പണ്ടപ്പിള്ളി കനാൽ പുനർനിർമാണം ആരംഭിച്ചു
text_fieldsമൂവാറ്റുപുഴ: കഴിഞ്ഞദിവസം തകർന്ന പണ്ടപ്പിള്ളി കനാലിന്റ പുനർനിർമാണം ആരംഭിച്ചു. കനാൽ തകർന്ന പണ്ടപ്പിള്ളി പൊട്ടൻമല ഭാഗത്ത് ചൊവ്വാഴ്ച രാവിലെ എം.വി.ഐ.പിയുടെ ഉന്നത ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. തുടർന്നു മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചു തകർന്ന കനാലിന്റെ ഭാഗങ്ങൾ നീക്കംചെയ്തു. കനാൽ കടന്നുപോയിരിക്കുന്ന ഭാഗത്ത് മണ്ണു പരിശോധനയും നടത്തി.
കനാൽ തകർന്നതിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മണ്ണിന്റെ സ്ഥിരതക്ക് ഇടിവ് സംഭവിച്ചിട്ടുണ്ടോ എന്നാണു പരിശോധിച്ചത്. ബലപരിശോധനയിൽ മണ്ണിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ തടസ്സമില്ലെന്ന് വ്യക്തമായി. ഇതിന്റെ റിപ്പോർട്ട് ബുധനാഴ്ച ജലവിഭവ മന്ത്രിക്ക് കൈമാറും. നേരത്തേ കനാൽ തകർന്ന ഭാഗത്ത് വലിയ പൈപ്പുകൾ സ്ഥാപിച്ച് ജലസേചനം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, 30 കിലോമീറ്ററോളം ദൂരം കനാലിൽ പൈപ്പിലൂടെ ജലം തുറന്നുവിട്ടാൽ കൃത്യമായ സ്ഥലങ്ങളിൽ എത്തില്ല എന്ന നിഗമനത്തെ തുടർന്ന് പഴയ രീതിയിൽ കോൺക്രീറ്റ് ചെയ്യാനുള്ള പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. ഇതിന്റെ ആദ്യഘട്ടമായാണ് കനാൽ ഇടിഞ്ഞ സ്ഥലത്തെ മണ്ണിന്റെ ബലം പരിശോധിച്ചത്.
കാലതാമസം കൂടാതെ കനാലിൽ അറ്റകുറ്റപ്പണി നടത്തിയ ശേഷം വെള്ളം തുറന്നുവിടാനുള്ള നടപടി സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. കനാൽ തകർന്നിടത്ത് താൽക്കാലികമായി കോൺക്രീറ്റ് പൈപ്പ് സ്ഥാപിച്ച് വെള്ളം തുറന്നു വിടാനുള്ള തീരുമാനം കർഷകർക്കു ഗുണം ചെയ്യില്ലെന്നാണ് വിദഗ്ധർ ഉൾപ്പെടെ അഭിപ്രായപ്പെട്ടത്. പൈപ്പ് സ്ഥാപിച്ച് വെള്ളം കടത്തിവിട്ടാൽ കാടും മാലിന്യവും മൂടി കിടക്കുന്നതുമൂലം കനാലിന്റെ മറ്റു ഭാഗങ്ങളിലും തകർച്ച ഉണ്ടായേക്കുമെന്ന ആശങ്കയും ഉയർന്നു. ഇതോടെയാണ് ഇടിഞ്ഞ ഭാഗം കോൺക്രീറ്റ് ചെയ്യാൻ തീരുമാനിച്ചത്.
ആരക്കുഴ, മാറാടി പഞ്ചായത്തുകളിലെ പ്രധാന ജലസ്രോതസ്സായ കനാൽ ഞായറാഴ്ചയാണ് തകർന്നത്. കനാൽ തകർന്നതോടെ ആരക്കുഴ പഞ്ചായത്തിലെയും മാറാടി പഞ്ചായത്തിലേക്കുള്ള കനാൽ വഴിയുള്ള ജലസേചനം പൂർണമായും തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.