അടച്ചുപൂട്ടിയ മത്സ്യമാർക്കറ്റിൽ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നു
text_fieldsമൂവാറ്റുപുഴ: നഗരസഭയുടെ അടച്ചുപൂട്ടിയ ആധുനിക മത്സ്യമാർക്കറ്റ് കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് വ്യാപകമായതോടെ വിഷപ്പുക ശ്വസിക്കാൻ വിധിക്കപ്പെട്ട് നാട്ടുകാർ. നഗരമധ്യത്തിലെ ടൗൺ യു.പി സ്കൂളിനുസമീപം സ്ഥിതി ചെയ്യുന്ന മത്സ്യമാർക്കറ്റ് സാമൂഹികവിരുദ്ധരുടെയും ആക്രി കച്ചവടക്കാരുടെയും താവളമായതോടെയാണ് പരിസരത്തെ വ്യാപാരികൾക്കും സ്കൂൾ വിദ്യാർഥികൾക്കും അടക്കം ദുരിതമായത്.
രാപ്പകൽ ഭേദമന്യേ ആക്രി പെറുക്കുന്നവർ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീയിടുന്നതുമൂലമാണ് പുക ഉയരുന്നത്. നേരത്തേ ഇവിടെ മാലിന്യം കത്തിക്കുന്നവർക്കെതിരെ നഗരസഭ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, ഒരാഴ്ചയായി പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് വ്യാപകമാണ്.
ഒരു പതിറ്റാണ്ടുമുമ്പ് കേന്ദ്രസർക്കാർ സഹായത്തോടെ മൂന്നുകോടി രൂപ ചെലവഴിച്ച് നിർമിച്ച മത്സ്യമാർക്കറ്റ് പൂട്ടിയിടുകയായിരുന്നു. കുറേക്കാലം മാർക്കറ്റിൽ വാച്ചറുടെ സേവനം ലഭ്യമാക്കിയിരുന്നങ്കിലും പിന്നീട് ഇയാളെ ഒഴിവാക്കി. ഇതോടെയാണ് സാമൂഹിക വിരുദ്ധരുടെ താവളമായത്. ഇവിടെ ഉണ്ടായിരുന്ന വയറിങ്, ശീതീകരണ സംവിധാനങ്ങളും മറ്റ് ഉപകരണങ്ങളും സാമൂഹികവിരുദ്ധർ പൊളിച്ചെടുത്ത് വിറ്റു.
പകൽ പോത്തുവളർത്തൽ കേന്ദ്രമാകുന്ന കെട്ടിടം രാത്രി സാമൂഹികവിരുദ്ധരുടെ വിഹാരകേന്ദ്രമാകും. കാടുപിടിച്ച് കിടക്കുന്ന ഇവിടെ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രവുമാണ്. മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപം ഒരേക്കറോളം സ്ഥലത്താണ് മത്സ്യമാർക്കറ്റ് നിർമിച്ചത്. മാർക്കറ്റ് കെട്ടിടം മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ ഭാഗമാക്കാനുള്ള നീക്കത്തിലാണ് നഗരസഭ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.