കേശദാനം നടത്തി വിദ്യാർഥിനികൾ
text_fieldsമൂവാറ്റുപുഴ: കേശദാനം നടത്തി വിദ്യാർഥിനികൾ മാതൃകയായി. കൂത്താട്ടുകുളം സ്വദേശി ജിസ്ന ജോസും പൈങ്ങോട്ടൂർ സ്വദേശി ആൻമരിയ ജോളിയുമാണ് അർബുദം ബാധിച്ച് കീമോതെറപ്പിക്ക് വിധേയമായി മുടി നഷ്ടപ്പെട്ടവർക്ക് മുടിമുറിച്ച് നൽകിയത്. ഈസ്റ്റ് മാറാടി വി.എച്ച്.എസ്.എസിലെ വിദ്യാർഥിനി കൂത്താട്ടുകുളം സ്വദേശി ജിസ്ന ജോസ് രണ്ട് വർഷമായി വളർത്തിയ തലമുടി അവസാന പരീക്ഷദിവസം മുറിച്ചുനൽകുകയായിരുന്നു. കൂത്താട്ടുകുളം മുത്തോലപുരം കൂവപ്പാറയിൽ വീട്ടിൽ ജോസ് ജോർജിന്റെയും ഷിജി ജോസിന്റെയും മകളാണ്. നിർമല കോളജിലെ അവസാനവർഷ ബിരുദവിദ്യാർഥിയായ ജോഷ്ന ജോസ് സഹോദരിയാണ്. ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂൾ നാഷനൽ സർവിസ് സ്കീം യൂനിറ്റിന്റെയും മറ്റ് ക്ലബുകളുടെയും നേതൃത്വത്തിൽ ആരംഭിച്ച ഹെയർ ബാങ്ക് പദ്ധതിയിലേക്ക് യുവാക്കൾ ഉൾപ്പെടെ നിരവധി പേർ കേശദാനം നടത്തുന്നുണ്ട്.
പിറന്നാൾ ദിനത്തിലാണ് ആൻ മരിയ ജോളി കേശദാനം നടത്തിയത്. പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ്. മൂവാറ്റുപുഴയിലെ ഫെസ്സി പിങ്ക് ഡോറ ബ്യൂട്ടി പാർലർ ഉടമ ഫെസ്സി മോട്ടി സൗജന്യമായാണ് മുടി മുറിച്ചു നൽകിയത്. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കന്റ മകളാണ്. മാതാവ് ജിൻസി കലൂർ സെന്റ് ജോൺസ് യു.പി സ്കൂൾ അധ്യാപികയാണ്. ഏക സഹോദരൻ ജോജിൻ ജോളി അലഹബാദ് കാർഷിക സർവകലാശാല വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.