അപകട മേഖലയായി നെഹ്റു പാര്‍ക്ക്
text_fieldsമൂവാറ്റുപുഴ: ദേശീയ-സംസ്ഥാന പാതകള്‍ സംഗമിക്കുന്ന നഗര മധ്യത്തിലെ നെഹ്റു പാര്‍ക്ക് സ്ഥിരം അപകടമേഖലയാകുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയും സംസ്ഥാനപാതയായ എം.സി റോഡും ഇവിടെയാണ് സംഗമിക്കുന്നത്. എറണാകുളം, പട്ടിമറ്റം, പെരുമ്പാവൂര്‍ മേഖലകളില്‍നിന്ന് കോതമംഗലം, പിറവം, തൊടുപുഴ, കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട ചരക്കുലോറികള്‍ അടക്കം നൂറ് കണക്കിന് വാഹനങ്ങള്‍ ദിനവും ഈ സര്‍ക്കിള്‍ കറങ്ങിവേണം കടന്നു പോകാന്‍.
കോതമംഗലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് കച്ചേരിത്താഴം പാലം നേരെ കടക്കാന്‍ സഹായകരമാകുന്ന ബി.ഒ.സി റോഡാകട്ടെ സ്വകാര്യബസുകള്‍ കൈയടക്കിയ നിലയിലാണ്. ഇതോടെ പാലം കടക്കേണ്ട മുഴുവന്‍ വാഹനങ്ങളും നെഹ്റു പാര്‍ക്ക് സര്‍ക്കിള്‍ ചുറ്റണം. കഴിഞ്ഞദിവസം ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരണമടഞ്ഞിരുന്നു. അശാസ്ത്രീയ നിർമാണവും ഗതാഗതനിയന്ത്രണ സംവിധാനങ്ങളുടെ പാളിച്ചയും അപകടങ്ങൾക്ക് കാരണമാണ്. വാഹനങ്ങളുടെ വേഗത്തിൽ കാര്യമായ നിയന്ത്രണം ഏർപ്പെടുത്തിയാൽ അപകടം ഒരു പരിധിവരെ ഒഴിവാക്കാം.
വശങ്ങളിലെ അനധികൃത പാർക്കിങ്ങും തെരുവോര കച്ചവടവും മറ്റൊരു കാരണമാണ്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലും എം.സി റോഡിലും വലിയ ഗതാഗതക്കുരുക്കാണ് എല്ലാ ദിവസവും അനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്കൾ ഇല്ലാതാകണമെങ്കിൽ നഗരത്തിലെ ബൈപാസുകൾ യഥാർഥ്യമാകണം. മുറിക്കല്ല് ബൈപാസിന്റെ നിർമാണം പൂർത്തിയായെങ്കിലും അപ്രോച് റോഡ് യാഥാർഥ്യമായിട്ടില്ല. ജനശക്തി റോഡ് വീതികൂട്ടി വാഹനഗതാഗതത്തിന് സൗകര്യമാക്കിയാൽ ബി.ഒ.സി ജങ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയും അപകടങ്ങൾ ഇല്ലാതാക്കുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.