സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം: മൂവാറ്റുപുഴക്ക് അഭിമാനമായി മധു നീലകണ്ഠനും കൃഷ്ണേന്ദു കലേഷും
text_fieldsമൂവാറ്റുപുഴ: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ മൂവാറ്റുപുഴക്ക് അഭിമാനം. മികച്ച ഛായഗ്രഹണത്തിനുള്ള അവാർഡിന് മധു നീലകണ്ഠനും നവാഗത സംവിധായകനുള്ള പുരസ്കാരത്തിനു കൃഷ്ണേന്ദുകലേഷും അർഹനായി. മൂവാറ്റുപുഴ സ്വദേശികളാണ് ഇരുവരും. ചുരുളി സിനിമയുടെ ഛായഗ്രഹണത്തിനാണ് മധു നീലകണ്ഠൻ അവാർഡിനർഹനായത്. 'പ്രാപ്പെട' സിനിമയുടെ സംവിധായകനായ കൃഷ്ണേന്ദു കലേഷ് നവാഗത സംവിധായകനുള്ള പുരസ്കാരത്തിനും അർഹനായി. ഇതു രണ്ടാം തവണയാണ് മധു നീലകണ്ഠൻ മികച്ച ഛായാഗ്രഹനുള്ള അവാർഡ് നേടുന്നത്.
നേരത്തേ അന്നയും റസൂലും എന്ന ചിത്രത്തിന് ലഭിച്ചിരുന്നു. മൂവാറ്റുപുഴ തെക്കൻകോട് കുരിപിള്ളിൽ നീലകണ്ഠൻ നായരുടെ മകനാണ്. ഭാര്യ: ശ്രീജ, മകൻ: ഗോവിന്ദ്. മൂവാറ്റുപുഴ നിർമല ഹൈസ്കൂൾ, കോതമംഗലം എം.എ കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠിച്ചു. കരിച്ചാത്തൻ എന്ന ഹൃസ്വചിത്രത്തിന് നേരത്തെ ഫെഫ്ക്ക അവാർഡ് കൃഷ്ണേന്ദു കലേഷ് നേടിയിട്ടുണ്ട്. മൂവാറ്റുപുഴ കടാതി മൂത്തേടത്ത് കുടുംബാംഗമാണ്. കൃത്യമായി എഴുതി തയാറാക്കാത്ത തിരക്കഥയായിരുന്നു പ്രാപ്പെട. കോവിഡിനിടയിലുള്ള ചിന്തയിൽനിന്നും ഉടലെടുത്ത ആശയമാണിത്. രണ്ടു മാസത്തെ പരിശ്രമമാണ്. 18 ദിവസംകൊണ്ട് ചിത്രീകരണവും പൂർത്തിയാക്കി. ഷൂട്ടിങ്ങിെൻറ അവസാനദിനം വരെ സിനിമ വികസിപ്പിക്കുകയായിരുന്നെന്ന് കൃഷ്ണേന്ദു പറയുന്നു.
മൂവാറ്റുപുഴ നിർമല കോളജിൽനിന്ന് ഡിഗ്രി കഴിഞ്ഞ് തിരുവനന്തപുരത്ത് സി-ഡിറ്റിൽ വിഡിയോ പ്രൊജക്ഷനിൽ സർക്കാറിനായി ടെലിഫിലിം ചെയ്തു. ദൂരദർശൻ, കൈരളി ചാനലുകളിൽ കുറച്ചുകാലം പ്രവർത്തിച്ചു. 2006ൽ ആസ്ട്രേലിയയിൽ ഗ്രാഫിക് ഡിസൈനിങ് പഠനവും തുടർന്ന് ജോലിയും ചെയ്തു. ഡിജിറ്റൽ ഫോട്ടോഗ്രഫിയുടെ ആദ്യകാലത്ത് ഈ മേഖലയിലേക്ക് തിരിയാനായത് നേട്ടമായി. പ്രാപ്പെട 2022 ജനുവരിയിൽ റോട്ടർഡാം ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ആയിരുന്നു റിലീസിങ്. കെ.എസ്.ഇ.ബി മുൻ സബ് എൻജിനീയർ എം.എസ്. കലേഷാണ് പിതാവ്. മാതാവ്: ശ്രീദേവി (ബി.എസ്.എൻ.എൽ മുൻ ഉദ്യോഗസ്ഥ). ഭാര്യ: ശ്വേത രാജൻ. മകൾ: വൈഗ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.