തെരഞ്ഞെടുപ്പ് എത്തി; രാഷ്ട്രീയ ചർച്ചകൾ സജീവം
text_fieldsമൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് കാലമെത്തിയതോടെ ഗ്രാമീണ ചായക്കടകളിലെ ചർച്ചകളും കളം മാറി. പാർലമെൻറ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിട്ടില്ലെങ്കിലും മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെയാണ് ചർച്ചകൾ തെരഞ്ഞെടുപ്പിലേക്ക് ഗതിമാറിയത്.
തെരഞ്ഞെടുപ്പ് കാലമെത്തിയാൽ ചായക്കടകളിലെ ചർച്ചകൾക്ക് പ്രത്യേക ഉണർവാണ്. സാധാരണ നടക്കാറുള്ള രാഷ്ട്രീയ ചർച്ച പോലെയല്ല. ഇതിനിത്തിരി വീറും വാശിയും കൂടും. ന്യൂ ജെൻ തെരഞ്ഞെടുപ്പു കാലത്തും ഇതിനൊരു മാറ്റവുമില്ല. ചെറുപ്പക്കാർ മുതൽ വയോധികർ വരെ പുലർച്ചെ എത്തും ചായ കുടിക്കാനെന്ന പേരിൽ ചർച്ച കേൾക്കാനും രാഷ്ട്രീയം പറയാനും.
രാഷ്ട്രീയം പറയാൻ കിലോമീറ്ററുകൾ താണ്ടി എന്നും ചായ കുടിക്കാനെത്തുന്നവരുമുണ്ട്. ഗ്രാമ പ്രദേശങ്ങളിലെ ചായക്കടകൾ രാവിലെ അഞ്ചിന് തന്നെ തുറക്കും.
വെള്ളം തിളക്കുമ്പോഴേക്കും ആളുകൾ എത്തി തുടങ്ങും. രണ്ടാൾ എത്തിയാൽ ചർച്ച തുടങ്ങും. ഇതോടെ പത്രങ്ങൾ എത്തും, പിറകെ ചായയും. അവശ്യസാധനങ്ങളുടെ വിലവർധന വരെ ചർച്ചയിൽ എത്തുമെങ്കിലും തെരഞ്ഞെടുപ്പ് കാലത്തെ പ്രധാന വിഷയം രാഷ്ട്രീയമാണ്. മത്സരം മുതൽ സ്ഥാനാർഥികൾ വരെ ചർച്ചയാകും.
ഇവർ ഒരോരുത്തരും യു.ഡി.എഫ്, എൽ.ഡി.എഫ് കക്ഷികളായി മാറും. മണിക്കുറുകൾ നീളുന്ന ചർച്ചക്കിടെ ചിലർ രണ്ടു മുതൽ മൂന്ന് ചായവരെ കുടിക്കും. അങ്ങനെ എട്ട് മണിയാകുന്നതോടെ ഓരോരുത്തരായി പിരിയാൻ തുടങ്ങും; നാളെ വീണ്ടും എത്താനും ചർച്ചകൾക്കുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.