ചുമട്ടുതൊഴിലാളി കൂലിത്തർക്കം; മൂവാറ്റുപുഴയിലെ പലചരക്ക് വ്യാപാരമേഖല സ്തംഭനത്തിലേക്ക്
text_fieldsമൂവാറ്റുപുഴ: കൂലി വർധനയുമായി ബന്ധപ്പെട്ടുണ്ടാക്കിയ കരാർ പാലിക്കാൻ ചുമട്ടുതൊഴിലാളികൾ തയാറായില്ലെങ്കിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമെന്ന മുന്നറിയിപ്പുമായി വ്യാപാരികൾ. ചുമട്ടുതൊഴിലാളികളുടെ കൂലിവർധന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ക്ഷേമനിധി ബോർഡുമായുള്ള ചർച്ചയിലെ ധാരണപ്രകാരം തയാറാക്കിയ കരാറനുസരിച്ച് ജോലി ചെയ്യാൻ ചുമട്ടുതൊഴിലാളികൾ തയാറായില്ലെങ്കിൽ മൂവാറ്റുപുഴയിലെ പലചരക്ക് വിപണി അടക്കമുള്ള വ്യാപാരശാലകൾ അടച്ച് പ്രതിഷേധിക്കുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന്റെ കീഴിലുള്ള മൂവാറ്റുപുഴ പൂളിലെ കയറ്റിറക്ക് തൊഴിലാളികളുടെ കൂലിവർധന നടപ്പാക്കാൻ സെപ്റ്റംബർ ഏഴിന് കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ഓഫിസിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ കരാർ ഒപ്പിട്ടിരുന്നു.
കരാർപ്രകാരം ജോലി ചെയ്യാൻ ചുമട്ടുതൊഴിലാളികൾ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. ഇതേതുടർന്ന് മൂവാറ്റുപുഴയിലെ പലചരക്ക് വ്യാപാര മേഖല സ്തംഭിച്ചിരിക്കുകയാണ്. ചരക്കുമായി വരുന്ന വാഹനങ്ങളിൽനിന്ന് നിശ്ചയിച്ചതിലും കൂടുതൽ കൂലി ഈടാക്കാൻ അവസരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ നടത്തുന്ന സമരം വിവിധ വ്യാപാര മേഖലകളിലേക്കും വ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.