മൂവാറ്റുപുഴ താലൂക്ക് സഭ; പോയാലിമലയിൽ ടൂറിസം പദ്ധതി യഥാർഥ്യമാക്കണം
text_fieldsമൂവാറ്റുപുഴ: പോയാലിമല ടൂറിസം പദ്ധതി യഥാർഥ്യമാക്കണമെന്ന് താലൂക്ക് വികസന സമിതിയിൽ ആവശ്യം. കേന്ദ്രസർക്കാറിന്റെ സ്വദേശ് ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കണമെന്നാണ് ആവശ്യം. നല്ല പദ്ധതി തയാറാക്കി നടപ്പാക്കിയാൽ മൂന്നാറിലേക്ക് ആകർഷിക്കപ്പെടുന്ന സഞ്ചാരികള്‍ക്ക് ഇടത്താവളമായി പോയാലിമലയെ മാറ്റാൻ സാധിക്കുമെന്ന് വിഷയം ഉന്നയിച്ച കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ ചൂണ്ടിക്കാട്ടി.
പോയാലിമലയിലേക്ക് റോഡിന്റെ നിർമാണം, റോപ് വേ സ്ഥാപിക്കൽ, മലമുകളിലെ വ്യൂ പോയന്റുകളിൽ കാഴ്ചകൾക്കുള്ള സൗകര്യങ്ങളൊരുക്കൽ, വിശ്രമകേന്ദ്രങ്ങൾ, ഉദ്യാനങ്ങൾ, കഫ്തീരിയ എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കി നൽകാൻ ടൂറിസം വകുപ്പിന് സമിതി നിർദേശം നൽകി.
പായിപ്ര പഞ്ചായത്തിലെ 2, 3 വാർഡുകളിലായി 16 ഏക്കറോളം പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന പോയാലിമല സമുദ്രനിരപ്പിൽനിന്ന് ഏകദേശം 600 അടിയോളം ഉയരത്തിലാണ്. പ്രഭാതത്തിൽ മഞ്ഞുമൂടിയ മലയും വൈകീട്ട് അസ്തമയ സൂര്യന്റെ ഭംഗിയും ആസ്വദിക്കാൻ നൂറുകണക്കിന് ആളുകളാണ് വരുന്നത്. മലയുടെ മുകളിൽ എത്തിയാൽ എല്ലാ ദിക്കുകളിലുമുള്ള പ്രകൃതിയുടെ മനോഹാരിത കാണാൻ സാധിക്കുമെന്നതാണ് പ്രത്യേകത.
പായിപ്ര പഞ്ചായത്തിലെ പ്ലൈവുഡ് കമ്പനികളിൽ സംയുക്ത പരിശോധന നടത്താനും തീരുമാനമായി. വിവിധ വകുപ്പുകളുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ഇതിന് നേതൃത്വം നൽകുന്നതിന് തഹസിൽദാറെ താലൂക്ക്സഭ ചുമതലപ്പെടുത്തി. എല്ലാ വകുപ്പുകളുടെയും അനുമതി ലഭ്യമാക്കി ഫാക്ടറി തുടങ്ങിയതിനുശേഷം നിയമപരമായിട്ടല്ല പ്രവർത്തിക്കുന്നതെന്ന ആക്ഷേപം സമിതിയിൽ നേരത്തേ സാബു ജോൺ ഉയർത്തിയിരുന്നു. വിഷയത്തിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.