വേനൽ കനത്തു; മൂവാറ്റുപുഴയിൽ മൂന്നിടത്ത് തീപിടിത്തം
text_fieldsമൂവാറ്റുപുഴ : വേനൽ കനത്തതോടെ തീപിടിത്തം വ്യാപകമായി. ബുധനാഴ്ച മൂന്നിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. ഉച്ചയോടെ കായനാട് പാടശേഖരത്തിൽ തീപിടിച്ചതാണ് ആദ്യ സംഭവം. കായനാട് കവലക്ക് സമീപമുള്ള ഒരേക്കറോളം പാടത്ത് തീ പടരുകയായിരുന്നു.
അഗ്നിരക്ഷാ സേന എത്തി നിയന്ത്രിച്ചതിനാൽ സമീപ പാടശേഖരങ്ങളിലേക്കും പറമ്പുകളിലേക്കും തീ പടർന്നില്ല. തരിശുകിടന്ന പാടം വൃത്തിയാക്കാൻ രാവിലെ ചവറുകൾ കൂട്ടിയിട്ട് തീയിട്ടിരുന്നു. ഇത് പിന്നീട് അണച്ചെങ്കിലും ഉച്ചയോടെ അപ്രതീക്ഷിതമായി തീയാളി പടരുകയായിരുന്നു.
ഇതിനുപിന്നാലെ സൗത്ത് മാറാടിയിലും ഒഴിഞ്ഞുകിടന്ന സ്ഥലത്ത് തീപിടിച്ചു. ഉച്ചകഴിഞ്ഞ് മൂന്നോടെ പുളിഞ്ചുവട് കവലക്ക് സമീപം ജനശക്തി റോഡിൽ പുരയിടത്തിന് തീപിടിച്ചു. സ്വകാര്യവ്യക്തിയുടെ ആൾത്താമസമില്ലാത്ത മുക്കാൽ ഏക്കറോളം സ്ഥലത്താണ് തീപിടിച്ചത്. സമീപവാസികൾ തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. തുടർന്ന് മൂവാറ്റുപുഴ ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. മിക്കയിടങ്ങളിലും കരിയിലക്ക് തീ ഇടുന്നതാണ് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.