ഇവർ പുഴയുടെ കാവൽക്കാർ
text_fieldsമൂവാറ്റുപുഴ: തെളിനീർ ഒഴുകുന്ന മൂവാറ്റുപുഴയാർ മാലിന്യ വാഹിനിയായതോടെ പുഴയുടെ വീണ്ടെടുപ്പിന് ഒരു കൈ സഹായവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് പായിപ്ര ഗവ. യു.പി. സ്കൂൾ വിദ്യാർഥികൾ. പാഠ്യ, പാഠ്യേതര രംഗങ്ങളിൽ ഒന്നുപോലെ മികവ് പുലർത്തുന്ന ഇവിടത്തെ വിദ്യാർഥികൾക്ക് ഉപദേശങ്ങളും പ്രോത്സാഹനവുമായി അധ്യാപകരും രംഗത്തുണ്ട്. നദികളെയും പുഴകളെയും കുറിച്ച് പാഠപുസ്തകങ്ങളിൽ നിന്ന് ലഭിച്ച അറിവുകൾ തേടി മൂവാറ്റുപുഴയാർ സന്ദർശിച്ചപ്പോഴാണ് മലിനീകരണം കുട്ടികൾക്ക് ബോധ്യമായത്. ആശയങ്ങളും അനുഭവങ്ങളും സ്കൂൾ സോഷ്യൽ സർവിസ് സ്കീമിൽ പങ്കുവെച്ചപ്പോൾ പുഴയോരം ശുചീകരിക്കാനും പരിസ്ഥിതി സംഘടനകളെ പങ്കെടുപ്പിച്ച് മാലിന്യപ്രശ്നം ചർച്ച ചെയ്യാനും വിദ്യാർഥി കൂട്ടം തീരുമാനിച്ചു. തുടർന്ന് ആദ്യഘട്ടമായി കുട്ടികൾ മൂവാറ്റുപുഴയോരത്ത് പുഴ സംരക്ഷണ പ്രതിജ്ഞയെടുത്ത് പ്ലാസ്റ്റിക് മാലിന്യം നീക്കി.
മൂവാറ്റുപുഴ മുനിസിപ്പൽ പാർക്കിൽ പുഴ സംരക്ഷണത്തിനായി ചർച്ചയും സംഘടിപ്പിച്ചു. പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ മൂവാറ്റുപുഴയുടെ കോഓർഡിനേറ്റർ അസീസ് കുന്നപ്പിള്ളി, റെസ്ക്യു ട്രെയിനർ ഷാജി എന്നിവർ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. ഇതിന് പുറമെ നിരവധി സാമൂഹിക, പാരിസ്ഥിതി സേവന പ്രവർത്തനങ്ങളും പായിപ്ര സ്കൂളിലെ വിദ്യാർഥികൾ ഏറ്റെടുത്ത് നടത്തിവരുന്നു. സംസ്ഥാന പി.ടി.എ അവാർഡ്, അധ്യാപക അവാർഡ്, നൻമ മരം ഗ്ലോബൽ ഫൗണ്ടേഷൻ പുരസ്കാരം, ജില്ലയിലെ മികച്ച പരിസ്ഥിതി ക്ലബ് പുരസ്കാരം എന്നിവ സ്കൂൾ സ്വന്തമാക്കിയിട്ടുണ്ട്. സ്വന്തമായി നാലേക്കർ ഭൂമിയുള്ള സ്കൂളിലെ വിശാലമായ ജൈവ വൈവിധ്യ ഉദ്യാനവും കരനെൽകൃഷിയും സൂര്യകാന്തിത്തോട്ടവും ജൈവ പച്ചക്കറി കൃഷിയും സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റി.
ഉപജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സോഷ്യൽ സർവീസ് സ്കീം പ്രവർത്തിക്കുന്ന ഏക വിദ്യാലയം കൂടിയാണ് പായിപ്ര സർക്കാർ യു.പി സ്കൂൾ. പ്രദേശത്തെ വിവിധ തൊഴിലാളി സംഘടനകളുടെ സഹായത്തോടെ ഇക്കഴിഞ്ഞ ഓണനാളിൽ നാനൂറോളം പേർക്ക് ഓണ സദ്യയും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.