അനൗണ്‍സ്മെന്റ് രംഗത്ത് വേറിട്ട ശബ്ദമായി സതീശന് മൂവാറ്റുപുഴ
text_fieldsമൂവാറ്റുപുഴ: അനൗണ്‍സ്മെന്റ് രംഗത്ത് കാല് നൂറ്റാണ്ട് പിന്നിടുമ്പോള്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്ത് മൂവാറ്റുപുഴയുടെ ശബ്ദമായി മാറുകയാണ് 46കാരനായ സതീശന് മൂവാറ്റുപുഴ. 19ാം വയസ്സില്‍ മൂവാറ്റുപുഴയാറില്‍ നടന്ന വള്ളംകളിയുടെ അനൗണ്‍സ്മെന്റ് ശ്രദ്ദേയമായതോടെയാണ് ഈ രംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് മൂവാറ്റുപുഴയിലെ ഏതൊരു പരിപാടിക്കും സതീശെൻറ ശബ്ദം മുഴങ്ങി. അനൗണ്സ്മെന്റിൽ ചലച്ചിത്ര-രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ ശബ്ദം അനുകരിച്ച് പുതിയൊരു ചരിത്രവും രചിക്കാന്‍ സതീശനായി. ഇതിനിടെ ഷോര്‍ട്ട് ഫിലിമുകളിലും ചലച്ചിത്രങ്ങളിലും ശ്രദ്ദേയ വേഷങ്ങള്‍ ചെയ്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനും സതീശനായി.
ആക്ഷന്‍ ഹീറോ ബിജു, ഒരു യമണ്ഡന്‍ പ്രേമകഥ എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ബിജു മേനോെൻറ പുതിയ ചിത്രം 'ഒരു തെക്കന്‍ തല്ലി'ല്‍ പഴയകാല പോസ്റ്റ് മാെൻറ വേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയായ സതീശന് നിരവധി പ്രോഗ്രാമുകളുടെ റെക്കോഡിങ്ങും ചെയ്തുവരുകയാണ്.
2004ല്‍ തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനിയില്‍ മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ശബ്ദത്തില്‍ തുടര്‍ച്ചയായി ഏഴ് മണിക്കൂര്‍ സംസാരിച്ച് ശ്രദ്ധ നേടിയിരുന്നു. മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ശബ്ദത്തില്‍ തുടര്‍ച്ചയായി സംസാരിക്കാനുള്ള ഒരുക്കത്തിലാണ് സതീശന്. തൊടിയില്‍ അയ്യപ്പന്-കാര്‍ത്യായനി ദമ്പതികളുടെ മൂത്തമകനാണ് സതീശന്. ഭാര്യ രശ്മി. മക്കള്‍: കലാമണ്ഡലത്തിലെ ചെണ്ട വിദ്യാർഥിയായ കൈലസനാഥൻ, ഫാഷന്‍ ഡിസൈന്‍ വിദ്യാർഥിനി കാവ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.