കാവുംപടിയിൽ പൈപ്പ് വീണ്ടും പൊട്ടി; കുടിവെള്ളം മുടങ്ങി
text_fieldsമൂവാറ്റുപുഴ: കാവുംപടിയിൽ ജലവിതരണക്കുഴൽ വീണ്ടും പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം റോഡിൽ ഒഴുകി. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങി.
കാവുംപടി റോഡിൽ രണ്ട് വിതരണ ലൈനുകളാണുള്ളത്. ഒന്ന് പണ്ടിരിമല ഭാഗത്തേും മറ്റൊന്ന് കിഴക്കേക്കര ഭാഗത്തേും കുടിവെള്ളം എത്തിക്കുന്നതിനും. ഇതില്‍ ഏത് ലൈനാണ് പൊട്ടിയതെന്ന് സ്ഥിരീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. റോഡ് കുഴിച്ച് പരിശോധന നടത്തിയാലേ വ്യക്തത വരൂ. പൈപ്പ്പൊട്ടി വെള്ളം റോഡിൽ ഒഴുകിയതോടെ ഇരു ലൈനും പൂട്ടിയതിനാൽ നഗരത്തിന്റെ പകുതിഭാഗത്ത് കുടിവെളള വിതരണം മുടങ്ങി.
ഏതാനും മാസം മുമ്പ് കാവുംപടി റോഡിൽ പ്രധാന വിതരണക്കുഴല്‍ പൊട്ടി രണ്ടാര്‍, കിഴക്കേക്കര മേഖലയില്‍ ദിവസങ്ങളോളം കുടിവെളള വിതരണം നിലച്ചിരുന്നു. പൊട്ടിയ ലൈനില്‍ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറക്കേ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കൂ.
40 വർഷത്തിന് മുകളിൽ പഴക്കവും ജീർണാവസ്ഥയിലുമുള്ള ആസ്ബസ്റ്റോസ് കുഴലുകളാണ് വളരെ ആഴത്തിൽ മണ്ണിനടിയിലൂടെ കടന്നുപോകുന്നത്. അതിനാല്‍ അറ്റകുറ്റപ്പണി തീരാൻ ദിവസങ്ങളെടുക്കുമെന്നാണ് കരുതുന്നത്.
അടിക്കടി പൈപ്പ് പൊട്ടുന്നതുമൂലം മൂവാറ്റുപുഴ നഗരത്തിൽ കുടിവെള്ളക്ഷാമം അനുഭവപ്പെടുകയാണെന്ന് നഗരവാസികൾ പറയുന്നു. വാട്ടർ അതോററ്റി പൈപ്പുകൾ നന്നാക്കി പുതിയത് സ്ഥാപിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.
രണ്ടുമാസത്തിനിടയിൽ നിരവധി സ്ഥലങ്ങളിലാണ് പൈപ്പുകൾ പൊട്ടി ശുദ്ധജലം റോഡിലൂടെ ഒഴുകിയത്. പരാതി ഉയരുമ്പോൾ ഉടൻ പരിഹരിക്കുമെന്ന മറുപടിയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുക. കുടിവെള്ള വിതരണത്തിന്റെ മെയിൻ പൈപ്പ് പൊട്ടിയാൽ നഗരത്തിലടക്കം കുടിവെള്ളവിതരണം മുടങ്ങും. അപ്രതീക്ഷിതമായി കുടിവെള്ളം മുടങ്ങുന്നത് നഗരവാസികളെ ദുരിതത്തിലാക്കുന്നു. നഗരത്തിലെ മിക്ക വീടുകളും പൈപ്പുവെള്ളത്തെ മാത്രം ആശ്രയിച്ചാണ് കഴിയുന്നത്. പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ കുത്തിയൊഴുകുന്നതിനാൽ ടാർ ഇളകി റോഡ് തകരുന്നത് പതിവാണ്. പൊട്ടിയ ഇടങ്ങളിലെ പൈപ്പ് അടിയന്തരമായി നന്നാക്കിയില്ലെങ്കിൽ റോഡ് തകരാനും കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.