മൂവാറ്റുപുഴയിൽ റോഡ് വികസനം അധോഗതി
text_fieldsമൂവാറ്റുപുഴ: നാളുകൾക്കുമുമ്പ് പ്രഖ്യാപിച്ച നഗര റോഡ് വികസനം അനിശ്ചിതത്വത്തിൽ. കരാർ കലാവധി കഴിഞ്ഞെന്ന കാരണത്താൽ കരാറുകാരൻ പിൻവാങ്ങാൻ ഒരുങ്ങുന്നതാണ് പുതിയ പ്രശ്നം. കഴിഞ്ഞ ജനുവരിയിലാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
ഒരുവർഷമായിരുന്നു കരാർ കാലാവധി. ഡിസംബറിൽ കരാർ കാലാവധി അവസാനിക്കുകയും ചെയ്തു. സ്ഥലം ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ വന്ന കാലതാമസവും വൈദ്യുതി പോസ്റ്റുകളും മറ്റും സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലങ്ങൾ പൂർണമായി കണ്ടെത്താൻ കഴിയാതിരുന്നതുമാണ് നിർമാണപ്രവർത്തനങ്ങൾ വൈകിപ്പിച്ചത്.
ഇതിനുപുറമെ, വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും പ്രശ്നമായി. നിലവിൽ അരമനപ്പടി മുതൽ കച്ചേരിത്താഴം വരെ ഭാഗങ്ങളിൽ കോൺക്രീറ്റ് ചേംബറുകൾ സ്ഥാപിച്ചതും നാലോളം വൈദ്യുതി പോസ്റ്റുകൾ മാറ്റിയതുമല്ലാതെ മറ്റൊരു ജോലിയും നടന്നിട്ടില്ല. പ്രതിഷേധങ്ങൾക്ക് ഒടുവിൽ ഉന്നതതല സംഘം പരിശോധനകൾ നടത്തുകയും പ്രഖ്യാപനങ്ങൾ നടത്തുന്നതുമല്ലാതെ ഒരു നടപടിയും ഉണ്ടാകാറില്ല.
കഴിഞ്ഞയാഴ്ച ഇതുമായി ബന്ധപ്പെട്ട് കെ.ആർ.എഫ്.ബി, കിഫ്ബി, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പരിശോധന നടത്തി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനടക്കം ചില സ്ഥലങ്ങൾ രേഖപ്പെടുത്തിയെങ്കിലും തുടർ നടപടിയൊന്നുമുണ്ടായില്ല. നഗരത്തിലെ പി.ഒ ജങ്ഷൻ മുതൽ വെള്ളൂർക്കുന്നം വരെ രണ്ടു കിലോമീറ്റർ ദൂരത്തിൽ നാലുവരിപ്പാതയായി വിഭാവനം ചെയ്താണ് നഗര റോഡ് വികസനം. ഭൂഗർഭ കേബിളുകൾ വഴി വൈദ്യുതി വിതരണം നടത്തുന്നതടക്കം ആധുനിക സൗകര്യങ്ങളോടെ നിർമാണം നടത്താനായിരുന്നു തീരുമാനം. കെ.എസ്.ടി.പിയുടെ അങ്കമാലി- തിരുവനന്തപുരം എം.സി റോഡ് വികസനവുമായി ബന്ധപ്പെട്ട് 18 വർഷം മുമ്പ് വിഭാവനം ചെയ്തതാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.