വേണം പേഴക്കാപ്പിള്ളി കവല കേന്ദ്രീകരിച്ച് പൊലീസ് സ്റ്റേഷൻ
text_fieldsമൂവാറ്റുപുഴ: ജില്ലയിലെ വലിയ പഞ്ചായത്തായ പായിപ്ര പഞ്ചായത്തിലെ പേഴക്കാപ്പിള്ളി കവല കേന്ദ്രീകരിച്ച് പുതിയ പൊലീസ് സ്റ്റേഷൻ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2017ൽ ഇവിടം കേന്ദ്രീകരിച്ച് സ്റ്റേഷൻ ആരംഭിക്കാൻ നടപടികൾ ആരംഭിച്ചിരുന്നെങ്കിലും പഞ്ചായത്തിന്റെ നിസ്സഹകരണംമൂലം സർക്കാർ നീക്കം നടന്നില്ല. അഞ്ചുവർഷം മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി തുടങ്ങാൻ തീരുമാനിച്ച പൊലീസ് സ്റ്റേഷനാണ് ഇതുവഴി നഷ്ടമായത്.
റൂറല്‍ ജില്ലയില്‍ പ്രവര്‍ത്തന പരിധികൊണ്ടും വിസ്തൃതികൊണ്ടും മുന്നിലാണ് മൂവാറ്റുപുഴ സ്റ്റേഷൻ. വര്‍ധിച്ചുവരുന്ന ക്രിമിനല്‍ കേസുകള്‍, ട്രാഫിക് സംബന്ധമായ കേസുകള്‍ എന്നിവ കണക്കാക്കിയാണ് വിഭജനം നടത്തി പേഴക്കാപ്പിള്ളിയിൽ പുതിയ സ്റ്റേഷൻ സ്ഥാപിക്കാൻ തീരുമാനമെടുത്തത്. മൂവാറ്റുപുഴ താലൂക്കിലെ മുളവൂര്‍, വെള്ളുര്‍കുന്നം, മാറാടി, വാളകം, ആരക്കുഴ എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്നതാണ് മൂവാറ്റുപുഴ സ്റ്റേഷന്റെ പ്രവര്‍ത്തനപരിധി. 1988ൽ മൂവാറ്റുപുഴ സ്റ്റേഷൻ വിഭജിച്ച് വാഴക്കുളം സ്റ്റേഷൻ സ്ഥാപിച്ചതിനു ശേഷം വിഭജനം നടന്നിട്ടില്ല.
നാല് പഞ്ചായത്തിലും നഗരസഭയിലുമായി അധികാരപരിധിയുള്ള പൊലീസ് സ്റ്റേഷൻ വിഭജിച്ച് പായിപ്ര പഞ്ചായത്തിലെ പേഴക്കാപ്പിള്ളി ആസ്ഥാനമായി പുതിയ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ 2017ലാണ് നടപടികൾ ആരംഭിച്ചത്. അന്നത്തെ എം.എൽ.എയായിരുന്ന എൽദോ എബ്രഹാം നിവേദനം നൽകിയതിനെ തുടർന്നാണ് നടപടികൾക്ക് തുടക്കമായത്.
തുടർന്ന് പേഴക്കാപ്പിള്ളിയിൽ പൊലീസ് സ്റ്റേഷൻ അനുവദിക്കാവുന്നതാണെന്ന് ജില്ല പൊലീസ് മേധാവി 2017 മാർച്ച് 16ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഡിവൈ.എസ്.പിയായിരുന്ന മുഹമ്മദ് റിയാസിന് പ്രാഥമിക നടപടികൾ ആരംഭിക്കാൻ ചുമതലയും നൽകി. എന്നാൽ, ആവശ്യമായ സ്ഥലവും കെട്ടിടവും നൽകാൻ അന്നത്തെ പഞ്ചായത്ത് കമ്മിറ്റി താൽപര്യം കാണിക്കാത്തത് വിനയായി. എന്നാൽ, അതിനു മുമ്പുള്ള പഞ്ചായത്ത് കമ്മിറ്റി സ്റ്റേഷൻ തുടങ്ങാൻ സ്ഥലവും കെട്ടിടവും വിട്ടുനൽകാൻ തയാറായിരുന്നു.
ഇതായിരുന്നു നടപടികൾക്ക് തുടക്കം കുറിക്കാൻ കാരണമായത്. തുടർച്ചയായി ശ്രമങ്ങൾ നടത്തിയെങ്കിലും പഞ്ചായത്ത് ജനപ്രതിനിധികളിൽ പലരും നിസ്സഹകരിച്ചതാണ് തടസ്സമായത്. നിലവിൽ കുന്നത്തുനാട് പൊലീസ് സ്റ്റേഷന്റെ ഭാഗമായ നെല്ലാട്, മണ്ണൂർ, വീട്ടൂർ പ്രദേശങ്ങളും കുറുപ്പംപടി സ്റ്റേഷൻ പരിധിയിലെ കീഴില്ലവും കോതമംഗലം താലൂക്കിലെ ഇരമല്ലൂർ വില്ലേജിലെ ചെറുവട്ടൂരും ഉൾപ്പെടുത്തിയാണ് പുതിയ പൊലീസ് സ്റ്റേഷന് നടപടികൾ ആരംഭിച്ചത്.
മുൻ എം.എൽ.എ എൽദോ എബ്രഹാം മുഖ്യമന്ത്രിക്ക് കത്തുനൽകി
മൂവാറ്റുപുഴ: മൂവാറ്റുപുഴ, കോതമംഗലം, പട്ടിമറ്റം, കുറുപ്പംപടി പൊലീസ് സ്റ്റേഷനുകൾ വിഭജിച്ച് പേഴക്കാപ്പിള്ളിയിൽ പുതിയ സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എം.എൽ.എ എൽദോ എബ്രഹാം മുഖ്യമന്ത്രിക്ക് കത്തുനൽകി. പുതിയ ബജറ്റിൽ സ്റ്റേഷൻ ആരംഭിക്കാൻ തുക വകയിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്തുനൽകിയത്.
ജനസംഖ്യ വർധനയും കുറ്റകൃത്യങ്ങൾ കൂടുകയും ചെയ്ത സാഹചര്യത്തിൽ പുതിയ സ്റ്റേഷൻ അത്യന്താപേക്ഷിതമാണ്. എം.സി റോഡ് വഴിയുള്ള യാത്രക്കിടെ ഉണ്ടാകുന്ന വാഹനാപകടങ്ങളും കൂടി. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നടത്തിയ ശ്രമങ്ങളുടെ ഭാഗമായി 2019ൽ ഇതിനുള്ള തുടർ നടപടി ആരംഭിച്ചെങ്കിലും മുന്നോട്ടുപോയില്ല. പായിപ്ര പഞ്ചായത്തിന്റെ കോമ്പൗണ്ടിൽ ആവശ്യമായ സ്ഥലവും മന്ദിരവും നൽകാമെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനവും എടുത്തിരുന്നു. ആഭ്യന്തര വകുപ്പിന് അധിക സാമ്പത്തിക ചെലവില്ലാതെ സ്റ്റേഷൻ യാഥാർഥ്യമാക്കാൻ കഴിയുമെന്നും എൽദോ എബ്രഹാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.