അരനൂറ്റാണ്ട് മുമ്പുള്ള ചുവരെഴുത്ത് തെളിഞ്ഞു; '68ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഓർമയിൽ നാട്ടുകാർ
text_fieldsമൂവാറ്റുപുഴ: അരനൂറ്റാണ്ട് മുമ്പുള്ള ചുവരെഴുത്ത് തെളിഞ്ഞുവന്നത് ഗതകാല സ്മരണകൾ ഉയർത്തി. 1968ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിന്റെ ഓർമകൾ ഉയർത്തിയാണ് എവറസ്റ്റ് കവലക്ക് സമീപം എഴുതിയ പഴയ ചുവരെഴുത്ത് തെളിഞ്ഞത്. മൂവാറ്റുപുഴ നഗരസഭ നാലാം വാർഡിൽ നിന്ന് മത്സരിച്ച പി.വി. സെയ്ത് മുഹമ്മദിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം എഴുതിയതാണ് കഴിഞ്ഞ ദിവസം തെളിഞ്ഞുവന്നത്.
പഴയ കെട്ടിടത്തിൽ പിന്നീട് അടിച്ച പെയിന്റ് പൊളിഞ്ഞതോടെയാണ് അഞ്ചര പതിറ്റാണ്ടിന് മുമ്പുള്ള ചുവരെഴുത്ത് പുറത്തായത്. അക്കാലത്തെ പ്രധാന പ്രചാരണമായിരുന്നു ചുവരെഴുത്തുകൾ. അക്കാലത്ത് 13 വാർഡുകളുണ്ടായിരുന്നു നഗരസഭയിൽ. വ്യാപാര കേന്ദ്രവും മാർക്കറ്റും അടക്കം നാലാം വാർഡിലായിരുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയ പാർട്ടികളുടെ അഭിമാന വാർഡുമായിരുന്നു ഇത്. സി.പി.ഐ പിന്തുണയുള്ള സ്വതന്ത്രനായാണ് പി.പി. സെയ്ത് മുഹമ്മദ് മത്സരിച്ചത്. സി.പി.ഐ സ്ഥാനാർഥിയായി മത്സരിക്കേണ്ടിയിരുന്ന ടി.എം. യൂസുഫ് മത്സര രംഗത്ത് നിന്ന് മാറി സീറ്റ് സൈയ്തുമുഹമ്മദിനു നൽകുകയായിരുന്നു. അന്ന് സി.പി.ഐ, കോൺഗ്രസ് അടക്കമുള്ള വലതു മുന്നണിക്കൊപ്പമായിരുന്നു. സി.പി.എം പിന്തുണയുള്ള സ്വതന്ത്രൻ ടി.എ. മുഹമ്മദായിരുന്നു എതിർ സ്ഥാനാർഥി. സൈക്കിൾ ചിഹ്നത്തിൽ മത്സരിച്ച സെയ്ത് മുഹമ്മദ് 15 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് മുനിസിപ്പൽ ചെയർമാനാകുകയും ചെയ്തു. വീറും വാശിയും ഏറിയ തെരഞ്ഞെടുപ്പായിരുന്നു അന്ന് നടന്നതെന്ന് പഴമക്കാർ ഓർക്കുന്നു. പ്രചാരണം കാണാൻ മറ്റു പ്രദേശങ്ങളിൽ നിന്നും ആളുകൾ എത്തിയിരുന്നുവെന്നതും ചരിത്രം.1958ൽ രൂപീകൃതമായ മൂവാറ്റുപുഴ നഗരസഭയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് സെയ്ത് മുഹമ്മദിൻറ കാലത്തായിരുന്നു. 1968 മുതൽ 77 വരെയായിരുന്നു അത്തവണ കൗൺസിൽ നിലനിന്നത്. തെരഞ്ഞെടുപ്പ് നടത്താതെ ആറു മാസം വീതം നീട്ടിനൽകുകയായിരുന്നു. ഇതിനിടയിൽ അടിയന്തരാവസ്ഥയും വന്നു. തനത് വരുമാനങ്ങളില്ലാതിരുന്ന നഗരസഭക്ക് വരുമാനം ഉണ്ടാക്കാനായി ഷോപ്പിങ് കോംപ്ലക്സുകൾ നിർമിച്ചത്, സ്വകാര്യ വ്യക്തികളുടെ കൈവശമായിരുന്ന മാർക്കറ്റ് ഏറ്റെടുത്ത് മുനിസിപ്പൽ മാർക്കറ്റ് സ്ഥാപിച്ചത് എല്ലാം ഈ കാലയളവിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.