പനിയിൽ വിറച്ച് മലയോരം; ഡെങ്കിപ്പനി പടരുന്നു
text_fieldsമൂവാറ്റുപുഴ: ജില്ലയുടെ കിഴക്കൻ മേഖലയിൽ ഡെങ്കിപ്പനി പടരുന്നു. ജനറൽ ആശുപത്രിക്ക് പുറമെ സ്വകാര്യ ആശുപത്രികളിലും പനിബാധിതർ നിറഞ്ഞു. ജനറൽ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിതർക്കായി മാത്രം വാർഡ് തുറക്കുകയും ചെയ്തു. നാലു ദിവസമായി ദിനേന 40 മുതൽ 60 വരെ പേരാണ് പനി ബാധിച്ച് ജനറൽ ആശുപത്രിയിൽ എത്തുന്നത്. പരിശോധനയിൽ മിക്കവർക്കും ഡെങ്കിയാണെന്ന് കണ്ടെത്തുന്നുണ്ട്. ജനറൽ ആശുപത്രിയിൽ മാത്രം ശനിയാഴ്ച 50 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സക്ക് എത്തിയത്. നിലവിൽ 10 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ആയവന, കല്ലൂർക്കാട്, കടവൂർ, പോത്താനിക്കാട്, മഞ്ഞള്ളൂർ ആവോലി, പായിപ്ര തുടങ്ങിയ പഞ്ചായത്തുകളിൽനിന്നാണ് കൂടുതൽ പേർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിലും ഇരുനൂറോളം പേർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. പായിപ്രയിൽ നാൽപതോളം പേർക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂർ, മഞ്ഞള്ളൂർ ആവോലി, ആരക്കുഴ, കല്ലൂർക്കാട്, മാറാടി എന്നിവിടങ്ങളിലും രോഗം വലിയ തോതിൽ വ്യാപിച്ചിട്ടുണ്ട്. മാറാടിയിൽ ഒരാഴ്ച മുമ്പ് ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചിരുന്നു.
രോഗം അതിവേഗം വ്യാപിക്കുമ്പോഴും ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ പേരിനു പോലും നടക്കുന്നില്ലെന്നാണ് പരാതി. കൊതുക് നശീകരണത്തിനുള്ള നടപടികളും സ്വീകരിക്കുന്നില്ല. കൂടുതൽ പേരിൽ പനി കണ്ടെത്തിയതോടെ പൊതു പ്രവർത്തകരടക്കം പരാതി ഉന്നയിച്ചെങ്കിലും ജീവനക്കാരില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ശക്തമായ വിറയലോടു കൂടിയ പനി, നടുവേദന, ശരീരവേദന, ക്ഷീണം തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.