കുഴി അടക്കൂ, ഞങ്ങളൊന്നു സഞ്ചരിച്ചോട്ടെ...
text_fieldsമൂവാറ്റുപുഴ: നഗര റോഡ് വികസന പ്രവർത്തനങ്ങൾ നടക്കുന്ന രണ്ട് കിലോമീറ്റർ ദൂരത്തിൽ റോഡ് പൂർണമായി തകർന്നതോടെ നഗര യാത്ര ദുസ്സഹമായി. പി.ഒ ജങ്ഷൻ മുതൽ വെള്ളൂർക്കുന്നം വരെ എം.സി റോഡ് ഭാഗത്താണ് റോഡ് തകർന്നത്.
ആറു മാസം മുമ്പ് ആരംഭിച്ച നഗര റോഡ് വികസനം നിലച്ച മട്ടാണ്. ഒരാഴ്ചയായി നിർമാണ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. വികസന പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നതിനെ തുടർന്നു നഗരവാസികളുടെ ദുരിതം ദിനംപ്രതി വർധിക്കുന്നതിനിടെയാണ് നഗര റോഡിൽ കുഴികൾ നിറഞ്ഞ് ഗതാഗതം തകരാറിലായത്.
ദിവസം മുഴുവൻ ഗതാഗതക്കുരുക്കിൽ കുടുങ്ങിയിരിക്കുകയാണ്. രണ്ട്കിലോമീറ്റർ ദൂരം വരുന്ന നഗര ഭാഗം കടക്കാൻ അര മണിക്കൂറാണ് നിലവിൽ വേണ്ടത്. ഇതിന് പ്രധാന കാരണം കുഴികളാണ്. രാത്രികാലങ്ങളിൽ കുഴികളിൽ വീണ് അപകടത്തിൽ പെടുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. ബുധനാഴ്ച രാത്രി മാത്രം മൂന്ന് അപകടങ്ങളാണ് ചതി കുഴിയിൽ വീണ് ഉണ്ടായത്.
നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡരികിൽ ചേമ്പറുകൾ സ്ഥാപിക്കുന്ന ജോലിയാണ് നടക്കുന്നത്. തകർന്നു കിടക്കുന്ന റോഡിലെ കുഴികൾ അടച്ചാൽ ഗതാഗത കുരുക്കിന് ശനമമാകുമായിരുന്നു. നാളുകളായി ഈ ആവശ്യം ഉയരുന്നുണ്ടെങ്കിലും കരാറുകാരും ഉദ്യോഗസ്ഥരും ഇതിന് തയ്യാറാകുന്നില്ല. രണ്ടു മാസം മുമ്പ് മുനിസിപ്പൽ ചെയർമാൻ ഈ ആവശ്യം ഉന്നയിച്ച് സമരത്തിന് ഒരുങ്ങിയിരുന്നു. എന്നാൽ ഉടൻ ശരിയാക്കുമെന്ന് പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല.
റോഡിന് മധ്യത്തിൽ നിൽക്കുന്ന പോസ്റ്റുകൾ മാറ്റുന്നതിന് സ്ഥലം കണ്ടെത്തുന്നതിനും ബി.എസ്.എൻ.എൽ കേബിളുകൾ സുരക്ഷിതമായി മാറ്റാൻ കഴിയാത്തതുമാണ് നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടാൻ പ്രധാന കാരണം. ചിലയിടങ്ങളിൽ ഭൂമിയേറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന തടസങ്ങളും നിർമാണത്തെ ബാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.