ഉദ്യോഗസ്ഥരുടെ ശീതസമരം കുടിവെള്ളം മുട്ടിച്ചു
text_fieldsമൂവാറ്റുപുഴ: ഉദ്യോഗസ്ഥരുടെ ഈഗോ നഗരത്തിലെ കിഴക്കേക്കര മേഖലയിൽ കുടിവെള്ള വിതരണം അവതാളത്തിലായി. സമയബന്ധിതമായി തീർക്കേണ്ട ജോലികൾ തീർക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കാത്തതുമൂലം റോഡ് നിർമാണത്തിനും വിനയായി.
മൂവാറ്റുപുഴ-തേനി റോഡ് നിർമാണം നടക്കുന്ന കിഴക്കേക്കര, രണ്ടാർ മേഖലയിലാണ് കുടിവെള്ള വിതരണം താറുമാറായത്. കഴിഞ്ഞ രണ്ടാഴ്ചയായി മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തിയിട്ട്. റോഡ് വികസനം പുരോഗമിച്ചതോടെ റേഷൻകടപടി മുതൽ മണിയംകുളം കവല വരെയുള്ള 600 മീറ്റർ ദൂരത്തിൽ എട്ടിടത്താണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. ഇത് അറ്റകുറ്റപ്പണി നടത്തേണ്ട വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പരാതികൾ ഉയർന്നിട്ടും തിരിഞ്ഞുനോക്കുന്നില്ല. ഇതിനിടെ റോഡ് വീതി കൂട്ടിയതോടെ മണിയംകുളം കവലയിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമർ റോഡിലായി. ഇത് മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ടി.പി, കെ.എസ്.ഇ.ബിക്ക് കത്ത് നൽകിയെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല. ഇത് മാറ്റിയാലേ പൈപ്പുകൾ സ്ഥാപിക്കാനാകൂ. ജലവിതരണക്കുഴലുകൾ സ്ഥാപിച്ചാലേ റോഡ് നിർമാണം നടക്കുകയുള്ളൂ.
വിവിധ വകുപ്പുകൾ തമ്മിലെ ഏകോപനമില്ലായ്മയും ഉദ്യോഗസ്ഥർ തമ്മിലെ താൻപോരിമയും നിർമാണത്തിന് തടസ്സമാകുമെന്നും ഇത് കാലതാമസത്തിന് ഇടവരുത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചാലിക്കടവ് മുതൽ മണിയംകുളം കവലവരെയുള്ള ഭാഗത്ത് 65 സെന്റീമീറ്റർ ഉയരത്തിൽ കോൺക്രീറ്റ് റോഡാണ് നിർമിക്കുന്നത്. ഇതിൽ ചാലിക്കടവ് മുതൽ റേഷൻകടപടിവരെ നിർമാണം പൂർത്തിയാക്കി കഴിഞ്ഞയാഴ്ച തുറന്നു കൊടുത്തു. ബാക്കി ഭാഗം കൂടി അടിയന്തരമായി പണിതീർത്ത് തുറക്കേണ്ടതുണ്ട്. ചാലിക്കടവ് മുതൽ പെരുമാങ്കണ്ടം വരെയുള്ള മൂവാറ്റുപുഴ മണ്ഡലത്തിലെ ഭാഗത്ത് ഇനി നിർമാണം പൂർത്തിയാകാനുള്ളത് രണ്ടാർ മുതൽ റേഷൻകട പടിവരെയുള്ള രണ്ട് കിലോമീറ്റർ സ്ഥലത്തു മാത്രമാണ്. മേഖലയിലെ കുടിവെള്ള പ്രശ്നത്തിനു പരിഹാരം കാണണമെന്നും റോഡ് നിർമാണം തടസ്സം കൂടാതെ പെട്ടന്ന് പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.