വാടക വർധന; യു.ഡി.എഫിനെ ബഹിഷ്കരിക്കാനൊരുങ്ങി വ്യാപാരികൾ
text_fieldsമൂവാറ്റുപുഴ: മുനിസിപ്പല്‍ കെട്ടിടങ്ങളിൽ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ വാടക വര്‍ധിപ്പിച്ച മൂവാറ്റുപുഴ നഗരസഭയുടെ നടപടിക്കെതിരെ സമരം ആരംഭിക്കുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
യു.ഡി.എഫ്. പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നതുവരെ യു.ഡി.എഫ്. പരിപാടികൾ ബഹിഷ്കരിക്കുമെന്നും വരുന്ന പാര്‍ലമെന്റ്, തദ്ദേശ സ്വയംഭരണ, നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്താനും തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി.
നഗരസഭ 2022ൽ മുനിസിപ്പൽ കെട്ടിടങ്ങളിലെ വാടക വർധിപ്പിച്ചതിനെതിരെ അസോസിയേഷന് സമരം നടത്തിയെങ്കിലും മുനിസിപ്പൽ അധികാരികൾ അനുകൂലമായ തീരുമാനങ്ങൾ എടുക്കാത്ത സാഹചര്യത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൈകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി.
കോടതി നിർദേശപ്രകാരം മുനിസിപ്പൽ അധികാരികൾ വ്യാപാരികളുമായി ചർച്ചയിൽ പി.ഡബ്ല്യു.ഡി. നിരക്ക് പ്രകാരമുള്ള വാടക നൽകാൻ വ്യാപാരികൾ സന്നദ്ധത അറിയിക്കുകയും വാടക കണക്കാക്കുന്നതിന് മുൻസിപ്പാലിറ്റി എടുത്ത മാനദണ്ഡം അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ നഗരസഭക്ക് പറ്റിയ വീഴ്ചകൾ മറച്ചുവയ്ക്കുന്നതിന് ആറ് കോടി രൂപയ്ക്ക് മുകളിൽ സെക്യൂരിറ്റി ആയി വാങ്ങിയിരിക്കുന്നതിന് പുറമേ ഫെയർ വാല്യു എന്ന പേരിൽ വ്യാപാരികളെ പിഴിയാനാണ് ശ്രമമെന്നും ഭാരവാഹികളായ കെ.എ. ഗോപകുമാർ, കെ.എം. ഷംസുദ്ദീൻ, പി.യു. ശംസുദ്ധീൻ, ബോബി നെല്ലിക്കൽ, എൽദോസ് പാലപ്പുറം തുടങ്ങിയവർ ആരോപിച്ചു.
ഹൈകോടതി വിധിയനുസരിച്ചേ തീരുമാനം നടപ്പാക്കൂ -നഗരസഭ ചെയര്മാന്
മൂവാറ്റുപുഴ: നഗരസഭ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക സംബന്ധിച്ച് കഴിഞ്ഞ ദിവസം കൗണ്‍സില്‍ എടുത്ത തീരുമാനം ഹൈകോടതി വിധിക്ക് വിധേയമായി മാത്രമേ നടപ്പാക്കൂവെന്ന് നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് പറഞ്ഞു. വ്യാപാരികൾ വസ്തുത മനസ്സിലാക്കാതെയാണ് പ്രതികരിച്ചതെന്നും യാഥാർഥ്യം മനസ്സിലാക്കണമെന്നും ചെയര്മാന് അഭ്യർഥിച്ചു.
കൗണ്‍സില്‍ തീരുമാനിച്ച പി.ഡബ്ല്യു.ഡി. നിരക്ക് പ്രകാരമുള്ള വാടക വർധനക്കെതിരെ 77 പേർ ഹൈകോടതിയെ സമീപിച്ചിരുന്നു. അവരോട് നഗരസഭയിൽ പരാതി നൽകിയോയെന്ന് കോടതി ആരാഞ്ഞു. ഇല്ലെന്ന് മറുപടി നല്‍കിയതോടെ കോടതി മുമ്പാകെ സമർപ്പിച്ച ഹരജി നഗരസഭ സെക്രട്ടറി മുമ്പാകെയുള്ള പരാതിയായി പരിഗണിച്ച് സെക്രട്ടറിയോട് പരാതിക്കാരെ കേട്ട് ഹിയറിങ് നടത്താൻ കോടതി ഉത്തരവ് നൽകി.
ഇതേതുടർന്ന് രണ്ടുതവണ പരാതിക്കാരെ സെക്രട്ടറി നഗരസഭയിൽ വിളിച്ച് ഹിയറിങ് നടത്തി. പി.ഡബ്ല്യു.ഡി നിരക്ക് നിശ്ചയിച്ച രീതി തെറ്റാണെന്നും ഒരു ഏജൻസിയെ വെച്ച് നിരക്ക് കണക്കാക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന് എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അംഗീകൃത ഏജൻസിയെ കൗണ്‍സില്‍ അംഗീകാരത്തോടെ ചുമതലപ്പെടുത്തി.
ഇതുപ്രകാരം നിലവിലുള്ള നിരക്കും വര്‍ധിപ്പിച്ച നിരക്കും ഫെയർ വാല്യൂ നിരക്കും മാർക്കറ്റ് നിരക്കും കണക്കുകൂട്ടി കുറഞ്ഞ നിരക്കായ ഫെയർ വാല്യൂ അംഗീകരിച്ച് കോടതിയെ അറിയിക്കാനാണ് കൗൺസിൽ തീരുമാനിച്ചത്. പി.ഡബ്ല്യു.ഡി നിരക്കിനെക്കാളും മാർക്കറ്റ് വാല്യൂവിനെക്കാളും കുറവാണ് ഫെയർ വാല്യൂ നിരക്ക്. അതുകൊണ്ടാണ് ഫെയർ വാല്യൂ അംഗീകരിച്ചു നൽകിയത്. കോടതി വിധിക്ക് വിധേയമായി മാത്രമേ നഗരസഭ ഇത് നടപ്പാക്കൂവെന്നും ചെയര്മാന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.