മത്സ്യമാർക്കറ്റിൽ വീണ്ടും പ്ലാസ്റ്റിക് കത്തിച്ചു; ദുരിതത്തിലായി നാട്ടുകാർ
text_fieldsമൂവാറ്റുപുഴ: നഗരസഭയുടെ അടച്ചുപൂട്ടിയ ആധുനിക മത്സ്യമാർക്കറ്റിൽ വീണ്ടും പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു. രണ്ടാഴ്ചമുമ്പ് മാലിന്യം കത്തിച്ചപ്പോൾ ഉയർന്ന വിഷപ്പുക ശ്വസിച്ച് സമീപത്തെ വ്യാപാരികൾ അടക്കമുള്ളവർക്ക് അസ്വസ്ഥതകളുണ്ടായിരുന്നു. വിവരമറിഞ്ഞ് മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് അടക്കമുള്ളവർ സ്ഥലത്തെത്തിയപ്പോഴേക്കും സാമൂഹികവിരുദ്ധർ കടന്നുകളഞ്ഞു.
ഇതിനുശേഷം പ്രശ്നങ്ങളില്ലാതിരുന്ന മാർക്കറ്റിൽ വ്യാഴാഴ്ച രാവിലെയാണ് വീണ്ടും മാലിന്യം കത്തിച്ചത്. മത്സ്യമാർക്കറ്റിൽ വാച്ചറെ നിയമിക്കുമെന്ന് അന്ന് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നെങ്കിലും തുടർനടപടിയായിട്ടില്ല. വ്യാഴാഴ്ച രാവിലെ 8.30ഓടെയാണ് ഇലക്ട്രിക് വയർ അടക്കമുള്ള പ്ലാസ്റ്റിക് കത്തിച്ചത്.
മാർക്കറ്റ് കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് വ്യാപകമാകുന്നത് സമീപത്തെ ടൗൺ യു.പി സ്കൂളിലെ വിദ്യാർഥികൾക്ക് അടക്കം വിനയാകും. കോടികൾ മുടക്കി നിർമിച്ചശേഷം തുറന്നുകൊടുക്കാതെ അടച്ചുപൂട്ടിയ മത്സ്യമാർക്കറ്റ് സാമൂഹികവിരുദ്ധരുടെയും ആക്രിക്കച്ചവടക്കാരുടെയും താവളമായി മാറിയിട്ട് നാളുകളായി.
രാപകൽ ഭേദമന്യേ ആക്രി പെറുക്കുന്നവർ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീയിടുന്നതുമൂലം ഉയരുന്ന പുക സ്റ്റേഡിയം കോംപ്ലക്സിലും ന്യൂ ബസാറിലുമുള്ള വ്യാപാരികൾക്കും സമീപത്തുള്ള ടൗൺ സ്കൂളിലെ വിദ്യാർഥികൾക്കും മറ്റുമാണ് ദുരിതം വിതക്കുന്നത്.
വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിക്കുന്ന ഇലക്ടിക് വയറുകളും മറ്റുമാണ് ഇവിടെയിട്ട് കത്തിക്കുന്നത്. ഇത് ഏറ്റവുമധികം ദുരിതമായത് തൊട്ടടുത്തുള്ള ടൗൺ യു.പി സ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമാണ്.
ഒരുപതിറ്റാണ്ട് മുമ്പ് കേന്ദ്രസർക്കാറിന്റ സഹായത്തോടെ മൂന്നുകോടി രൂപ ചെലവഴിച്ച് നിർമിച്ച ആധുനിക മത്സ്യമാർക്കറ്റ് വിപണനത്തിന് തുറന്നുകൊടുക്കാതെ അടച്ചുപൂട്ടി. കുറെക്കാലം മാർക്കറ്റിൽ വാച്ചറുടെ സേവനം ലഭ്യമാക്കിയിരുന്നെങ്കിലും പിന്നീട് ഇയാളെ ഒഴിവാക്കി. ഇതോടെയാണ് മാർക്കറ്റ് കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളമായത്.
ഇവിടെയുണ്ടായിരുന്ന വയറിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ശീതീകരണ സംവിധാനങ്ങളും മറ്റ് ഉപകരണങ്ങളും സാമൂഹിക വിരുദ്ധർ പൊളിച്ചെടുത്തു. മയക്കുമരുന്നു വിൽപനയും ഉപഭോഗവും എല്ലാം ഇവിടെ നടക്കുന്നുണ്ട്. കാടുപിടിച്ചു കിടക്കുന്ന ഇവിടെ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രവുമാണ്. ഇതിനിടയിലാണ് പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത്. മാർക്കറ്റ് കെട്ടിടത്തിൽ വാച്ചറുടെ സേവനം ലഭ്യമാക്കിയാലേ പ്രശ്നത്തിന് ശാശ്വതപരിഹാരമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.