വേനൽമഴയും മിന്നലും നാശം വിതച്ചു
text_fieldsമൂവാറ്റുപുഴ: മിന്നലിലും കാറ്റിലും മൂവാറ്റുപുഴ മേഖലയിൽ വ്യാപക നാശം. കാറ്റിൽ മരംവീണ് വീട് തകർന്നു. മിന്നലേറ്റ് കൂറ്റൻ തേക്ക് ചിതറിത്തെറിച്ചു. പായിപ്ര ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ ഈസ്റ്റ് വാഴപ്പിള്ളി നിരപ്പിൽ കിഴക്കേ കടവിന് സമീപം ആത്രാശ്ശേരി ഗോപിനാഥൻ നായരുടെ പുരയിടത്തിൽ നിന്ന 80 ഇഞ്ച് വണ്ണമുള്ള തേക്കാണ് മിന്നലിൽ ചിതറിത്തെറിച്ചത്. സമീപത്തെ വീടുകളിലടക്കം ചിതറിയ കഷണങ്ങൾ വീണെങ്കിലും സമീപങ്ങളിൽ ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മൂവാറ്റുപുഴ നഗരസഭയിലെ ഉറവക്കുഴിയിൽ മിന്നലിൽ തെങ്ങിന് തീപിടിച്ചു. ഉറവക്കുഴി കവലക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങാണ് കത്തിയത്. തീ ആളിപ്പടർന്നെങ്കിലും ശക്തമായ മഴയിൽ തീ അണഞ്ഞു.
വാളകം പഞ്ചായത്ത് മേക്കടമ്പ് പത്താം വാർഡിൽ നെല്ലാപ്പിള്ളിക്കുടിയിൽ എൻ.എം. പൗലോസിന്റെ വീടിന് മുകളിലേക്ക് മരംവീണ് പൂർണമായും തകർന്നു. കനത്ത മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂരയിലേക്ക് മരം വീണ് ഭിത്തിയും തകർന്നു. മിന്നലിൽ വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. മൂവാറ്റുപുഴയിലും സമീപങ്ങളിലും ശനിയാഴ്ച വൈകീട്ട് 3.30ഓടെയാണ് മഴക്കൊപ്പം ശക്തമായ ഇടിയും മിന്നലും ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.