പായിപ്ര മൈക്രോവേവ് റോഡ് തകർന്നു
text_fieldsമൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ ഒന്നാം വാർഡിൽപെട്ട മൈക്രോവേവ് റോഡ് തകർന്നു. കാൽനടപോലും ദുസ്സഹമായി. ശക്തമായ മഴക്കൊപ്പം ഭാരവണ്ടികൾ കൂടിയായതോടെ റോഡിലൂടെയുള്ള യാത്ര ദുരിതമായി. നൂറുകണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡ് തകർന്നതോടെ വിദ്യാർഥികൾ അടക്കമുള്ളവർ വലഞ്ഞു.
ചളിയും വെള്ളവും ചവിട്ടാതെ ഇതുവഴി നടക്കാനാകില്ല. റോഡിന്റെ പലഭാഗങ്ങളിലും ചളിക്കുണ്ടുകൾ രൂപപ്പെട്ട് വെള്ളം കെട്ടിക്കിടക്കുന്നു. പായിപ്ര-നെല്ലിക്കുഴി റോഡിലെ മൈക്രോ കവലയിൽനിന്ന് ആരംഭിച്ച് ത്രിവേണി-സ്കൂൾ പടി റോഡിൽ അവസാനിക്കുന്ന ഒന്നേകാൽ കിലോമീറ്റർ റോഡാണ് തകർന്നത്. പ്രതിഷേധങ്ങൾക്കൊടുവിൽ വർഷങ്ങൾക്ക് മുമ്പാണ് റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. ജില്ല പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്.
എന്നാൽ, ഭാരവണ്ടികളുടെ ഓട്ടം മൂലം റോഡിന് കേടുപാട് സംഭവിക്കുകയായിരുന്നു. ഗ്രാമീണ റോഡായതിനാൽ ഭാരം താങ്ങാനുള്ള ശേഷിയിലല്ല പാത നിർമിച്ചിരിക്കുന്നത്. മഴ ശക്തിപ്പെടുക കൂടി ചെയ്തതോടെ റോഡ് പൂർണമായും നശിച്ചു. നിലവിൽ ഏറെ പണിപ്പെട്ടാണ് ഇതുവഴി വാഹനം ഓടിക്കുന്നത്.
കുഴികളിലും മറ്റും വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായി. റോഡ് തകർന്നതോടെ ഓട്ടോകൾ ഇതുവഴി വരാതായി. സ്വന്തമായി വാഹനമുള്ളവർക്കും റോഡ് തകർന്നതോടെ സുഗമമായി യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള റോഡ് നവീകരിക്കണമെങ്കിൽ വൻ തുക വേണ്ടിവരുന്ന സ്ഥിതിയാണുള്ളത്. റോഡ് നവീകരിക്കുന്നതിനു പുറമെ ഓടകൾ നിർമിക്കുക കൂടി ചെയ്താലേ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ.
പഞ്ചായത്ത് റോഡായതിനാൽ പണംമുടക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറല്ല. എം.പി, എം.എൽ.എ തുടങ്ങിയ ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ട് അനുവദിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.