നഗരവികസനത്തിന് തടസ്സമായ പോസ്റ്റുകൾ നീക്കി
text_fieldsമൂവാറ്റുപുഴ: നഗര റോഡ് വികസന ഭാഗമായി റോഡിന് മധ്യത്തിൽനിന്നിരുന്ന വൈദ്യുതി പോസ്റ്റുകൾ നീക്കംചെയ്തു. അരമനപ്പടി മുതൽ കച്ചേരിത്താഴം വരെ ഏറ്റെടുത്ത സ്ഥലങ്ങളിൽ റോഡിന് വീതികൂട്ടി കോൺക്രീറ്റ് ചേംബറുകൾ സ്ഥാപിച്ചതോടെ പോസ്റ്റുകൾ റോഡിന് മധ്യത്തിലായിരുന്നു. ഇത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഞായറാഴ്ച നഗരത്തിലെ കച്ചേരിത്താഴത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോസ്റ്റുകൾ എല്ലാം നീക്കിയത്.
ഇതോടെ ടി.ബി. ജങ്ഷനിലടക്കം ഗതാഗതം സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ അരമനപ്പടി മുതൽ പത്മാസിന് സമീപം വരെ വീതികൂട്ടി കോൺക്രീറ്റ് ചേംബറുകൾ സ്ഥാപിച്ചുകഴിഞ്ഞു. കച്ചേരിത്താഴത്ത് റോഡ് നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങൾ ഇതുവരെ ഉടമകൾ പൊളിച്ചുനീക്കിയിരുന്നില്ല. ഇതും ഇന്നലെ നീക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തിങ്കളാഴ്ച കോൺക്രീറ്റ് ചേംബറുകൾ സ്ഥാപിക്കുന്നതടക്കം നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും.
നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നതിനെതിരെ താലൂക്ക് ലീഗൽ സർവിസ് അതോറിറ്റി നടപടി സ്വീകരിച്ചിരുന്നു. കോൺക്രീറ്റ് ചേംബറുകൾ സ്ഥാപിച്ചിട്ടുള്ള കച്ചേരിത്താഴം മുതൽ അരമനപ്പടി വരെ ഭാഗം വരെ റോഡ് നിർമാണത്തിന് തടസ്സമായ ഭാഗങ്ങൾ പൊളിച്ചുനീക്കി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് സൗകര്യം ഒരുക്കാൻ പൊതുമരാമത്ത് വകുപ്പിന് താലൂക്ക് ലീഗൽ സർവിസ് അതോറിറ്റി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. നഗരത്തിലെ വിവിധ സ്ഥലങ്ങളിലുള്ള പുറമ്പോക്ക് ഭൂമി ഏഴ് ദിവസത്തിനുള്ളിൽ അളന്ന് തിരിച്ചുനൽകാൻ ലാൻഡ് അക്വിസിഷൻ തഹസിൽദാർക്കും അതോറിറ്റി അന്ത്യശാസനം നൽകിയിട്ടുണ്ട്. വെള്ളൂർകുന്നത്ത് പെട്രോൾ പമ്പിന് മുന്നിലും നഗരസഭ ലൈബ്രറിക്ക് പിന്നിലെ റോഡിലുമുള്ള പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്താനാണ് നിർദേശം. ഇവിടമാകെ കൈയേറിയിരിക്കുകയാണ്. മുനിസിപ്പൽ ലൈബ്രറിക്ക് പിന്നിൽ കോടികൾ ചെലവഴിച്ച് ഏറ്റെടുത്ത ഭൂമി ഏറ്റെടുക്കാതെയാണ് ഉദ്യോഗസ്ഥർ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ഇതിനെതിരെ കടുത്ത വിമർശനം ഉയർന്നതോടെയാണ് പുറമ്പോക്കും പണംനൽകി ഏറ്റെടുത്ത ഭൂമിയും അളന്നുതിരിക്കാൻ താലൂക്ക് ലീഗൽ സർവിസ് അതോറിറ്റി കർശന നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.