നിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ട് ഒരുവർഷം; ആസാദ് റോഡ് തകർന്നു
text_fieldsമൂവാറ്റുപുഴ: മഴ ആരംഭിച്ചതോടെ നഗരത്തിലെ പ്രധാന റോഡുകളിൽ ഒന്നായ ആസാദ് റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി. തകർന്ന് കുണ്ടുംകുഴിയുമായി കിടക്കുന്ന റോഡ് നവീകരിക്കാൻ ഫണ്ട് അനുവദിച്ചിട്ട് ഒരു വർഷം പിന്നിട്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായില്ല. എം.എൽ.എയുടെ വികസന ഫണ്ടിൽപെടുത്തി കഴിഞ്ഞ വർഷമാണ് ആസാദ് റോഡ് നവീകരണത്തിനടക്കം തുക അനുവദിച്ചത്. കീച്ചേരിപടി മുതൽ നഗരസഭാതിർത്തിയായ കെ.എം.എൽ.പി.എസിന് സമീപം വരെയുള്ള ഭാഗത്തെ നവീകരണത്തിനാണ് തുക അനുവദിച്ചിരുന്നത്.
ഇതിനുപുറമെ ആശ്രമംകുന്ന് റോഡിനും ഇ.ഇ.സി. മാർക്കറ്റ് കവല മുതൽ പുളിഞ്ചോട് വരെയുളള വെള്ളൂർക്കുന്നം -പുളിഞ്ചുവട് റോഡിനും കാവുംകര മാർക്കറ്റ് റോഡിനുമായി ബജറ്റിൽ അഞ്ച് കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ, ഒന്നിന്റെയും നിർമാണ പ്രവർത്തനങ്ങൾക്ക് ഇനിയും തുടക്കമായിട്ടില്ല. ഇ.ഇ.സി മാർക്കറ്റ് -പുളിഞ്ചോട് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് സ്ഥലം ഏറ്റെടുത്ത് നൽകാത്തതാണ് എല്ലാ റോഡുകളുടെയും നവീകരണം മുടങ്ങാൻ കാരണമായത്. ആദ്യം സ്ഥലം വിട്ടുനൽകാൻ തയാറായ സ്ഥലമുടമകൾ പിന്നീട് ഇതിൽനിന്ന് പിൻമാറുകയായിരുന്നു. ഫണ്ട് അനുവദിച്ച് വർഷം കഴിഞ്ഞിട്ടും നിർമാണം ആരംഭിക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഉള്ള വീതിയിൽ തന്നെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ തീരുമാനിച്ചങ്കിലും തുടർനടപടി ഉണ്ടായില്ല. നഗരത്തിലെ ജനവാസ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന ആസാദ് റോഡിന്റെ നവീകരണ പ്രവൃത്തി നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. തകർന്നു കിടക്കുന്ന റോഡ് മഴ ആരംഭിച്ചതോടെ കുണ്ടുംകുഴിയുമായി മാറി.
കീച്ചേരിപടിയിൽ നിന്നാരംഭിച്ച് പായിപ്ര പഞ്ചായത്തിലെ മുളവൂർ പി.ഒ ജങ്ഷനിലൂടെ കോതമംഗലത്ത് എത്തിചേരുന്ന റോഡ് മൂവാറ്റുപുഴ നഗരസഭ നാല്, അഞ്ച്, എട്ട് വാർഡുകളിലൂടെയാണ് കടന്നുപോകുന്നത്. നഗരസഭ പ്രദേശത്തെ രണ്ടു കിലോമീറ്റർ ദൂരത്തെ നിർമാണത്തിനാണ് എം.എൽ.എയുടെ വികസന ഫണ്ടിൽനിന്ന് തുക അനുവദിച്ചത്. നേരത്തെ പൂർണമായി തകർന്നുകിടന്നിരുന്ന റോഡ് ഏഴുവർഷം മുമ്പാണ് വീതി കൂട്ടി നവീകരിച്ചത്. നഗരസഭ പ്രദേശം കഴിഞ്ഞുള്ള പായിപ്ര പഞ്ചായത്തിലൂടെ കടന്നുപോകുന്ന ബാക്കി മൂന്നു കിലൊമീറ്റർ ദൂരം ബി.എം.ബി.സി നിലവാരത്തിൽ നവീകരണം പൂർത്തിയായി കഴിഞ്ഞു. റോഡിലൂടെയുള്ള യാത്ര ദുസ്സഹമായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങി.
നിവേദനം നൽകി
മൂവാറ്റുപുഴ: തകർന്ന് സഞ്ചാര യോഗ്യമല്ലാതായ ആസാദ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി പൊതുമരാമത്ത് അധികൃതർക്ക് നിവേദനം നൽകി. ഫണ്ട് അനുവദിച്ച് ഒരു വർഷം കഴിഞ്ഞിട്ടും നിർമാണം ആരംഭിക്കാത്ത റോഡ് മഴ ആരംഭിച്ചതോടെ പൂർണമായി തകർന്നിരിക്കുകയാണ്. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് നിർമാണം പൂർത്തിയാക്കണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.