ഇവിടെ മാലിന്യം തള്ളുന്നവർ ഇനി 'പടമാകും'; 100 പേർക്ക് 50,000 പിഴയടപ്പിച്ചു
text_fieldsമൂവാറ്റുപുഴ: ആരും കാണാതെ പാത്തും പതുങ്ങിയും പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയാൽ ഇനി പണിപാളും. മൂവാറ്റുപുഴ നഗരസഭ പരിധിയിൽ മാലിന്യം തള്ളുന്നവരെ 'പൊക്കാൻ' രൂപീകരിച്ച സ്പെഷൽ സ്ക്വാഡ്, ഇത്തരക്കാരുടെ ഫോട്ടോ എടുത്ത് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ നാലുദിവസമായി നടത്തിയ പരിശോധനയിൽ 100 പേരെ പിടികൂടി. ഇൽവരിൽനിന്ന് 50,000 രൂപ പിഴയീടാക്കി. മുറിക്കല്ല് റോഡിലെ കൈത്തോട്ടിൽ മാലിന്യം തള്ളിയ വ്യാപാരിയെക്കൊണ്ട് തിരികെ എടുപ്പിച്ചു.
നഗരത്തിലെ ജനത്തിരക്കേറിയ റോഡുകളിൽ അടക്കം മാലിന്യം തള്ളുന്നത് വ്യാപകമായതോടെയാണ് പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ നിരീക്ഷണത്തിൽ സമീപ പഞ്ചായത്തുകളിൽ നിന്നാണ് കൂടുതൽപേരും മാലിന്യം കൊണ്ടു വരുന്നതെന്ന് കണ്ടെത്തി. പായി പ്ര, വാളകം, ആവോലി, ആയവന പഞ്ചായത്തുകൾക്കു പുറമെ കിലോമീറ്ററുകക്ക് അകലെ കിടക്കുന്ന പല്ലാരിമംഗലം പഞ്ചായത്തിൽ നിന്നും ഇവിടെ മാലിന്യം തള്ളുന്നതായി കണ്ടെത്തി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നഗരത്തിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് രാപ്പകൽ ഭേദമന്യേ ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയോഗിച്ചത്.
മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായ നഗരത്തിലെ ഇ.ഇ.സി റോഡ്, മാർക്കറ്റ് റോഡ്, കീച്ചേരിപടി, ഉപറോഡുകൾ, എം.സി റോഡിൽ നഗരസഭ അതിർത്തിയായ പേഴയ്ക്കാപിള്ളി കമ്പനിപ്പടി മുതൽ 130 ജങ്ഷൻ വരെയും, കോതമംഗലം റോഡിൽ പെരുമറ്റം പാലം വരെയും, എറണാകുളം റോഡിൽ േകാടാതി വരെയും, തൊടുപുഴ റോഡിൽ കോളജ് പടിക്കു സമീപം വരെയും പട്രോളിങ് നടത്തുന്നുണ്ട്.
നഗരത്തിൽ മാലിന്യം തള്ളുന്നതിനെതിരെ നഗരസഭയുടെ നേതൃത്വത്തിൽ ബോധവത്കരണവും രണ്ടു ദിവസം മൈക്ക് അനൗൺസ്മെന്‍റും നടത്തിയിരുന്നു. ഇതിനു ശേഷവും പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയവരെയാണ് നഗരസഭ ഉദ്യോഗസ്ഥരുടെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.