പാഴ്വാക്കായി പോയാലി ടൂറിസം പദ്ധതി
text_fieldsമൂവാറ്റുപുഴ: ഏറെ കൊട്ടിഗ്ഘോഷിച്ച് പ്രഖ്യാപിച്ച പോയാലി ടൂറിസം പദ്ധതി വർഷം ഒന്നുകഴിഞ്ഞിട്ടും യാഥാർഥ്യമായില്ല. ടൂറിസം പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി റവന്യൂ വകുപ്പിൽനിന്ന് 50 സെന്റ് സ്ഥലം ടൂറിസം വകുപ്പിന് കൈമാറിയിട്ട് ഒന്നേകാൽ വർഷം കഴിഞ്ഞു. നൂറുകണക്കിനാളുകൾ എത്തുന്ന പായിപ്ര പഞ്ചായത്തിലെ പോയാലിമല കേന്ദ്രീകരിച്ച് നടപ്പാക്കാൻ തീരുമാനിച്ച ടൂറിസം പദ്ധതിയാണ് എങ്ങും എത്താതെ കിടക്കുന്നത്. ടൂറിസം പദ്ധതി നടപ്പാക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ പദ്ധതി തയാറാക്കി 12 ഏക്കർ അളന്നുതിട്ടപ്പെടുത്തിയിരുന്നു. എന്നാൽ, രാഷ്ട്രീയ വടംവലികളെത്തുടർന്ന് റവന്യൂ വകുപ്പ് സ്ഥലം ടൂറിസം വകുപ്പിനാണ് വിട്ടുനൽകി ഉത്തരവ് ഇറക്കിയത്.
ഇടതു ജനപ്രതിനിധികളുടെ നിവേദനത്തെ തുടർന്നായിരുന്നു പെട്ടെന്ന് സ്ഥലം വിട്ടുനൽകിയത്. പായിപ്ര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന പോയാലി മലയിലെ റവന്യൂ, പാറ പുറമ്പോക്ക് ഭൂമിയായ 12 ഏക്കർ 94 സെന്റ് സ്ഥലത്തിൽനിന്ന് 50 സെന്റാണ് പദ്ധതിക്കായി നൽകിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിയാണ് സ്ഥലം ടൂറിസം വകുപ്പിന് കൈമാറിയത്.
പദ്ധതിക്ക് നൽകുന്ന 50 സെന്റ് സ്ഥലത്ത് നിർദിഷ്ട പദ്ധതി മാത്രമേ നടപ്പാക്കാവൂ എന്നും പ്രകൃതിയുടെ സ്വാഭാവികത നിലനിർത്തി സ്ഥിര നിർമാണപ്രവർത്തനങ്ങൾ നടത്താതെ ആകണം പദ്ധതി നടപ്പാക്കേണ്ടതെന്നും നിർദേശിച്ചിരുന്നു. എന്നാൽ, ഒന്നേകാൽ വർഷം കഴിഞ്ഞിട്ടും പ്രാരംഭ പ്രവർത്തനങ്ങൾപോലും നടന്നില്ല. തങ്ങളുടെ പക്കൽനിന്ന് പദ്ധതി കൈവിട്ടതോടെ പഞ്ചായത്തും ഇതിൽ താൽപര്യം കാണിക്കുന്നില്ല.
മൂന്ന് പതിറ്റാണ്ടായുള്ള ആവശ്യം
മൂവാറ്റുപുഴ: പോയാലിമലയെ വിനോദസഞ്ചാര കേന്ദ്രമാക്കണമെന്ന ആവശ്യത്തിന് മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. നിലവിൽ ഇവിടെ എത്തുന്നവർ പാറകളിൽനിന്ന് പാറകളിലേക്ക് ചാടിക്കടന്നാണ് മലമുകളിൽ എത്തുന്നത്. നൂറേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മലയിൽ ഏതുസമയവും വീശിയടിക്കുന്ന ഇളംകാറ്റും കൂട്ടിനുണ്ട്.
ഐതിഹ്യങ്ങള്‍ ഏറെയുള്ള മലയുടെ മുകളിലുള്ള കിണറും കാൽപാദങ്ങളും പുറമെനിന്ന് എത്തുന്നവരും എപ്പോഴും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. പോയാലി ടൂറിസം പദ്ധതിയുടെ ഭാഗമായി മലയിൽ എളുപ്പത്തില്‍ എത്താവുന്ന രൂപത്തിൽ റോഡ് നിർമിക്കുക, റോപ്വേ സ്ഥാപിക്കുക, മലമുകളിലെ വ്യൂ പോയന്റുകളിൽ കാഴ്ചസൗകര്യങ്ങൾ ഒരുക്കുക, വിശ്രമകേന്ദ്രങ്ങൾ നിർമിക്കുക, മലമുകളിലെ അത്ഭുത കിണറും കാൽപാദവും വെള്ളച്ചാട്ടവും കൽചിറകളും സംരക്ഷിക്കുക, ഉദ്യാനങ്ങൾ നിർമിക്കുക തുടങ്ങിയവയായിരുന്നു പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.