അഴീക്കോടിന്റെ പ്രശംസ നേടിയ ടി.എച്ച്. മുസ്തഫ
text_fieldsമൂവാറ്റുപുഴ: മുഖ്യമന്ത്രി കെ. കരുണാകരനെയും മന്ത്രിമാരെയും നിർത്തിപ്പൊരിച്ചു കൊണ്ടുള്ള സുകുമാർ അഴീക്കോടിന്റെ പ്രഭാഷണങ്ങൾ നടക്കുന്ന 1991കാലം. എന്നാൽ, സർക്കാർ മാവേലി സ്റ്റോറുകൾ തുടങ്ങിയ അക്കാലത്ത് മൂവാറ്റുപുഴയിൽ നടന്ന ഓണാഘോഷ പരിപാടിയിലെ മുഖ്യാതിഥിയായി എത്തിയ അഴീക്കോട്, പരിപാടിയുടെ ഉദ്ഘാടകനായി ചടങ്ങിൽ ഉണ്ടായിരുന്ന അന്നത്തെ സിവിൽ സപ്ലെസ് മന്ത്രി ടി.എച്ച്. മുസ്തഫയെ മുക്തകണ്ഠം പ്രശംസിക്കുകയാണ് ചെയ്തത്.
സക്ഷാൽ മഹാബലി പോലും സമത്വത്തിന്റെ കടയായ മാവോലി സ്റ്റോറിന്റെ ക്യൂവിൽ എത്താൻ ഇടയുണ്ടെന്നും അതിനു കാരണക്കാരനായത് തന്റെ ആന്മസുഹൃത്തായ ടി.എച്ച്. മുസ്തഫയാെണന്നുമാണ് മന്ത്രിയെ വേദിയിലിരുത്തി അഴീക്കോട് പറഞ്ഞത്.
പ്രഭാഷണം കേട്ട് മന്ത്രി പോലും വിസ്മയിച്ചുവെന്ന് എഴുത്തുകാരൻ പായിപ്ര രാധാകൃഷ്ണൻ ഓർക്കുന്നു. ഓണാഘോഷ പരിപാടി ഉദ്ഘാടകനായ മന്ത്രി എത്തി കുറച്ചു കഴിഞ്ഞാണ് സുകുമാർ അഴീക്കോട് എത്തിയത്. വേദിയിലുണ്ടായിരുന്ന മന്ത്രി വേദിയിൽ നിന്നിറങ്ങി താഴെ എത്തി സുകുമാർ അഴിക്കോടിനെ കൈ പിടിച്ച് സ്റ്റേജിൽ എത്തിക്കുകയായിരുന്നു.
പായിപ്ര രാധാകൃഷ്ണന് പുറമെ ജോണി നെല്ലൂർ എം.എൽ.എ, സബ് കലക്ടറായിരുന്ന ടി.കെ. ജോസ്, എം.പി. മത്തായി തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. ഈ ഓണാഘോഷ പരിപാടിയുടെ ബാക്കി വന്ന തുക കൊണ്ടാണ് മൂവാറ്റുപുഴ ഗവ. അയുർവേദ ആശുപത്രിക്ക് ബിൽഡിങ് പണിതത്.
പെരുമ്പാവൂര്‍ ടൗണ്‍ ജുമാ മസ്ജിദിന്റെ അമരക്കാരന്
പെരുമ്പാവൂര്‍: അഞ്ച് പതിറ്റാണ്ടിലധികം പെരുമ്പാവൂര്‍ ടൗണ്‍ മസ്ജിദിന്റെ പ്രസിഡൻറായിരുന്നു ടി.എച്ച്. മുസ്തഫ. 52 വര്‍ഷങ്ങള്‍ക്ക് മുമ്പ് അക്കാലത്തെ പ്രമുഖനായിരുന്ന മജീദ് മരക്കാറിന് ശേഷം പള്ളിയുടെ പ്രസിഡന്റായ മുസ്തഫയിലൂടെയാണ് നഗരത്തിന്റെ മധ്യഭാഗത്ത് അംബരചുംബികളായ മിനാരങ്ങള്‍ ഉയര്‍ന്നത്.
ചെറിയ നമസ്കാര പള്ളിയുടെ സ്ഥാനത്ത് ഒരേസമയം ഏകദേശം മൂവായിരത്തിലധികം ആളുകള്‍ക്ക് പ്രാര്‍ഥന നടത്താവുന്ന തരത്തില്‍ സൗകര്യപ്പെടുത്തിയ മസ്ജിദില്‍ മന്ത്രിയായിരുന്നപ്പോഴും രോഗശയ്യലാകുന്നതിന് തൊട്ടുമുമ്പും വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തിന് മുസ്തഫ എത്തുമായിരുന്നു.
ചെന്നൈയിൽനിന്ന് പോലും വിദഗ്ധരെ എത്തിച്ചാണ് പള്ളിയുടെ പണികള്‍ നടത്തിയത്. എത്ര ആള്കൂട്ടമുണ്ടായാലും അംഗശുദ്ധി വരുത്താന്‍ ശുദ്ധജലം ഉള്‍പ്പെടെയുള്ള സൗകര്യമൊരുക്കിയതും റമദാനിലെ നോമ്പുതുറക്ക് ഭക്ഷണം കരുതുന്നതും അദ്ദേഹത്തിന്റെ ഇടപെടലാണ്.
നഗരത്തിലെ കച്ചവടക്കാരെ കൂടെ നിര്‍ത്തി മസ്ജിദിന്റെ പരിപാലനവും ആവശ്യമായ ഘട്ടത്തില്‍ നിര്‍മാണവും നടത്താന്‍ അദ്ദേഹത്തിനായി.
രാഷ്ട്രീയത്തിലെന്നപോലെ ടി.എച്ചിന്റെ ആത്മീയ പ്രവൃത്തികളും മറ്റുള്ളവരിൽ മതിപ്പുണ്ടാക്കുന്നതായിരുന്നു.
മുസ്തഫക്കുവേണ്ടി ചുവരെഴുതാൻ നടന്നിട്ടുണ്ട് -ജയറാം
കൊച്ചി: കഴിഞ്ഞ 50 വർഷത്തിലധികമായി സ്വന്തം നാടായ പെരുമ്പാവൂരിൽ താൻ കാണുന്ന മഹാരഥന്മാരാണ് ടി.എച്ച്. മുസ്തഫയും പി.പി. തങ്കച്ചനുമെന്ന് നടൻ ജയറാം.
അവരുടെ വളർച്ച കണ്ട് വളർന്നയാളാണ് താൻ. രാഷ്ട്രീയത്തിലെ വടവൃക്ഷങ്ങളായ ഇവർക്കുവേണ്ടി എത്രയോ രാത്രികളിൽ ചുവരെഴുതാനും കൊടിപിടിക്കാനുമൊക്കെ നടന്നിട്ടുണ്ട്. താൻ രാഷ്ട്രീയമല്ല പറയുന്നത്. അവരോടുള്ള സ്നേഹം തങ്ങൾ പെരുമ്പാവൂരുകാർക്ക് അത്രത്തോളമുണ്ട്.
ഇതിൽ രാഷ്ട്രീയമൊന്നുമില്ല. ഒരുമാസം മുമ്പ് ടി.എച്ച്. മുസ്തഫയെ കാണണമെന്ന് തോന്നിയപ്പോൾ മകൻ സക്കീറിനെ വിളിച്ച് പറഞ്ഞു.
വീട്ടിലെത്തി ഒരുമണിക്കൂറോളം സംസാരിച്ചു. ചാലക്കലെ ടി.എച്ച്. മുസ്തഫയുടെ വസതിയിൽ അന്തിമോപചാരം അർപ്പിക്കാനെത്തിയതായിരുന്നു ജയറാം.
അനുശോചന പ്രവാഹം
പെരുമ്പാവൂര്‍: കുന്നത്തുനാട് താലുക്ക് മഹല്ല് ജമാഅത്ത് കൗണ്‍സില്‍ രക്ഷാധികാരിയും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന ടി.എച്ച്. മുസ്തഫയുടെ നിര്യാണത്തില്‍ ജമാഅത്ത് കൗണ്‍സില്‍ കുന്നത്തുനാട് താലൂക്ക് കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് വി.എം. അലിയാര് ഹാജി, ജനറല്‍ സെക്രട്ടറി മുട്ടം അബ്ദുല്ല, വര്‍ക്കിങ് പ്രസിഡന്റ് സി.വൈ. മീരാന്‍ ഹാജി, ട്രഷറര്‍ അഡ്വ. സി.കെ. സെയ്ത്മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.
ടി.എച്ച്. മുസ്തഫയുടെ നിര്യാണത്തില്‍ നവജനശക്തി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി അനുശോചിച്ചു. പെരുമ്പാവൂര്‍ േഫ്ലാറ റെസിഡന്‍സി ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഫാദര്‍ ജോര്‍ജ് മാത്യു, മണ്ഡലം പ്രസിഡന്റ് പി.കെ. ബാവകുഞ്ഞ് ദേശീയ കമ്മിറ്റി അംഗം എന്‍. ഗോപാലകൃഷ്ണന്, ടി.എം. മുഹമ്മദ് മണിയേലി, ടി.എം. മണി, എം.ജെ. ജോര്‍ജ് പുല്ലുവഴി, അശോകന് പോഞ്ഞാശേരി, എന്‍.പി. പൗലോസ് കുവപ്പടി, സി.കെ. സജീവന്, അലി പാറപ്പുറം, ജോബി കോടനാട്, സേഫി വര്‍ഗീസ് കാലടി, എം.കെ. അയ്യപ്പന് പോഞ്ഞാശേരി, ജാനകി കുമാരന് തുടങ്ങിയവര്‍ സംസാരിച്ചു.
മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫയുടെ നിര്യാണത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി അനുശോചന യോഗം ചേർന്നു. മണ്ഡലം സെക്രട്ടറി പി.എച്ച്. നിസാര്‍ അധ്യക്ഷത വഹിച്ചു. ജില്ല കമ്മറ്റി അംഗം പി.എ. സിദ്ദീഖ്, മണ്ഡലം ട്രഷറര്‍ എം.എം. റഫീഖ്, മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് ടി.എം. മുഹമ്മദ്കുഞ്ഞ്, വെങ്ങോല പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.ഇ. ഷമീര്‍, എസ്. പരീത്, ബാബു രായിക്കല് എന്നിവര്‍ സംസാരിച്ചു
മുന്‍മന്ത്രി ടി.എച്ച്. മുസ്തഫയുടെ നിര്യാണത്തില്‍ റിട്ട. അറബിക് ടീച്ചേഴ്സ് അസോസിയേഷന് ജില്ല കണ്‍വീനര്‍ കെ.എം. അബ്ദുല്‍ മാലിക് മുടിക്കല്‍ അനുശോചിച്ചു.
മനസ്സിലെ മുറിവായി ആ പരാജയം
ആലുവ: ടി.എച്ച്. മുസ്തഫയെന്ന കോൺഗ്രസിലെ കരുത്തുറ്റ നേതാവിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന തെരഞ്ഞെടുപ്പായിരുന്നു 1980 ലേത്. സിറ്റിങ് എം.എൽ.എ ആയിരിക്കെ സ്വന്തം തട്ടകമായിരുന്ന ആലുവയിലുണ്ടായ പരാജയം അദ്ദേഹത്തിന് ഒരിക്കലും മറക്കാൻ കഴിയുമായിരുന്നില്ല.
സുഹൃത്തായിരുന്ന കെ. മുഹമ്മദാലിയാണ് അദ്ദേഹത്തിനെതിരെ വിജയിച്ചത്. 1978 ലെ കോൺഗ്രസ് പിളർപ്പിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് ഇടതുപക്ഷത്തോടൊപ്പം ചേർന്ന ആന്റണിയുടെ കൂടെയായിരുന്നു കെ. മുഹമ്മദാലി. മുസ്തഫ കെ. കരുണാകരനൊപ്പം ഉറച്ചുനിന്നു. 1977 ൽ നടന്ന തെരഞ്ഞെടുപ്പിൽ ആലുവയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത് മുസ്തഫയായിരുന്നു.
അന്ന് മുസ്തഫയുടെ വിജയം ഉറപ്പിക്കാൻ രാപകൽ ഓടി നടന്നയാളായിരുന്നു കെ. മുഹമ്മദാലി. പാർട്ടി പിളർപ്പിനെ തുടർന്നുള്ള വേർപിരിയൽ തന്നെ ഇരുവർക്കും വേദനാജനകമായിരുന്നു. ഇതിനിടയിലാണ് 1980 ൽ സിറ്റിങ് എം.എൽ.എയായ മുസ്തഫയെ നേരിടാൻ കെ. മുഹമ്മദാലിക്ക് നറുക്ക് വീണത്. എ.കെ. ആന്റണിയുടെ നിർദേശത്തെ തുടർന്നായിരുന്നു അത്. കെ.എം. മാണിയും അന്ന് ആന്റണിക്കും ഇടതുപക്ഷത്തിനുമൊപ്പമായിരുന്നു.
കരുണാകരന്റെ ഐ കോൺഗ്രസിനൊപ്പം ലീഗും കേരള കോൺഗ്രസിലെ ജോസഫ് വിഭാഗമടക്കമുള്ളവരും. മത്സരം സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. വലിയ ഭൂരിപക്ഷത്തിലാണ് കെ. മുഹമ്മദാലി വിജയിച്ചത്. അന്ന് ആലുവയിൽ ഇടതുപക്ഷത്തിന് ഇന്നേത്തേതിനെക്കാൾ കരുത്തുണ്ടായിരുന്നു. അതിനാൽ തന്നെ അവർ മുഹമ്മദാലിക്ക് വേണ്ടി വാശിയോടെ പണിയെടുത്തു. ഇ.എം.എസ് അടക്കമുള്ള പ്രമുഖ ഇടത് നേതാക്കൾ പ്രചാരണത്തിനായെത്തിയിരുന്നു.
നഷ്ടമായത് കുന്നത്തുനാടിന്റെ വികസന ശിൽപിയെ
കൊച്ചി: ടി.എച്ച്. മുസ്തഫയുടെ വിയോഗത്തോടെ നഷ്ടമായത് കുന്നത്തുനാടിന്റെ വികസന ശിൽപിയെയാണ്. അവികസിത കാർഷിക മേഖലയായിരുന്ന കുന്നത്തുനാടിനെ ഇന്ന് കാണുന്ന രീതിയിൽ കാർഷിക -വ്യാവസായിക സംഗമ ഭൂമിയായി മാറ്റിയതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്.
രണ്ട് ഘട്ടങ്ങളിലായി 19 വർഷമാണ് അദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചത്. മണ്ഡലത്തിൽ ഇന്ന് കാണുന്ന മുഴുവൻ വികസന പദ്ധതികളിലും അദേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. 1982 ൽ സി.പി.എമ്മിലെ അതികായനായിരുന്ന പി.പി. എസ്തോസിനെ മലർത്തിയടിച്ചാണ് ടി.എച്ച് ജൈത്രയാത്ര ആരംഭിച്ചത്. തുടർന്ന് 87 ൽ സി.പി.എം സൈദ്ധാന്തികനായിരുന്ന വി.ബി. ചെറിയാനെ പരാജയപ്പെടുത്തി.
രാജീവ് ഗാന്ധിയുടെ മരണത്തെ തുടർന്ന് വന്ന 1991 ലെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ റുഖിയ ബീവി അലിയെയാണ് തോൽപിച്ചത്. എന്നാൽ, 1996ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് കാലിടറി. പുതുമുഖമായിരുന്ന സി.പി.എമ്മിലെ എം.പി. വർഗീസ് 63 വോട്ടുകൾക്കാണ് അന്ന് മുസ്തഫയെ അട്ടിമറിച്ചത്.
എന്നാൽ, 2001ൽ അതേ എം.പി. വർഗീസിനെ 23000 ൽ പരം വോട്ടുകൾക്ക് അട്ടിമറിച്ച് മുസ്തഫ റെക്കോർഡ് വിജയത്തിലൂടെ മധുര പ്രതികാരം ചെയ്തു. ജനപ്രതിനിധിയെന്ന നിലയിലും മന്ത്രിയെന്ന നിലയിലും നിരവധി വികസന ക്ഷേമ പദ്ധതികളാണ് മണ്ഡലത്തിൽ യാഥാർഥ്യമാക്കിയത്.
റോഡുകൾ, കനാലുകൾ, കുടിവെള്ള പദ്ധതികൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പട്ടിക തന്നെ അക്കൂട്ടത്തിലുണ്ട്. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരിക്കെയാണ് കുന്നത്തുനാട്ടിലെ മുഴുവൻ പഞ്ചായത്തുകളിലും മാവേലി സ്റ്റോറുകൾ ആരംഭിച്ചത്.
മണ്ഡലത്തിലെ സർക്കാർ ആശുപത്രികളിൽ കിടത്തി ചികിത്സ ആരംഭിച്ചതും ഐരാപുരം, തിരുവാണിയൂർ പഞ്ചായത്തുകളിൽ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ആരംഭിച്ചതും എല്ലാ പഞ്ചായത്തുകളിലും ആയുർവേദ, ഹോമിയോ ഡിസ്പെൻസറികളാരംഭിച്ചതും അദ്ദേഹത്തിന്റെ മുൻകൈയിലാണ്.
പട്ടിമറ്റം, തടിയിട്ടപറമ്പ്, അമ്പലമേട് പൊലീസ് സ്റ്റേഷനുകൾ, പുത്തൻകുരിശ് സർക്കിൾ ഇൻസ്പെക്ടർ ഓഫിസ്, ചൂണ്ടി, പെയ്യക്കുന്നം കുടിവെളള പദ്ധതികൾ, പട്ടിമറ്റം കവല വികസനം, ഐരാപുരം റബർ പാർക്ക്, വിവിധ വില്ലേജ് ഓഫിസുകൾ, കൃഷി ഭവനുകൾ അടക്കം നിരവധി പദ്ധതികളുടെ വരവിന് പിന്നിൽ അദ്ദേഹത്തിന്റെ മിടുക്കുണ്ട്. കോൺഗ്രസിലെ അവസാന വാക്കായിരുന്ന ലീഡർ കെ.കരുണാകരന്റെ വിശ്വസ്തനെന്ന നിലയിലുളള സ്വാധീനം മണ്ഡലത്തിന്റെ വികസനത്തിനായി അദ്ദേഹം നന്നായി ഉപയോഗപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.