വരൂ ശൂലത്തേക്ക്; കാണാം കണ്ണഞ്ചിപ്പിക്കും വെള്ളച്ചാട്ടം
text_fieldsമൂവാറ്റുപുഴ: കണ്ണിന് വിരുന്നൊരുക്കി ശൂലം വെള്ളച്ചാട്ടം. മാറാടി പഞ്ചായത്ത് 13ാം വാർഡിലെ കായനാട് ശൂലം വെള്ളച്ചാട്ടം കാണാൻ ദിവസവും നിരവധി പേരാണ് എത്തുന്നത്. മൂവാറ്റുപുഴ നഗരത്തിൽ നിന്നും പിറവം റൂട്ടിൽ ഏഴ് കിലോമീറ്റർ സഞ്ചരിച്ചാൽ ശൂലം വെള്ളച്ചാട്ടത്തിനടുത്തത്താം.
ശൂലം കയറ്റം കയറിയ ശേഷം 200 മീറ്റർ ഉള്ളിലായാണ് വെള്ളച്ചാട്ടം. രണ്ട് മലകൾക്കിടയിലൂടെ ചെങ്കുത്തായും പാറയിലൂടെ പല തട്ടുകളായും പരന്നൊഴുകിയും നൂറ് അടി ഉയരത്തിൽ നിന്നും താഴ്ചയിലേയ്ക്ക് പതിക്കുന്ന ശൂലം വെള്ളച്ചാട്ടം മനോഹരമാണ്. പിറമാടം കൊച്ചരുവിക്കൽ, വിരുപ്പുകണ്ടം പ്രദേശങ്ങളിലെ നീരുറവകളിൽ നിന്നുത്ഭവിച്ചൊഴുകുന്ന ശൂലം തോട്ടിലാണ് വെള്ളച്ചാട്ടം. പാറയിടുക്കുകൾ, വലിയ പാറക്കല്ലുകൾ, കാട്ടുമരങ്ങൾ, മറ്റ് സസ്യലതാദികളുമുണ്ട്. വിവിധ ഇനം പക്ഷികൾ മറ്റ് ജീവജാലങ്ങളുമുളള ജൈവവൈവിധ്യ പ്രദേശമാണിത്.
ഐതിഹ്യവും ചരിത്രവും സമംചേരുന്ന പ്രദേശമാണ് മാറാടി ശൂലം. പതിറ്റാണ്ടുകൾ മുമ്പ് കായനാട് പ്രദേശത്ത് കൃഷിക്ക് വെള്ളമുപയോഗിച്ചത് ഇവിടെ നിന്നാണ്. സമീപത്ത് വീടുകളും സ്ഥാപനങ്ങളുമില്ല. ഇരുവശത്തും റബർ തോട്ടവും കൃഷിയിടങ്ങളുമാണ്. മലമുകളിൽ എപ്പോഴും വെള്ളം കെട്ടിനിൽക്കുന്ന 300 മീറ്റർ നീളത്തിലും 250 അടി താഴ്ചയിലുമുള്ള പാറമടയും ഇതിനുചേർന്നുള്ള ചെക്ക് ഡാമും മനോഹര കാഴ്ചയാണ്.
മൂന്നാർ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്ന നിരവധി പേരും ഇവിടെ എത്തുന്നുണ്ട്. മാറാടി പഞ്ചായത്തിലെ രണ്ട്, 13 വാർഡുകളിലായി കിടക്കുന്ന പത്തേക്കറോളം സ്ഥലത്താണ് ശൂലം മല സ്ഥിതിചെയ്യുന്നത്. ശൂലംതോട് കായനാട് പാടശേഖരത്തിലൂടെ ഒഴുകി മൂവാറ്റുപുഴയാറിലാണ് പതിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ തനിമ സംരക്ഷിച്ച് വിനോദ സഞ്ചാര കേന്ദ്രമാക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം ഇതുവരെ നടപ്പായില്ല.
വേനൽ കാലത്തുപോലും വെള്ളം നിറഞ്ഞ് കിടക്കുന്നത് ശൂലത്തിന്റെ പ്രത്യേകതയാണ്. ഇതിനരികിലൂടെയുള്ള തോട്ടിലൂടെ മഴക്കാലത്ത് മുകളിൽ നിന്നും ഉറവയായി വരുന്ന ജലം കുത്തനെ താഴേക്ക് പാറയിടുക്കുകളിലൂടെ താഴ്ന്ന പ്രദേശമായ കായനാട് ഭാഗത്തേക്ക് ഒഴുകിവരുന്നത് മനോഹര കാഴ്ചയാണ്. കടുത്ത വേനനിൽ മാത്രമാണ് ഇതിലൂടെ വെള്ളം ഒഴുക്ക് അല്പം നിലക്കുന്നത്. വേനൽ കാലത്ത് ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പഴയ പാറമടയിൽനിന്നും വെള്ളം സമീപത്തെ തോട്ടിലൂടെവെള്ളം ഒഴുക്കാനായാൽ താഴ്ത്തെ പ്രദേശത്തുള്ളവർക്ക് ക്യഷിക്ക് ഉപകാരപ്പെടുന്നതോടൊപ്പം ശൂലം വെള്ളച്ചാട്ടത്തെ എല്ലാ സമയത്തും സംരക്ഷിച്ചുനിർത്താനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.