഞ കോവിഡ് കാലത്ത് സംസ്ഥാനത്തിെൻറ വിവിധ മേഖലകളിൽ പൈനാപ്പിൾ ചാലഞ്ചിലൂടെ വിറ്റഴിച്ചിരുന്നു. എന്നാൽ, ഇത്തവണ ഇതിനും സാധിക്കുന്നില്ല. മാർക്കറ്റുകളും കടകളും അടഞ്ഞുകിടക്കുകയും ഫ്ലാറ്റുകളിലേക്കും മറ്റും വിപണനത്തിനായി എത്തുന്നവരെ തടയുന്നതുമാണ് കാരണം. കഴിഞ്ഞ കോവിഡ് കാലത്ത് ബാധ്യത മൂലം പൈനാപ്പിൾ കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. ഇത്തവണ സ്ഥിതി അതിരൂക്ഷമാണെന്ന് പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ബേബി ജോൺ പേടിക്കാട്ടുകുന്നേൽ പറയുന്നു.
കോവിഡ് വ്യാപനം രൂക്ഷമായതോടെ പൈനാപ്പിൾ വില ഇടിഞ്ഞിരുന്നു. റമദാൻ മാസത്തിെൻറ തുടക്കത്തിൽ 50 രൂപവരെ കുതിച്ചുയർന്ന വില കഴിഞ്ഞ ആഴ്ചകളിൽ 10 രൂപവരെ എത്തിയിരുന്നു. നേരത്തേ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽനിന്ന് നിത്യേന 150 മുതൽ 200 ലോഡുവരെ കയറ്റി അയച്ചിരുന്നു. എന്നാൽ, കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായതോടെ ഇത് ശരാശരി 50 ലോഡ് മാത്രമായി കുറയുകയും ലോക്ഡൗൺ എത്തിയതോടെ പൂർണമായി നിലക്കുകയും ചെയ്തു. ഏകദേശം 4000 ഹെക്ടര്‍ സ്ഥലത്ത് പൈനാപ്പിള്‍ കൃഷി ചെയ്യുന്നുണ്ട്. ഈ മേഖലയിലെ ഒരു വര്‍ഷത്തെ വിറ്റുവരവുതന്നെ 1600 കോടിയോളം രൂപവരും. കോവിഡിെൻറ രണ്ടാം വരവിൽ 300 കോടിയോളം രൂപയുടെ നഷ്ടം മേഖലയിൽ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.