12.70 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കുളം ഉദ്ഘാടനത്തിനുമുമ്പേ 'കുള'മായി
text_fieldsമൂവാറ്റുപുഴ: ശുദ്ധജല പദ്ധതിക്കായി ലക്ഷങ്ങൾ മുടക്കി നിർമിച്ച കുളത്തിന്റെ സംരക്ഷണഭിത്തി ഉദ്ഘാടനത്തിനുമുമ്പെ തകർന്നു. മോട്ടോർ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ ഭിത്തി തകരുകയായിരുന്നു. പായിപ്ര പഞ്ചായത്ത് പതിനാലാം വാർഡിൽ കുറ്റിക്കൽ ശുദ്ധജല പദ്ധതിക്കായി 12.70 ലക്ഷം ചെലവഴിച്ച് നിർമിച്ച കുളമാണ് നിർമാണത്തിലെ അപാകത മൂലം തകർന്നത്. അടുത്തയാഴ്ച ഉദ്ഘാടനം നിശ്ചയിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കുളം ഇടിഞ്ഞത്.
എൽദോ എബ്രഹാം എം.എൽ.എ ആയിരുന്നപ്പോഴാണ് ഇതിന് പണം അനുവദിച്ചത്. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസീസ് പാണ്ട്യാരപ്പിള്ളി സൗജന്യമായി വിട്ടുനൽകിയ ഭൂമിയിൽ നാല് വർഷം മുമ്പാണ് നിർമാണം ആരംഭിച്ചത്.
കഴിഞ്ഞദിവസം കുളം വൃത്തിയാക്കുന്നതിനിടെയാണ് പാർശ്വഭിത്തികൾ ഇടിഞ്ഞുവീണത്. ആവശ്യമായ അളവിൽ കമ്പിയും സിമന്റും ഉപയോഗിക്കാതെയായിരുന്നു നിർമാണമെന്ന് നാട്ടുകാർ ആരോപിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ടന്ന ക്രമക്കേടാണ് തകരാൻ കാരണമായതെന്ന ആരോപണമാണ് ഉയരുന്നത്.
രൂക്ഷമായ ശുദ്ധജലക്ഷാമം അനുഭവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകുമായിരുന്ന പദ്ധതിയാണ് ഇല്ലാതായതെന്നും വിജിലൻസ് അന്വേഷണം വേണമെന്നും സി.പി.എം ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.