പായിപ്രയിൽ മലയിടിക്കൽ തുടരുന്നു
text_fieldsമൂവാറ്റുപുഴ: പായിപ്ര മേഖലയിൽ ഭൂമാഫിയ കുന്നിടിക്കലും മലയിടിക്കലും തുടരുന്നു. റവന്യൂ മന്ത്രി റിപ്പോർട്ട് തേടിയതടക്കമുള്ള മലകളാണ് വീണ്ടും ഇടിച്ചുനിരത്തുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ജില്ല വികസന സമതി യോഗത്തിലും മലയിടിക്കലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ജില്ല കലക്ടറും പറഞ്ഞിരുന്നു. എള്ളുമല, മയ്യുണ്ണി മല, എഴിമല തുടങ്ങി എല്ലാം ഇടിച്ചുനിരത്തുകയാണ്.
40 ഏക്കറോളം വരുന്ന എള്ളുമല കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളിലെ മുളവൂർ അശമന്നൂർ വില്ലേജുകളിലായിട്ടാണ് വ്യാപിച്ചുകിടക്കുന്നത്. പായിപ്ര സ്കൂൾപടി-ത്രിവേണി റോഡിനോട് ചേർന്ന ഏക്കർ കണക്കിന് സ്ഥലത്ത് നടത്തുന്ന ചെങ്കൽമട റോഡിന് വൻ ഭീഷണിയാണെങ്കിലും അധികൃതർക്ക് അനക്കമില്ല. റവന്യൂമന്ത്രിക്ക് നേരിട്ട് നൽകിയ പരാതിയെതുടർന്ന് പാരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുത്ത് മണ്ണെടുപ്പും നിർത്തിവെക്കാൻ ഉത്തരവിട്ട് രണ്ടാഴ്ച കഴിയുംമുമ്പ് രാത്രിയും പകലും പരസ്യമായി മലയിടിക്കൽ തുടരുകയാണ്.
മൈനിങ് ആൻഡ് ജിയോളജി, റവന്യൂ, പൊലീസ്, പഞ്ചായത്ത് വകുപ്പുകളുടെ മൗനാനുവാദത്തോടെയാണ് മലകൾ ഇടിച്ചുനിരത്തുന്നത്. ഉദ്യോഗസ്ഥർ ഓഫിസിൽനിന്ന് ഇറങ്ങുന്നതിനുമുമ്പ് മണ്ണെടുക്കുന്നവരുടെ ഫോണിൽ വിവരം എത്തിക്കുകയാണ്. ഇതോടെ പരിശോധകളും പ്രഹസനമാവുന്നു. കേന്ദ്രസർക്കാറിന്റെ കീഴിലുള്ള മൈക്രോ സ്റ്റേഷൻ കെട്ടിടത്തിനും മണ്ണെടുപ്പ് ഭീഷണി ഉയർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.