ഒരു കിലോ കപ്പയുടെ വില കേട്ടാൽ ഞെട്ടും; വില കുത്തനെ ഇടിഞ്ഞതോടെ ആർക്കും വേണ്ട
text_fields മൂവാറ്റുപുഴ: കിഴക്കൻ മേഖലയിലെ പ്രധാന കാർഷിക വിളയായ കപ്പയുടെ വില ഇടിഞ്ഞത് കർഷകരെ പ്രതിസന്ധിയിലാക്കി. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്ന് ദിവസങ്ങൾ കഴിയുമ്പോഴും കപ്പ വിലയിൽ വർധന വന്നിട്ടില്ല. ആറുരൂപക്കാണ് വ്യാഴാഴ്ച കപ്പ വിറ്റുപോയത്.
ഇത് കർഷകർക്ക് വൻ നഷ്ടമാണ്. വളത്തിെൻറ വിലയും കൂലിച്ചെലവും വർധിച്ച സാഹചര്യത്തിൽ ഒരു കിലോക്ക് 10 രൂപെയങ്കിലും ലഭിച്ചാലേ മുതലാകുകയുള്ളൂവെന്ന് കർഷകർ പറഞ്ഞു. ലോണെടുത്തും കടം വാങ്ങിയും വലിയ പ്രതീക്ഷയോടെ എക്കറുകണക്കിനു തോട്ടത്തിൽ കപ്പ കൃഷിയിറക്കിയവരാണ് ദുരിതത്തിലായിരിക്കുന്നത്. പറമ്പിൽ നശിക്കുന്നതിനെക്കാൾ ഭേദം കിട്ടുന്ന കാശിന് വിറ്റൊഴിയുകയാണ് കർഷകർ.
ചെലവ് പൈസപോലും കിട്ടാതായതോടെ എക്കറുകണക്കിന് കൃഷി നശിപ്പിച്ചവരും ഇവിടെയുണ്ട്. കോവിഡിന് മുമ്പ് ഒരു കിലോക്ക് 25 മുതൽ 30 രൂപവരെയായിരുന്നു. അതാണ് ആറുരൂപ വരെയായി കുറഞ്ഞത്. വില കുറഞ്ഞിട്ടും വാങ്ങാനാളില്ലാത്തത് കർഷകർക്ക് ഇരുട്ടടിയായിട്ടുണ്ട്.
രണ്ട് ടൺ കപ്പ വിറ്റുപോയിരുന്ന ചെറുകിട വ്യാപാരികൾക്ക് 500 കിലോപോലും വിൽപന നടത്താൻ കഴിയുന്നില്ല. ചിപ്സിനായി ബേക്കറി നടത്തിപ്പുകാരും കപ്പ എടുക്കുന്നത് കുറഞ്ഞു. മൂവാറ്റുപുഴ മേഖലയിൽ ഏറ്റവും കൂടുതൽ കപ്പ കൃഷി വാളകം പഞ്ചായത്തിലാണ്.
നൂറുകണക്കിന് ഏക്കർ സ്ഥലത്താണ് ഇവിടെ കപ്പ കൃഷി ഇറക്കിയിരിക്കുന്നത്. പായിപ്ര, ആയവന, ആവോലി, മഞ്ഞള്ളൂർ, കല്ലൂർക്കാട്, മാറാടി, ആരക്കുഴ തുടങ്ങിയ പഞ്ചായത്തുകളിലും കപ്പ കൃഷിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.