മൂവാറ്റുപുഴ നഗരവികസന സ്തംഭനം; കാരണംകാണിക്കൽ നോട്ടീസ് അയച്ച് ഹൈകോടതി
text_fieldsമൂവാറ്റുപുഴ: അനന്തമായി നീളുന്ന മൂവാറ്റുപുഴ നഗര റോഡ് വികസനത്തിലെ അപാകതകൾ പരിഹരിക്കാത്തതിൽ കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് അയച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈകോടതി ഡിവിഷൻ ബഞ്ച്.
റോഡ് പുനർനിർമാണം ഏകോപിപ്പിക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ ഡെവലപ്മെൻറ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. എം.സി റോഡ് കടന്നുപോകുന്ന നഗരത്തിലെ പ്രധാന റോഡ് ഉന്നത നിലാവരത്തിൽ റീടാർ ചെയ്തിട്ട് ആറ് വർഷത്തിന് മേലെയായെന്നും തിരക്കേറിയ സമയങ്ങളിൽ നഗരം നിശ്ചലമാകുന്ന അവസ്ഥയാണെന്നും ഹർജിയിൽ പറയുന്നു. ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയ അടിയന്തര രക്ഷാവാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ് നഗരത്തിൽ.
ശബരിമല സീസൺ ആരംഭിച്ച സാഹചര്യത്തിൽ മണിക്കൂറിൽ നാലായിരത്തിൽ കൂടുതൽ വാഹനങ്ങളാണ് കടന്നുപോകുന്നത്. മൂവാറ്റുപുഴ നഗരത്തിലെ പോസ്റ്റ് ഓഫിസ് ജങ്ഷൻ മുതൽ കച്ചേരിത്താഴം പാലം വരെ ഭാഗങ്ങളിൽ നിർമാണ പ്രവൃത്തികൾ അനന്തമായി നീളുകയാണ്. വർഷങ്ങളായി തുടരുന്ന താൽക്കാലിക കുഴിയടക്കൽ അല്ലാതെ റീ ടാർ ചെയ്യുന്നതിന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യവും അസോസിയേഷൻ ഹരജിയിൽ ഉന്നയിച്ചു.
50 കോടിക്ക് മേൽ ചെലവഴിച്ചാണ് സംസ്ഥാന സർക്കാർ നഗര വികസനം നടത്തുന്നത്. ഒരു വർഷം കാലാവധി നിശ്ചയിച്ച് 2022 ഡിസംബറിൽ ആരംഭിച്ച പ്രവൃത്തികൾ ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്. വകുപ്പുകളുടെ ഏകോപനമില്ലായ്മമൂലം ഒന്നര വർഷം കഴിയുമ്പോഴും 40 ശതമാനം പണികൾ പോലും പൂർത്തീകരിക്കാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാന ചീഫ് സെക്രട്ടറി, കലക്ടർ, മൂവാറ്റുപുഴ തഹസിൽദാർ, പൊതുമരാമത്ത് വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ, താലൂക്ക് സർവേയർ, കേരള ജല അതോറിറ്റി എന്നിവരാണ് കേസിൽ എതിർകക്ഷികൾ. ഇവർക്ക് നോട്ടീസ് അയച്ച ഹൈകോടതി വിശദ വാദം കേൾക്കുന്നതിനായി കേസ് ഡിസംബർ 10ലേക്ക് മാറ്റി. ഹരജിക്കാർക്ക് വേണ്ടി അഡ്വ. റാം മോഹൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.