അടൂപ്പറമ്പ് ഇരട്ടക്കൊലയുടെ കാരണം വംശീയ അധിക്ഷേപം
text_fieldsമൂവാറ്റുപുഴ: തടിമില്ലിൽ ജോലിക്കെത്തിയ അന്നുമുതൽ തുടങ്ങിയ പരിഹാസവും നിരന്തര വംശീയ അധിക്ഷേപവുമാണ് അസം സ്വദേശികളുടെ കൊലപാതകത്തിനിടയാക്കിയതെന്ന് അടൂപ്പറമ്പ് ഇരട്ടക്കൊല കേസിലെ പ്രതി ഗോപാൽ മല്ലിക്ക്.
ഒഡിഷയിലെ ആദിവാസി മേഖലയായ ബലിഗുഢയിലെ സൗട്ടിക്കയാണ് ഗോപാൽ മല്ലിക്കിന്റെ വീട്. ജാതീയ അധിക്ഷേപത്തിന് പുറമെ ഒഡിഷക്കാർ കള്ളന്മാരാണെന്ന ആക്ഷേപവും കൂടിയായതോടെയാണ് ഇവരെ വകവരുത്താൻ തീരുമാനിച്ചതെന്നും പ്രതി മൊഴി നൽകി.
ഇതിനായി ദിവസങ്ങൾക്ക് മുമ്പ് ഇയാൾ വാക്കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. സംഭവ ദിവസം രാത്രി ഇവർ സംഘം ചേർന്ന് മദ്യപിക്കുന്നതിനിടെ വീണ്ടും പരിഹസിക്കുകയും പ്രതിയുടെ മാതാപിതാക്കളെക്കുറിച്ച് ആക്ഷേപകരമായി സംസാരിക്കുകയും ചെയ്തത് കൂടുതൽ പ്രകോപനമായി. ഇതോടെ പുറത്തിറങ്ങിയ പ്രതി ഇവർ ഉറങ്ങുമ്പോൾ തിരികെയെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം നടന്ന മുറിയിൽ എത്തിച്ച ഗോപാൽ കൃത്യം നടത്തിയ രീതി പൊലീസിനോട് വിശദീകരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച വാക്കത്തി തടിമിൽ വളപ്പിൽനിന്ന് ഇയാൾ പൊലീസിന് എടുത്തുനൽകി.
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് തടിമിൽ സ്ഥിതി ചെയ്യുന്ന പറമ്പിന്റെ മൂലയിൽ ഉപേക്ഷിച്ചായിരുന്നു ഇയാൾ ഇവിടെനിന്ന് കടന്നത്. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. കൊലപാതകത്തിനുപയോഗിച്ച വാക്കത്തിയിൽ രക്തക്കറ കണ്ടെത്തി. കൊലപാതക ശേഷം കടന്നുകളഞ്ഞ വഴിയിലും ഇയാളെ എത്തിച്ചു.
കൊലപാതക ശേഷം ബാഗും എടുത്ത് പുറത്തിറങ്ങിയ ഗോപാൽ അടൂപ്പറമ്പിൽനിന്ന് നടന്നാണ് മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തിയത്. ബസ് കിട്ടാത്തതിനാൽ അവിടെനിന്ന് രണ്ട് ഓട്ടോകൾ മാറി കയറി ആലുവയിലെത്തിയാണ് ട്രെയിനിൽ നാട്ടിലേക്ക് പോയത്. ഗോപാലിനെ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ എത്തിച്ചും തെളിവെടുത്തു.
വൻ ജനക്കൂട്ടമാണ് തടിമില്ലിന് സമീപം തടിച്ചുകൂടിയത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹമൊരുക്കിയിരുന്നു. ഡിവൈ.എസ്.പി മുഹമ്മദ് റിയാസിന്റെയും ഇൻസ്പെക്ടർ പി.എം. ബൈജുവിന്റെയും നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് പൂർത്തിയാക്കിയത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചയാണ് അടൂപ്പറമ്പിലെ തടിമില്ലിന്റെ ഔട്ട് ഹൗസിൽ ഉറങ്ങുകയായിരുന്ന അസം സ്വദേശികളായ മോഹന്തോ, ദീപങ്കർ ബസുമ്മ എന്നിവരെ ഗോപാൽ മല്ലിക്ക് വെട്ടിക്കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.