ലക്ഷങ്ങൾ മുടക്കി മീഡിയനിൽ വച്ചു പിടിപ്പിച്ച പുല്ല് പശുക്കൾ തിന്നു തീർത്തു
text_fieldsമൂവാറ്റുപുഴ : നഗരസൗന്ദര്യവൽക്കരണം അവസാന ഘട്ടത്തിൽ എത്തി നിൽക്കെ മീഡിയ നുകളിൽ വച്ചു പിടിപ്പിച്ച പുല്ല് കന്നുകാലികൾ തിന്നു തീർത്തു. ലക്ഷങ്ങൾ ചെലവഴിച്ചു നടക്കുന്ന നഗര സൗന്ദര്യവൽക്കരണ പദ്ധതിക്ക് ഇക്കുറിയും കന്നുകാലികൾ ഭീഷണിയായി മാറുകയാണ്. പത്തു വർഷം മുമ്പ് യു.ആർ.ബാബുചെയർമാനായിരിക്കെ നഗരസൗന്ദര്യവൽക്കരണ പദ്ധതി നടപ്പാക്കിയപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. അന്ന് നഗരത്തിലെ മിക്ക മീഡിയനുകളും കന്നുകാലികളുടെ മേച്ചിൽ പുറമായിരുന്നു. ഒടുവിൽ പദ്ധതി തന്നെ ഉപേക്ഷിക്കുകയും ചെയ്തു. ഇത്തവണ മീഡിയനുകളിലെല്ലാം പുല്ലു വച്ചു പിടിപ്പിക്കുന്ന ജോലി അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് ചാലിക്കടവ് /പാലത്തിനു സമീപമുള്ള മീഡിയനിലെ പുൽത്തകിടി കന്നുകാലികൾ തിന്നു തീർത്തത്.
പുല്ല് തിന്നു തീർത്തതിനു പുറമേ ഇവിടെയാകെ കുഴികൾ രൂപപ്പെടുകയും ചെയ്തു. ഗാർഡൻ സിറ്റി എന്ന പേരിൽ ഓണത്തിനു തൊട്ടുമുൻപാണ് 'ട്രീ' എന്ന സംഘടന നഗരത്തിലെ മീഡിയനുകളുടെ അറ്റകുറ്റപ്പണികൾ നടത്തി പുൽത്തകിടികൾ വിരിച്ച് പാം മരങ്ങളും പൂച്ചെടികളും നട്ടുപിടിപ്പിച്ച് മനോഹരമാക്കിയത്. എന്നാൽ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഇത് കന്നുകാലികൾ തിന്നു നശിപ്പിച്ചത് പദ്ധതിയുടെ മുന്നോട്ടുള്ള നടത്തിപ്പിനു തന്നെ വിനയായി. വിലകൂടിയ മെക്സിക്കൻ ഗ്രാസ് ആണ് മീഡിയനിൽ വച്ചുപിടിപ്പിച്ചിരിക്കുന്നത്. 5 വർഷത്തേക്ക് ചെടികളുടെയും പുൽത്തകിടികളുടെയും പരിചരണം ഉൾപ്പെടെയാണ് സംഘടന ഏറ്റെടുത്തു നടപ്പാക്കുന്നത്. എന്നാൽ പദ്ധതി സംരക്ഷിക്കുന്നതിന് ആവശ്യമായ ഒരു നടപടിയും നഗരസഭയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നു ജനങ്ങളിൽ നിന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
നേരത്തെ നഗരത്തിൽ അലയുന്ന കാലികളെ നഗരസഭ പിടികൂടിയിരുന്നു. ഉടമകളിൽ നിന്നും പിഴ ഈടാക്കിയേ ശേഷമെ വിട്ടയച്ചിരുന്നുള്ളു. എന്നാൽ പിന്നീട് നഗരത്തിൽ അലയുന്ന കാലികളെ പിടികൂടുന്ന പരിപാടി തന്നെ നഗരസഭ നിറുത്തി. ഇതോടെ നഗരത്തിൽ കാലികളുടെ ശല്യം രൂക്ഷമാകുകയായിരുന്നു. ഇതിനിടെകന്നുകാലികളെ റോഡിലേക്ക് അഴിച്ചു വിട്ടയാളെ കണ്ടെത്തിയിട്ടുണ്ടെന്നും ഇയാൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും നഗരസഭ ചെയർമാൻ പി.പി.എൽദോസ് പറഞ്ഞു. നഗരത്തിലേക്ക് അഴിച്ചു വിടുന്ന കന്നുകാലികൾ മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ഉടമകളിൽ നിന്നു തന്നെ ഈടാക്കാനുള്ള നടപടി ഉണ്ടാകുമെന്നു ചെയർമാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.